SignIn
Kerala Kaumudi Online
Friday, 21 August 2026 2.08 AM IST

അറസ്റ്റ് വാർത്ത പ്രസിദ്ധീകരിച്ചതിൽ മാനനഷ്ടക്കേസ് നിലനിൽക്കില്ല കേസ് ഹൈക്കോടതി റദ്ദാക്കി

a

കൊച്ചി: അറസ്റ്റ് നടപടികളുടെ വാർത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിൽ നൽകുന്ന അപകീർത്തി കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി. ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിൽ വാർത്ത നൽകുന്നത് മാനനഷ്ടത്തിന്റെ പരിധിയിൽ വരില്ലെന്നും അതിൽ ദുരുദ്ദേശ്യം ആരോപിക്കാനാവില്ലെന്നും ജസ്റ്റിസ് സി.എസ്.ഡയസ് വ്യക്തമാക്കി. മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച വാർത്തയ്ക്കെതിരെ ആലങ്ങാട് സ്വദേശി ഹരികുമാർ ആലുവ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി- 2ൽ നൽകിയ മാനനഷ്ടക്കേസ് റദ്ദാക്കിയ ഉത്തരവിലാണ് നിരീക്ഷണം.

2020 ആഗസ്റ്റ് 17ന് സ്കൂട്ടറിൽ മദ്യം കടത്തിയതിനു ഹരികുമാറിനെ എക്സൈസ് അറസ്റ്റുചെയ്തിരുന്നു. ഈ വാർത്ത ഫോട്ടോ സഹിതം പത്രം പ്രസിദ്ധീകരിച്ചു. തന്നെ അപകീർത്തിപ്പെടുത്താൻ ബോധപൂർവം നൽകിയ റിപ്പോർട്ടാണിതെന്നും കേസിൽ പിന്നീട് വെറുതേവിട്ടതാണെന്നും കാണിച്ച് ഹരികുമാർ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെയാണ്

മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു അടക്കം ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്.

ഒരാളെ അറസ്റ്റുചെയ്തതും കേസ് രജിസ്റ്റർ ചെയ്തതും വസ്തുതയാണെങ്കിൽ അത് റിപ്പോർട്ട് ചെയ്യുന്നത് മാദ്ധ്യമങ്ങളുടെ ജോലിയാണെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയാക്കപ്പെട്ടയാൾക്ക് പ്രയാസം തോന്നുന്നതുകൊണ്ട് മാത്രം അത് ക്രിമിനൽ മാനനഷ്ടമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ട വ്യക്തിയുടെ സത്പേരിന് കളങ്കമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ നൽകുന്ന റിപ്പോർട്ടാണെന്ന് തെളിയാത്ത പക്ഷം കേസ് നിലനിൽക്കില്ല.

ഔദ്യോഗിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വാർത്ത നൽകിയത്. പിന്നീട് കോടതി വെറുതെ വിട്ടോ എന്നത് പരിഗണനാ വിഷയത്തിൽ പ്രസക്തമല്ലെന്നും കോടതി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA