SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.04 AM IST

എക്സൈസിൽ ശുദ്ധികലശം വിജിലൻസ് വിഭാഗം ശക്തമാക്കുന്നു

a

തിരുവനന്തപുരം: അഴിമതിക്കാരെന്ന് സംശയമുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും നിരീക്ഷിക്കാനും അന്വേഷണം കടുപ്പിക്കാനും എക്സൈസ് വകുപ്പ് സജ്ജമാകുന്നു. എക്സൈസിൽ ശുദ്ധികലശം അനിവാര്യമെന്ന നിലപാടിലാണ് മന്ത്രി എം.ലിജു. അതിന്റെ ഭാഗമായി ആഭ്യന്തര വിജിലൻസ് സംവിധാനം ശക്തിപ്പെടുത്താൻ നടപടി തുടങ്ങി. മുകൾ തട്ടിലുണ്ടായിരുന്ന ചില ഉദ്യോഗസ്ഥരിലേക്കും അന്വേഷണം നീളും.

കഴിഞ്ഞ ദിവസം കോട്ടയത്ത് ഡെപ്യൂട്ടി കമ്മിഷണർ ഉൾപ്പെടെ ഏഴു പേർ സസ്പെൻഷനിലായ സംഭവത്തിൽ എക്സൈസ് കമ്മിഷണറുടെ അന്വേഷണം സംബന്ധിച്ച ചില വിവരങ്ങൾ ചോർന്നതായും സൂചനയുണ്ട്. മന്ത്രിക്ക് നേരിട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കമ്മിഷണർ തന്നെ പരിശോധനയ്ക്ക് ഇറങ്ങിയത്. സസ്പെൻഷനിലായ മുൻ ആലപ്പുഴ ഡെപ്യൂട്ടി കമ്മിഷണർ അശോക് കുമാർ അന്വേഷിച്ച കേസുകളിൽ പുനഃപരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

നടൻമാരായ ഷൈൻ ടോം ചക്കോ, ശ്രീനാഥ് ഭാസി എന്നിവർ പ്രതികളായ ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്, സി.പി.എം നേതാവ് യു.പ്രതിഭയുടെ മകൻ ഉൾപ്പെട്ട കഞ്ചാവ് കേസ് എന്നിവയിലുൾപ്പെടെയാണ് അട്ടിമറി സംശയത്തിൽ ഫയലുകൾ പുനഃപരിശോധിക്കാൻ തീരുമാനിച്ചിട്ടുള്ളത്. പ്രതിഭയുടെ മകൻ കനിവ് ഉൾപ്പെടെ ഏഴുപേരെ കഞ്ചാവു കേസിലെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് ഒഴിവാക്കിയതെന്നാണ് അമ്പലപ്പുഴ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. കേസിൽ ഒൻപത് പേരാണുണ്ടായിരുന്നത്.

ഞെക്കിപ്പിഴിയാൻ 3 ഘട്ടങ്ങൾ, മുതലെടുപ്പിന് 4 തട്ട്

എല്ലാ ഉദ്യോഗസ്ഥരും അഴിമതിക്കാരല്ലെങ്കിലും കാശിനോട് ആർത്തിയുള്ള എക്സൈസ് ഉദ്യോഗസ്ഥർക്ക് ബാറുടമകളെ ഞെക്കിപ്പിഴിയാൻ മൂന്നു ഘട്ടങ്ങളുണ്ട്. ഓണം, ക്രിസ്മസ്, ലൈസൻസ് പുതുക്കൽ. കോഴ വാങ്ങുന്നത് നാലു തട്ടുകളായാണ്. റെയ്ഞ്ച്, സർക്കിൾ ഓഫീസ്, അസിസ്റ്റന്റ് കമ്മിണർ ഓഫീസ്, ഡെപ്യൂട്ടി കമ്മിഷണർ ഓഫീസ്. മൂന്നു ഘട്ടങ്ങളിലും 25,000 മുതൽ മുകളിലേക്കാണ് ഡെപ്യൂട്ടി കമ്മിഷണർമാരുടെ പടി. എക്സൈസിൽ ജില്ലയുടെ പരമാധികാരിയാണ് ഡെപ്യൂട്ടി കമ്മിഷണർ.

എറണാകുളം ജില്ലയിൽ ത്രീ സ്റ്റാർ മുതൽ ഫൈവ് സ്റ്റാർ വരെ വിഭാഗങ്ങളിലായി 205 ബാറുകളുണ്ട്. തൃശ്ശൂരിൽ 111 ഉം തിരുവനന്തപുരത്ത് 96 ഉം കോട്ടയത്ത് 86 ഉം ബാറുകൾ. മറ്റു ജില്ലകളിൽ താതമ്യേന കുറവാണ്. ഇതുവഴി ഓരോരോ ഉദ്യോഗസ്ഥർക്കും കിട്ടുന്ന 'കിമ്പളം' എത്രയെന്ന് ഊഹിക്കാം!.

അവശ്യ ഘട്ടങ്ങളിലെല്ലാം ഇഷ്ട ഭക്ഷണവും ഇഷ്ട മദ്യവും ഇവർക്ക് ലഭ്യമാവും. ബാർ ഹോട്ടലുകളിലെ മുറികളിൽ മദ്യം നൽകാൻ പേരും വിലാസവും ഉൾപ്പെടെയുള്ള രേഖകൾ രജിസ്റ്ററിൽ ചേർക്കണമെന്നാണ് ചട്ടം. പലപ്പോഴും ഇതൊന്നും പാലിക്കാറില്ല. പരിശോധനയിൽ ഇത് പിടിക്കപ്പെട്ടാൽ കേസാക്കാം. ഇതിന്റെ പേരിലും പിരിവു നടക്കുന്നുണ്ട്.

എക്സൈസ് വകുപ്പിൽ ശുദ്ധീകരണം അത്യാവശ്യമാണ്. അതിനുള്ള എല്ലാ നടപടികളും ഒരു വിട്ടുവീഴ്ചയുമില്ലാതെ കൈക്കൊള്ളും

എം. ലിജു, എക്സൈസ് മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EXCISE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA