
തൃശൂർ: പാതി വെന്ത അവസ്ഥയിൽ അവയവങ്ങൾ. പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ പോലും പ്രയാസം.... വെടിക്കെട്ട് സാമഗ്രികൾ പൊട്ടിത്തെറിച്ചുണ്ടായ മുണ്ടത്തിക്കോട് ദുരന്തത്തെ കുറിച്ച് തൃശൂർ മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻ ഡോ.ഹിതേഷ് ശങ്കർ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
ചുരുക്കം ഇങ്ങനെ: ദൃശ്യങ്ങൾ മായുന്നില്ല. ശരീരഭാഗങ്ങൾ , അവയവങ്ങൾ , എല്ലുകൾ വരെ തെറിച്ചുവീണ നിലയിൽ.
പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ പോലും പ്രയാസം. അവയവങ്ങൾ പാതി വെന്ത അവസ്ഥയിൽ. മോതിരം , കമ്മൽ, ഹൃദയത്തിലെ രക്ത കുഴലുകളിൽ ഇട്ട സ്റ്റെന്റ്, പല്ലിന്റെ ഘടന, പല്ലിലെ സ്റ്റെയിൻ, പുകയില ഉപയോഗത്തിന്റെ ലക്ഷണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പലരെയും തിരിച്ചറിഞ്ഞത്.
മനുഷ്യജീവിതം എത്ര എളുപ്പത്തിൽ നഷ്ടപ്പെടാം എന്നതിന്റെ ഭീകരമായ ഓർമ്മപ്പെടുത്തലാണ് ദുരന്തം. രക്ഷപെട്ടവരുടെ രോദനം കണ്ണിൽ നിന്നു മായുന്നില്ല. സംസ്‌കാരത്തോടും ആഘോഷങ്ങളോടും ചേർന്ന് നിൽക്കുന്ന വെടിക്കെട്ടിനെയും പടക്ക നിർമ്മാണത്തെയും പൂർണമായും നിരാകരിക്കാനാവില്ല. നിയന്ത്രണങ്ങളില്ലാത്ത, സുരക്ഷിതത്വമില്ലാത്ത, അതീവ ലാഘവത്തോടെ നടക്കുന്ന നിർമ്മാണരീതികൾ അനുവദിക്കരുത്. ഇത്രയും വലിയ അളവിൽ സ്‌ഫോടകവസ്തുക്കൾ വളരെ ചെറിയ സ്ഥലത്ത് സൂക്ഷിക്കുന്നതും, അതേ സ്ഥലത്ത് നിരവധി തൊഴിലാളികളെ ഒരുമിച്ച് ജോലി ചെയ്യിക്കുന്നതും അപകടസാദ്ധ്യതയെ പലമടങ്ങ് വർദ്ധിപ്പിക്കുന്നു.
നിർമ്മാണം നടക്കുന്ന ഭാഗവും തയ്യാറായ വസ്തുക്കൾ സൂക്ഷിക്കുന്ന ഭാഗവും വേർതിരിക്കണം. തൊഴിലാളികളും നിർമ്മാണം പൂർത്തിയായ സ്‌ഫോടകവസ്തുക്കളും ഒരേ സ്ഥലത്ത് ഉണ്ടാകരുത്. വെടിക്കെട്ട് നിർമ്മാണപുരകൾ കർശനമായ മേൽനോട്ടത്തിലും ലൈസൻസിംഗിലും ആയിരിക്കണം പ്രവർത്തിക്കേണ്ടത്. ചൂട് കൂടുന്ന സമയങ്ങളിൽ ജോലികൾ ഒഴിവാക്കണം. രാവിലെ നേരത്തെയും വൈകിട്ട് മൂന്നിന് ശേഷവും മാത്രമായി തൊഴിൽ സമയം നിജപ്പെടുത്തുന്നത് പരിഗണിക്കണം. ചൂട്, ഘർഷണം, തിരക്ക്, സംഭരണരീതി ഇവയൊക്കെയാണ് ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നത്. ഇനി ഒരാളെയും തിരിച്ചറിയാൻ ആഭരണങ്ങളുടെ സഹായം തേടേണ്ട സാഹചര്യം ഉണ്ടാകരുത്...
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |