
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നെടുമങ്ങാട്ടെ നിതിൻ രാജിന്റെ ദൗർഭാഗ്യകരമായ മരണം കേരള മനസ്സാക്ഷിയെ നടുക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ജാതിയുടെ പേരിലും നിറത്തിന്റെ പേരിലും അധിക്ഷേപം നേരിട്ടതിനെ തുടർന്നാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. നവോത്ഥാനത്തെക്കുറിച്ച് വാചാലരാകുന്ന പിണറായി സർക്കാർ, സ്വന്തം നാട്ടിലെ പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന ഇത്തരം ക്രൂരതകൾക്ക് നേരെ കണ്ണടയ്ക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർഥന്റെ മരണം സംഭവിച്ചിട്ട് അധികകാലമായില്ല. കോളേജധികൃതരുടെ മൗനാനുവാദത്തോടെയുള്ള പീഡനമായിരുന്നു അതിനും കാരണം. അധികാരത്തിന്റെ തണലിൽ ഇത്തരം സ്ഥാപനങ്ങളിലെ മാനേജ്‌മെന്റുകൾ കാണിക്കുന്ന ധിക്കാരത്തിന് സർക്കാർ കുടപിടിക്കുകയാണ്. നിതിൻ രാജിന് നേരിടേണ്ടി വന്ന ജാതി അധിക്ഷേപങ്ങളെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം. രണ്ട് അധ്യാപകരെ സസ്‌പെന്റ് ചെയ്തതുകൊണ്ടുമാത്രം കാര്യമില്ല. ഉത്തരവാദികളായവരെയെല്ലാം കണ്ടെത്തി തക്കതായ ശിക്ഷ നൽകുക തന്നെ വേണം.
കേരളത്തിൽ ദളിത്, പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന വിവേചനത്തിന്റെയും പീഡനത്തിന്റെയും ഒടുവിലത്തെ ഉദാഹരണമാണ് നിതിൻ രാജിന്റെ മരണം. ഒരു വിദ്യാർത്ഥിക്ക് തന്റെ പഠനകാലത്ത് ജാതീയമായ അധിക്ഷേപങ്ങളും മാനസിക പീഡനങ്ങളും നേരിടേണ്ടി വരുന്നു എന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവർ എത്ര ഉന്നതരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
പാവപ്പെട്ട വിദ്യാർത്ഥിയുടെ മരണത്തിനു മറ്റു കാരണങ്ങൾ കണ്ടെത്തുന്നവർ കേസ് ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്. നിതിൻ രാജിന്റെ കുടുംബത്തിന് അർഹമായ നീതി ഉറപ്പാക്കാൻ ഉന്നതതല അന്വേഷണം അനിവാര്യമാണ്. കേവലം ഒരു ആത്മഹത്യ എന്ന നിലയിൽ ഇതിനെ ഒതുക്കിത്തീർക്കാൻ അനുവദിക്കില്ല. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസും സർക്കാരും തുടരുന്നതെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നൽകുമെന്നും സംസ്ഥാന അധ്യക്ഷൻ മുന്നറിയിപ്പ് നൽകി.
പിന്നാക്ക വിഭാഗങ്ങൾക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങൾ കേരളത്തിൽ ആവർത്തിക്കാതിരിക്കാൻ ശക്തമായ നിയമനടപടികൾ സ്വീകരിക്കണം. കേരളത്തിനു പുറത്ത് ഏതെങ്കിലും സംസ്ഥാനത്താണ് ഇത്തരമൊരു സംഭവമെങ്കിൽ ശക്തമായി പ്രതിഷേധിക്കുന്ന ഇടതുപക്ഷവും കോൺഗ്രസ്സും കേരളത്തിലുണ്ടായ ക്രൂരമായ ജാതി പീഡനത്തെക്കുറിച്ച് മൗനം പാലിക്കുകയാണ്. നിതിൻ രാജിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |