
തിരുവനന്തപുരം: ആയിരങ്ങളുടെ വൻ എതിർപ്പ് അവഗണിച്ച് ബലപ്രയോഗത്തിലൂടെ മുൻപിണറായി സർക്കാർ നടപ്പാക്കാൻ ശ്രമിച്ച കെ.റെയിൽ സിൽവർലൈൻ പദ്ധതി പരിപൂർണമായി ഉപേക്ഷിക്കാൻ യു.ഡി.എഫ് സർക്കാർ തീരുമാനിച്ചു. തെരുവിലിറങ്ങി ആഘോഷിച്ചാണ് ജനം നന്ദി പ്രകടിപ്പിച്ചത്. ചെറുത്തുനിൽപ്പിനെ തുടർന്ന് എൽ.ഡി.എഫ് സർക്കാർ പദ്ധതി നിറുത്തിവച്ചെങ്കിലും പിൻമാറാൻ തയ്യാറായിരുന്നില്ല.
ഇന്നലെ ചേർന്ന മന്ത്രിസഭായോഗം പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ പുറത്തിറക്കിയ വിജ്ഞാപനങ്ങളെല്ലാം മരവിപ്പിച്ചു. നാടുനീളെ സ്ഥാപിച്ച മഞ്ഞക്കുറ്റികൾ റവന്യൂ അധികൃതർ നീക്കം ചെയ്യും. ഇതോടെ സ്വന്തം ഭൂമിയിൽ ജനങ്ങൾക്ക് സമ്പൂർണ സ്വതന്ത്ര്യം ലഭിക്കും.
സർക്കാരിന്റെ ഭൂമിഏറ്റെടുക്കൽ ഉത്തരവിറങ്ങിയ നാൾ മുതൽ സ്വന്തംഭൂമി വിൽക്കാനോ പണയപ്പെടുത്താനോ കഴിയാതെ സാധാരണക്കാർ അനുഭവിച്ച ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി വി.ഡി.സതീശൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മഞ്ഞക്കുറ്റിയിടുന്നത് തടഞ്ഞതിന്റെ പേരിൽ ആയിരത്തിലധികം പേർക്കെതിരെ 250ലേറെ കേസുകളുണ്ട്. ഇതെല്ലാം പിൻവലിക്കും. ഇതിന് കോടതിയുടെ അനുമതി തേടും. കേസുകൾ പിൻവലിച്ചിരുന്നെങ്കിൽ ജനങ്ങൾക്ക് ആശ്വാസമാവുമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിട്ടുപോലും എൽ.ഡി.എഫ് സർക്കാർ വഴങ്ങിയിരുന്നില്ല. അതേസമയം, നിർമ്മാണ കമ്പനിയായി രൂപീകരിച്ച കെ-റെയിൽ നിലനിറുത്തും.
തിങ്കളാഴ്ച അധികാരമേറ്റ യു.ഡിഎഫ് സർക്കാരിന്റെ രണ്ടാമത്തെ ജനപ്രിയ തീരുമാനമാണിത്. ആശമാർക്ക് വേതനം കൂട്ടാനും സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കാനുമാണ് ആദ്യം തീരുമാനിച്ചത്.
ജനത്തെ ഭീതിയിലാഴ്ത്തി
പാഴാക്കിയത് 60 കോടി
#2020 ജനുവരിയിലാണ് ഭൂമിഏറ്റെടുക്കാൻ നടപടി തുടങ്ങിയത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ11 ജില്ലകളിലായി 197കിലോമീറ്ററിൽ ഏഴായിരത്തോളം മഞ്ഞക്കല്ലുകളാണ് സ്ഥാപിച്ചത്. പദ്ധതിക്കായി 60 കോടിയിലേറെ ചെലവിട്ടു. അത് പാഴാകും
#കല്ലിട്ട ഭൂമിയുടെ ക്രയവിക്രയം സാദ്ധ്യമാവാത്തതും ബാങ്കുകൾ വായ്പ നൽകാത്തതും നിർമ്മാണങ്ങൾക്ക് അനുമതി ലഭിക്കാത്തതും ജനങ്ങളെ വലച്ചു. കല്ലിട്ട ഭൂമിയിൽ നിർമ്മാണങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങളും അനുമതി നൽകിയിരുന്നില്ല
# ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി,നിയമം ലംഘിച്ച് ആൾക്കൂട്ടം സൃഷ്ടിച്ചു,കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ആയിരത്തിലേറെപ്പേർക്കെതിരെ കേസെടുത്തത്
# അങ്കമാലിയിൽ ജാമ്യത്തിനായി കോടതിയെ സമീപിച്ച അഞ്ചുപേർക്ക് 25,000 രൂപകെട്ടിവയ്ക്കേണ്ടിവന്നു. 5000മുതൽ 10,000വരെ പിഴയടയ്ക്കാൻ നിരവധിപേർക്ക് നോട്ടീസ് ലഭിച്ചിരുന്നു
പി.എസ്.സി.റാങ്ക് ലിസ്റ്റ്
കാലാവധി നീട്ടി
ഓഗസ്റ്റ് 31നുള്ളിൽ അവസാനിക്കുന്ന എല്ലാ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30വരെ നീട്ടാൻ ശുപാർശ
വിഷൻ 2031
യു.ഡി.എഫ് പ്രകടനപത്രികയിലെ എല്ലാവാഗ്ദാനങ്ങളും പാലിക്കാൻ 'വിഷൻ 2031'പദ്ധതി നടപ്പാക്കും
ആദ്യഘട്ടമായി ജൂൺ ഒന്ന് മുതൽ 10 0ദിവസത്തെ കർമ്മപരിപാടി നിർണ്ണയിച്ച് സമർപ്പിക്കാൻ വകുപ്പുകൾക്ക് നിർദ്ദേശം
പദ്മ പുരസ്‌കാരങ്ങൾക്കുള്ള പേരുകൾ കേന്ദ്രസർക്കാരിന് ശുപാർശ ചെയ്യുന്നതിന് സബ് കമ്മിറ്റി രൂപീകരിച്ചു
ഹൈക്കോടതിയിലെ അഡിഷണൽ അഡ്വക്കേറ്റ് ജനറലായി അഡ്വ. മുഹമ്മദ് ഷായെ നിയമിക്കും
ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ അതിവേഗ റെയിൽപ്പാത നിർമ്മിക്കുന്നത് സർക്കാർ പിന്നീട് പരിഗണിക്കും
മുഖ്യമന്ത്രി വി.ഡി.സതീശൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |