
അങ്കമാലി: ഉറങ്ങിക്കിടക്കവേ സഹോദരനൊപ്പം പാമ്പുകടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അനോഷ് (10) പൂർണ ആരോഗ്യവാനായി ആശുപത്രി വിട്ടു. കൊടകര കോടാലി സ്വദേശികളായ സിൽജോ-ജോൺസി ദമ്പതികളുടെ മകനായ അനോഷ് മരണത്തെ മുഖാമുഖം കണ്ട നാളുകൾക്കു ശേഷമാണ് ജീവിതത്തിലേക്ക് തിരികെ എത്തിയത്.
ഏപ്രിൽ 18ന് പുലർച്ചെയാണ് വീട്ടിലെ ഹാളിൽ നിലത്തു കിടന്നുറങ്ങുകയായിരുന്ന അനോഷിനും സഹോദരൻ അൽജോയ്ക്കും തലയിണയ്ക്കടിയിലുണ്ടായിരുന്ന പാമ്പിന്റെ കടിയേറ്റത്. ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ അൽജോ മരിച്ചു. കിടപ്പുമുറിയിൽനിന്ന് ഉഗ്രവിഷമുള്ള വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടെത്തിയിരുന്നു.
അതീവ ഗുരുതരാവസ്ഥയിലായിരുന്ന അനോഷിനെ ചാലക്കുടി ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം വിദഗ്ദ്ധചികിത്സയ്ക്കായി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലേക്ക് മാറ്റി. 15 അംഗ വിദഗ്ദ്ധ മെഡിക്കൽ ടീമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. മികച്ച ചികിത്സ ലഭ്യമാക്കിയ ഡോക്ടർമാർക്കും ജീവനക്കാർക്കും കുടുംബം നന്ദി അറിയിച്ചു.
ആശുപത്രിയിൽ അനോഷിന് യാത്രഅയപ്പ് നൽകി. ബെന്നി ബെഹനാൻ എം.പി, ആശുപത്രി സി.ഇ.ഒ ഡോ. ആബേൽ ജോർജ്, ഓപ്പറേഷൻസ് ഹെഡ് ഡോ. ദിൽഷാദ് തൊണ്ടിപ്പറമ്പിൽ, ഷൈജു ദാമോദരൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |