
തൃശൂർ: തെരുവുനായ്ക്കളെ കല്ലെറിഞ്ഞോടിച്ച മനുഷ്യരെ തിരുത്തുകയാണ് 'അടാട്ട്" പഞ്ചായത്തിലെ കാവൽക്കൂട്ടായ്മ. ജൂൺ ഒന്നിന് ആരംഭിച്ച കൂട്ടായ്മ മൂന്നുമാസം പിന്നിടുമ്പോൾ, 62ഓളം തെരുവുനായ കുഞ്ഞുങ്ങളെയാണ് ദത്തുനൽകിയത്.
ആദ്യഘട്ടത്തിൽ സംരക്ഷണം നൽകേണ്ട 125 നായകളുടെ സ്റ്റെറിലൈസേഷൻ നടത്തണം. പിന്നീട് നവംബർ, ഡിസംബർ മാസങ്ങളിൽ ജനിക്കുന്ന പുതിയ കുഞ്ഞുങ്ങളെകൂടി സംരക്ഷണത്തിലെടുക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ അനിൽ അക്കര പറഞ്ഞു. അനിലിന്റെ നേതൃത്വത്തിലാണ് കാവൽക്കൂട്ടായ്മ പ്രവർത്തനമാരംഭിച്ചത്. ആദ്യ രണ്ടുഘട്ടങ്ങൾ കഴിഞ്ഞതോടെ തെരുവുനായകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇപ്പോൾ മൂന്ന് മാസത്തിനിടെ 90ഓളം നായകളെ സംരക്ഷണത്തിനെടുത്തു.
പ്രസവകാലത്ത്
അമ്മനായ്ക്കൾക്കൊപ്പം
പ്രസവകാലത്ത് അമ്മനായ്ക്കൾക്കൊപ്പം നായ്ക്കുഞ്ഞുങ്ങളെ ഡോഗ് ഷെൽട്ടറിലേക്ക് മാറ്റും. പിന്നീട് ആവശ്യക്കാർക്ക് സൗജന്യമായി ദത്തെടുക്കാം. അമ്മനായ്ക്കൾക്കും കമ്മ്യൂണിറ്റി നായ്ക്കൾക്കും എ.ബി.സി പദ്ധതിയിലൂടെ വന്ധ്യംകരണവും വാക്‌സിനേഷനും ചിപ്പ് പതിപ്പിക്കലും ഉറപ്പാക്കും.
വേടന് സ്വന്തം
'ജാനു"
പുഴയ്ക്കൽ റിവർ ടൂറിസം വില്ലേജിലുള്ള കാവൽക്കൂട്ടായ്മയുടെ ഡോഗ് ഷെൽട്ടർ സന്ദർശിക്കാനെത്തിയ റാപ്പർ വേടൻ ഒരു പെൺനായക്കുട്ടിയെ സ്വന്തമാക്കി. അഡ്വ. പ്രമോദ് നിർദ്ദേശിച്ച 'ജാനു' എന്ന പേരിലുള്ള നായക്കുട്ടി സന്തോഷവതിയായി വീട്ടിൽ കഴിയുന്നുവെന്ന് വേടൻ പറയുന്നു.
തെരുവുനായകളെ ഇല്ലാതാക്കാനുള്ള പദ്ധതിയല്ലയിത്. പ്രജനന നിയന്ത്രണം,ദത്തെടുക്കൽ,പരിപാലനം എന്നിവയിലൂടെ തെരുവുനായ്ശല്യത്തിന് ശാസ്ത്രീയവും മാനുഷികവും ദീർഘകാലം നിലനിൽക്കുന്നതുമായ പരിഹാരമാണിത്.
-അനിൽ അക്കര
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |