
കൊച്ചി: ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
കരാർ ജീവനക്കാരുമായി പ്രവർത്തനം തുടങ്ങാമെന്ന സർക്കാർ നിർദ്ദേശം കോടതി തള്ളി. അതീവ രഹസ്യ വിവരങ്ങളും സാക്ഷി സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളും കൈകാര്യം ചെയ്യേണ്ടതിനാൽ സ്ഥിരം ജീവനക്കാർ തന്നെ വേണം. ഭാവി ഒഴിവുകളിലും ഇതു പാലിക്കണം. നിയമനപട്ടിക ലഭ്യമല്ലെങ്കിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താത്കാലിക നിയമനം നടത്താം. ഒപ്പം സ്ഥിരം നിയമനനടപടിയും തുടങ്ങണം.
പുതിയ കോടതികൾക്കുളള സാമ്പത്തിക സഹായ സ്കീം പ്രകാരം കേന്ദ്ര ധനവകുപ്പിന് അപേക്ഷ നൽകാനും സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. നാർക്കോട്ടിക്സ് കേസുകൾ കെട്ടിക്കിടക്കുന്നത് പരിഹരിക്കാൻ സ്വമേധയാ എടുത്ത കേസിലാണ് ഇടക്കാല ഉത്തരവ്. കേസ് ജൂൺ 24ന് വീണ്ടും പരിഗണിക്കും.
സാമ്പത്തിക ഞെരുക്കമുള്ളതിനാൽ തിരുവനന്തപുരം, എറണാകുളം ജില്ലകളെ മാത്രമേ ഇപ്പോൾ പരിഗണിക്കാനാകൂ എന്ന് സർക്കാർ നേരത്തേ അറിയിച്ചെങ്കിലും കൂടുതൽ കേസുകളുള്ള മൂന്നു ജില്ലകളിൽ കൂടി കോടതി സ്ഥാപിക്കാൻ ഡിവിഷൻബെഞ്ച് ഉത്തരവിടുകയായിരുന്നു.
നിലവിൽ രണ്ട് കോടതികൾ
എല്ലാ ജില്ലകളിലും എൻ.ഡി.പി.എസ് കോടതികൾ വേണമെന്ന് സുപ്രീംകോടതിയുടെ മാർഗനിർദ്ദേശമുണ്ടെങ്കിലും കേരളത്തിൽ കോഴിക്കോട് (വടകര), ഇടുക്കി (തൊടുപുഴ) ജില്ലകളിൽ മാത്രമേയുള്ളൂ. മറ്റു ജില്ലകളിൽ സെഷൻസ് കോടതികൾക്കാണ് അധികച്ചുമതല. തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം (മഞ്ചേരി) ജില്ലകളിലാണ് നാർകോട്ടിക്സ് കോടതികൾ ഉടൻ തുടങ്ങേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |