SignIn
Kerala Kaumudi Online
Friday, 21 August 2026 2.08 AM IST

മുട്ടിൽ മരം മുറി: വിചാരണ നേരിടണമെന്ന് ഹൈക്കാേടതി റോജിയുടെ  ഹർജിയിൽ സ്റ്റേ അനുവദിച്ചില്ല 

READ ENGLISH VERSION
a

കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വ‌ഞ്ചനക്കേസിൽ ചോറ്റാനിക്കര മജിസ്‌ട്രേട്ട് കോടതിയിലെ വിചാരണ നിറുത്തിവയ്‌ക്കണമെന്ന ഹർജി ഹൈക്കോടതി തളളി.

വിഷയം മജിസ്‌ട്രേട്ട് കോടതിയിലാണ് ഉന്നയിക്കേണ്ടതെന്ന് ജസ്റ്റിസ് സി.എസ്. ഡയസ് വിധിച്ചു.

പ്രഥമദൃഷ്ട്യാ കുറ്റമുണ്ടെന്ന് മജിസ്‌ട്രേട്ട് കോടതി കണ്ടെത്തിയതല്ലേയെന്നു ചോദിച്ച ശേഷമാണ് ഹർജി തള്ളിയത്.

വനഭൂമിയിൽനിന്ന് മരംമുറിച്ചെന്ന വയനാട്ടിലെ പ്രധാന കേസിൽ തീരുമാനമാകുന്നതു വരെ ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികൾ നിറുത്തിവയ്‌ക്കണമെന്നാണ് ഹർജിക്കാരനായ മുഖ്യപ്രതി റോജി അഗസ്റ്റിൻ ആവശ്യപ്പെട്ടത്. റോജിയുടെ സഹോദരങ്ങളായ ആന്റോ ആഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനും പ്രതികളാണ്.

വയനാട് മേപ്പാടി ഫോറസ്റ്റ് റേഞ്ചിലെ മുട്ടിലിൽ നിന്നു മുറിച്ചു കടത്തിയ കള്ളത്തടി രേഖകളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽപ്പന നടത്തി 1.40 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ അമ്പലമേട് പൊലീസെടുത്ത കേസാണ് ചോറ്റാനിക്കര കോടതിയിലുള്ളത്. കരിമുകൾ മലബാർ ടിംബേഴ്‌സ് ഉടമ എം.എം. അലിയാരാണ് പരാതിക്കാരൻ.

റോജിയെ കുട‌ഞ്ഞ്

മജിസ്ട്രേട്ട് കോടതി

കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ ഹാജരാകണമെന്ന ചോറ്റാനിക്കര മജിസ്ട്രേട്ട് കോടതിയുടെ നിർദ്ദേശം ഇന്നലെ ആന്റോയും ജോസ് കുട്ടിയും അവഗണിച്ചു. ഹാജരായ റോജിയോട് മറ്റുള്ളവർ എവിടെയെന്നും ആളെ കളിപ്പിക്കുകയാണോ എന്നും മജിസ്ട്രേട്ട് ചോദിച്ചു.ഒരുഭാഗത്തേക്ക് റോജിയെ മാറ്റി നിറുത്തുകയും ചെയ്തു. കുറ്റപത്രം വായിക്കുന്നതിനുള്ള അടുത്ത തീയതി ഇന്ന് അറിയിക്കും. അന്ന് പ്രതികൾ നേരിട്ട് ഹാജരാകണമെന്നാണ് നിർദ്ദേശം.
ഈ കോടതിയുടെ പരിധിയിൽ വഞ്ചനക്കേസ് നിലനിൽക്കില്ലെന്ന പുതിയ ഹർജി പ്രതികൾ നൽകിയെങ്കിലും വിചാരണയ്‌ക്ക് അധികാരമുണ്ടെന്ന് ചോറ്റാനിക്കര കോടതി വ്യക്തമാക്കി, ഇക്കാര്യത്തിൽ ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. വീഡിയോ കോൺഫറൻസിലൂടെ വിചാരണയുടെ ഭാഗമാകാനുള്ള അഗസ്റ്റിൻ സഹോദരൻമാരുടെ അപേക്ഷയിലും ഇന്ന് തീരുമാനം അറിയിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA