
കണ്ണൂർ: രാഷ്ട്രീയ പ്രവർത്തകർ സ്‌നേഹത്തോടെ 'സണ്ണി വക്കീൽ' എന്ന് വിളിക്കുന്ന ഈ 74 കാരൻ നാലാം തവണ പേരാവൂരിൽ നിന്ന് ജയിച്ചാണ് ആദ്യമായി മന്ത്രിപദത്തിലെത്തുന്നത്. ഇടുക്കിയിലെ തൊടുപുഴയിൽ ജനിച്ച്, കോഴിക്കോട്ട് നിന്ന് നിയമബിരുദം നേടി, കണ്ണൂരിനെ കർമഭൂമിയാക്കിയ നേതാവാണ് കെ.പി.സി.സി അദ്ധ്യക്ഷനായ സണ്ണി ജോസഫ്. ഉളിക്കൽ പുറവയൽ സ്വദേശിയായ സണ്ണി ഇരിട്ടി തന്തോട്ടിൽ താമസിക്കുന്നു.
വിദ്യാർത്ഥി പ്രസ്ഥാനത്തിൽ സജീവമായ അദ്ദേഹം, പിന്നീട് കണ്ണൂർ ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പദവിയിലെത്തി. ഡി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്കും, യു.ഡി.എഫ്. ജില്ലാ ചെയർമാൻ പദവിയിലേക്കുമെത്തി. കണ്ണൂർ, തലശ്ശേരി, മട്ടന്നൂർ കോടതികളിൽ അഭിഭാഷകനായി ബാർ അസോസിയേഷൻ പ്രസിഡന്റായി. തലശ്ശേരി താലൂക്ക് കാർഷിക വികസന ബാങ്ക് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗം എന്നീ ചുമതലകളും വഹിച്ചു. 2011ൽ ആണ് പേരാവൂർ മണ്ഡലത്തിൽ, കെ.കെ.ശൈലജയെ പരാജയപ്പെടുത്തി നിയമസഭയിലേക്ക് കടന്നത്. നിയമസഭ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ, കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: എൽസി ജോസഫ്. മക്കൾ : ആഷ റോസും ഡോ. അഞ്ജു റോസും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |