
തിരുവനന്തപുരം : മുഖ്യമന്ത്രിയുമായി പൊതുജനങ്ങൾക്കു നേരിട്ടു സംസാരിക്കാൻ അവസരമൊരുക്കുമെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച സി എം വിത്ത് മി സിറ്റിസൺ കണക്ട് സെന്ററിന്റെ പ്രവർത്തനം നിർജ്ജീവം. വെള്ളയമ്പലത്ത് പ്രവർത്തിക്കുന്ന സെന്ററിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡ് ടാർപോളിൻ ഷീറ്റു കൊണ്ട് മൂടികെട്ടി. ഫോണെടുക്കാൻ നിയോഗിച്ചിട്ടുള്ള എക്‌സിക്യൂട്ടീവുകൾ മൂന്നു ഷിഫ്റ്റിലും വന്നു പോകുന്നുണ്ടെങ്കിലും മിക്കപ്പോഴും 18004256789 നമ്പരിലേക്ക് വിളിച്ചാൽ എടുക്കില്ല.
എക്‌സിക്യൂട്ടീവുകൾ തിരക്കിലാണെങ്കിൽ തിരിച്ചു വിളിക്കാൻ ഒന്ന് അമർത്താൻ ആവശ്യപ്പെടും. കാത്തിരുന്ന് ദിവസങ്ങൾ കഴിഞ്ഞാലും വിളിയില്ല. ഫോൺ വല്ലപ്പോഴും എടുത്താൽ പരാതിക്കാരൻ പറയുന്നത് കേട്ടശേഷം തിരിച്ചുവിളിക്കാമെന്ന് പറയും അവിടെയും വിളിയില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കാൾ സെന്ററിന്റെ പ്രവർത്തനം നിലച്ചത്. പെരുമാറ്റചട്ടം കാരണമാണിതെന്നാണ് വാദം. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനും ഇത് തടസമല്ല. നയപരമായ തീരുമാനങ്ങൾക്ക് മാത്രമാണ് തടസം.
കാൾ സെന്ററിൽ പരാതികൾ പലതും കുടിവെള്ള പ്രശ്നം,വെള്ളക്കെട്ട് തുടങ്ങിയവയാണ്. ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയ ശേഷം ഇക്കാര്യം പരാതിക്കാരനെ അറിയിക്കുന്നതായിരുന്നു രീതി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെന്ന കാരണത്താൽ കാൾ സെന്ററിൽ എക്‌സിക്യൂട്ടീവുകളുടെ എണ്ണം കുറച്ചതും ഉദ്യോഗസ്ഥരാരും ഇവിടേക്ക് തിരിഞ്ഞു നോക്കാത്തതുമാണ് പ്രവർത്തനം അവതാളത്തിലാക്കിയത്.
7 മാസം തീർപ്പാക്കിയത്
15.11% പരാതികൾ
കഴിഞ്ഞ സെപ്തംബർ 29നായിരുന്നു കാൾ സെന്ററിന്റെ ഉദ്ഘാടനം. ഏഴു മാസമാകുമ്പോൾ ലഭിച്ച പരാതികളിൽ തീർപ്പക്കിയത് 15.11% മാത്രം. 4,08,563 കാളുകൾ ലഭിച്ചപ്പോൾ 61739 എണ്ണമാണ് തീർപ്പാക്കിയത്. 2,84,467 കാളുകൾക്കാണ് മറുപടി നൽകിയത്. ഇൻഫർമേഷൻ പബ്ലിക് റലേഷൻസ് വകുപ്പിനാണ് ചുമതല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |