
ഇടുക്കി: പ്രായപൂർത്തിയാകാത്ത മകളുടെ പ്രണയബന്ധത്തെ എതിർത്തതിന് മകൾ നൽകിയ വ്യാജ പോക്സോ കേസിൽ 45കാരനായ പിതാവിന് ജയിലിൽ കഴിയേണ്ടി വന്നത് 18 മാസം. ഒടുവിൽ സത്യാവസ്ഥ തിരിച്ചറിഞ്ഞ് കഴിഞ്ഞ മാസം 24ന് കോടതി വെറുതേ വിട്ടു. അതിനിടെ അനുഭവിക്കേണ്ടി വന്നത് കടുത്ത മാനസിക വ്യഥ. കട്ടപ്പന മേരികുളം സ്വദേശിയായ 45കാരന്റെ നിരപരാധിത്വം തെളിയിക്കാൻ മുന്നിട്ടിറങ്ങിയത് ഭാര്യയാണ്.
കാമുകനുമായുള്ള ബന്ധവും നിരന്തരമുള്ള ഫോൺവിളികളും പിതാവ് ചോദ്യം ചെയ്തതാണ് പെൺകുട്ടിയെ പ്രകോപിപ്പിച്ചത്. തുടർന്ന് പിതാവിൽ നിന്നും പീഡനത്തിന് ഇരയായി എന്നുകാട്ടി പരാതി നൽകുകയായിരുന്നു. കാമുകന്റെ അങ്കണവാടി ജീവനക്കാരിയായ മാതാവ് വഴി ചൈൽഡ് ലൈനിലാണ് പരാതി നൽകിയത്. ചൈൽഡ് ലൈൻ ഉപ്പുതറ പൊലീസിൽ അറിയിച്ചതോടെ അറസ്റ്റുചെയ്ത് റിമാൻഡിലാക്കി. കോടതിയിലും പെൺകുട്ടി പിതാവിനെതിരെ നിലപാടെടുത്തു. ജാമ്യാപേക്ഷ നൽകിയെങ്കിലും നിരസിക്കപ്പെട്ട് റിമാൻഡിൽ തുടരുകയായിരുന്നു.
കാമുകനുമായുള്ള ബന്ധത്തെ പിതാവ് എതിർത്തതും വഴക്കുപറഞ്ഞതുമാണ് പരാതിക്കു കാരണമെന്ന വാദം അംഗീകരിച്ചാണു കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി ജി.ആർ.ബിൽകുൽ വെറുതേ വിട്ടത്.
പിതാവ് ജയിൽ കഴിയവേ പെൺകുട്ടിയെ കാണാൻ കാമുകൻ രാത്രി വീട്ടിലെത്തിയപ്പോൾ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. 18 വയസ് പൂർത്തിയായതോടെ പെൺകുട്ടി കാമുകനൊപ്പം പോവുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |