
തിരുവനന്തപുരം / ആലപ്പുഴ: വളഞ്ഞവഴിയിൽ ഫിറ്റ്നസ് നേടുന്ന വാഹനങ്ങൾക്ക് മൂക്കുകയറിടാൻ സംസ്ഥാനത്ത് ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ (എ.ടി.എസ്) സജ്ജമാകുന്നു. 10 മിനിറ്റ് കൊണ്ട് പരിശോധന പൂർത്തിയാകും. വാഹനത്തിന്റെ റോഡ് സുരക്ഷയും യന്ത്രക്ഷമതയും ഉറപ്പാക്കുന്ന ആറ് പരിശോധനകളാണ് എ.ടി.എസിലുള്ളത്. ഇതോടെ ഫിറ്റ്നസ് ടെസ്റ്റിൽ നിന്ന് ഉദ്യോഗസ്ഥരെ ഒഴിവാക്കാം.
ആലപ്പുഴയിലെ നൂറനാടും കൊല്ലത്തെ പൂയപ്പള്ളിയിലും ടെസ്റ്റിംഗ് സ്റ്റേഷനുകൾ സജ്ജമാക്കി. നിലവിൽ ടെസ്റ്റിംഗ് ഫീസ് ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകളുടെ അക്കൗണ്ടിലാണെത്തുന്നത്. ഇത് മോട്ടോർ വാഹന വകുപ്പിന്റെ അക്കൗണ്ടിലേക്ക് മാറ്റാനുള്ള നടപടി പൂർത്തിയാക്കിയാലുടൻ ടെസ്റ്റിംഗ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങും. ജില്ലയിൽ രണ്ടെണ്ണം വീതം 28 ടെസ്റ്റിംഗ് സ്റ്റേഷനുകളാണ് ഒരുങ്ങുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെയാണ് സ്ഥാപിക്കുക. അതേസമയം ഓട്ടോമേറ്റഡ് കേന്ദ്രങ്ങളിൽ പരിശോധിച്ചാലും ഫിറ്റ്നസ് നൽകാനുള്ള അധികാരം വേണമെന്ന് വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടു. പക്ഷേ ട്രാൻസ്‌പോർട്ട് കമ്മിഷണർ നിരസിച്ചു.
ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി ഇടനിലക്കാരുടെ വാഹനങ്ങളടക്കം പരിശോധിക്കാതെ ഫിറ്റനസ് നൽകുന്നുണ്ട്. കൊല്ലത്തെ ഫിറ്റ്നസ് പരിശോധനയിൽ ക്രമക്കേട് കാട്ടിയ അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തിരുന്നു.
ഫലം തത്സമയം ഡിജിറ്റൽ റിപ്പോർട്ട്
സെൻസർ സംവിധാനമുള്ള ട്രാക്കിലേക്ക് വാഹനം പ്രവേശിപ്പിച്ചാൽ 10 മിനിറ്റിനുള്ളിൽ പരിശോധന പൂർത്തിയാകും. പരിശോധനാ ഫലം തത്സമയം ഡിജിറ്റൽ റിപ്പോർട്ടായി ലഭിക്കും. ഹൈ റെസല്യൂഷൻ കാമറകളും സെൻസറും നൽകുന്ന വിവരം നേരിട്ട് കേന്ദ്ര സർക്കാരിന്റെ 'വാഹൻ" സെർവറിലേക്ക് കൈമാറും. ടെസ്റ്റ് പാസായില്ലെങ്കിൽ പിഴവ് തിരുത്തി റീ ടെസ്റ്റിന് അവസരമുണ്ടാകും. ആറുമാസത്തിലൊരിക്കൽ പ്രത്യേക ഓഡിറ്റിംഗ് നടത്തും. എ.എഫ്.എം.എസ് (ഓട്ടോമേറ്റഡ് ഫിറ്റ്നസ് മാനേജ്മെന്റ് സിസ്റ്റം) പോർട്ടലിലൂടെ മുൻകൂട്ടി തീയതിയും സമയവും എടുത്തശേഷം വാഹനം ഹാജരാക്കണം.
'ഉദ്യോഗസ്ഥർ വാഹനം പരിശോധിക്കുകയോ ഫിറ്റ്നസ് നൽകുകയോ ചെയ്യേണ്ടതില്ല. മൂന്ന് രീതിയിലെ ടെസ്റ്റ് പാസാകണം. എല്ലാം പാസായാലേ ഓട്ടോമാറ്റിക്കായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കൂ''.
- സി.എച്ച്. നാഗരാജു, ട്രാൻസ്പോർട്ട് കമ്മിഷണർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |