
തിരുവനന്തപുരം: സർക്കാർ ആശുപത്രികൾ കൂടുതൽ രോഗീ സൗഹൃദമാക്കുന്നതിനുള്ള നടപടിയുമായി സർക്കാർ. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി കെ.മുരളീധരൻ നടത്തിയ ചർച്ചയിലാണിത്. ഒ.പികളിൽ ഡോക്ടറെ കാണാൻ കാത്തിരിക്കുന്ന സമയത്ത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിച്ചു.
എല്ലാ ആശുപത്രി ഫാർമസിയിൽ നിന്നും ഡോക്ടറുടെ കുറിപ്പടി അനുസരിച്ച് ആവശ്യമെങ്കിൽ ഒരു മാസത്തെ മരുന്ന് ലഭ്യമാക്കും. തുടർച്ചയായി കഴിക്കേണ്ട മരുന്നുകൾ നിശ്ചിത കാലാവധി വരെ ഡോക്ടറെ വീണ്ടും കാണാതെ കൊടുക്കണമെന്നും നിർദ്ദേശിച്ചു. ആശുപത്രികളിലെ എല്ലാ കൗണ്ടറുകളിലും ഒരാഴ്ചയ്ക്കുള്ളിൽ ക്യാമറ സ്ഥാപിച്ച് രോഗികളോടുള്ള ജീവനക്കാരുടെ പെരുമാറ്റം നീരിക്ഷിക്കും. രോഗിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.
ഒ.പി കൗണ്ടറുകൾക്ക് മുൻപിൻ കംപ്ലയിന്റ് രജിസ്റ്റർ വയ്ക്കാനും ബാർ കോഡ് സ്‌കാനർ ഉപയോഗിച്ച് ഫോട്ടോ, വീഡിയോ എന്നിവ സഹിതം പരാതിയായി നൽകാനുമുള്ള സൗകര്യമൊരുക്കും. ഡി.എം.ഒമാരുടെയും ആശുപത്രി സൂപ്രണ്ടുമാരുടെയും നേത്യത്വത്തിൽ രോഗീസൗഹൃദ നടപടികൾക്കുള്ള രൂപരേഖ ഒരാഴ്ചയ്ക്കുള്ളിൽ തയ്യാറാക്കാനും മന്ത്രി നിർദ്ദേശിച്ചു.
ഒരാൾക്ക് ഒരു കട്ടിൽ
സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് ഒരാൾക്ക് ഒരു കട്ടിൽ എന്ന രീതിയിൽ കൂടുതൽ കിടക്കകൾ ഉറപ്പാക്കും.
ആശുപത്രികളിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും മുൻഗണന ക്യൂ, വീൽചെയർ അസിസ്റ്റ് എന്നിവ നടപ്പിലാക്കും
ആശുപത്രികളിൽ അഡ്മിറ്റ് ആയ രോഗികളുടെ സ്‌കാനുകളും മറ്റു പരിശോധനകളും രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കണം. സ്‌കാൻ ടെസ്റ്റുകൾക്ക് അഡ്മിറ്റായ രോഗികൾക്ക് മുൻഗണന.
ആർ.സി.സിയിൽ ഒഴിവുകൾ നികത്തും
ആർ.സി.സിയിൽ ഡോക്ടർ കൺസൾട്ടേഷൻ, ശസ്ത്രക്രിയകൾ എന്നിവയ്ക്കുള്ള കാലതാമസം കുറയ്ക്കാൻ 13 ഒഴിവുകൾ അടിയന്തിരമായി നികത്താനും സ്‌പെഷ്യൽ റൂൾസ് ഭേദഗതി ചെയ്തതിനു ശേഷം ബാക്കിയുള്ള ഒഴിവുകൾ നികത്താനും തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |