SignIn
Kerala Kaumudi Online
Friday, 03 July 2026 4.37 AM IST

കെ.ദാമോദരന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് ഇന്ന് അമ്പതാണ്ട്

damodhran

മലപ്പുറം:കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളും പ്രമുഖ മാർക്സിസ്റ്റ് സൈദ്ധാന്തികനുമായിരുന്ന കെ.ദാമോദരന്റെ ഓർമ്മകൾക്ക് ഇന്ന് അമ്പതാണ്ട്.ഇന്ത്യൻ സാഹചര്യങ്ങളിൽ മാർക്സിസത്തെ എങ്ങനെ പ്രായോഗികമാക്കാമെന്ന് ചിന്തിക്കുകയും,ഭാരതീയ ദർശനങ്ങളുടെ കണ്ണാടിയിലൂടെ കമ്മ്യൂണിസത്തെ വിലയിരുത്തുകയും ചെയ്ത അപൂർവ്വം നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം.തിരൂരിലെ ജന്മികുടുംബത്തിൽ ജനിച്ച കെ.ദാമോദരൻ കാശി വിദ്യാപീഠത്തിലെ പഠനശേഷം 1929ൽ കോഴിക്കോട് സാമൂതിരി കോളേജിൽ എത്തിയപ്പോഴാണ് രാഷ്ട്രീയത്തിൽ ആകൃഷ്ടനായത്.1939ൽ പിണറായി പാറപ്പുറത്ത് വിവേകാനന്ദ വായനശാലയിൽ നടന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഥമ രൂപീകരണ യോഗത്തിൽ പങ്കെടുത്തു.ജന്മിത്വത്തിന്റെ ക്രൂരതകൾക്കെതിരെയും തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടിയും നിരന്തരം പോരാടിയ അദ്ദേഹം ജയിൽവാസവും ഒട്ടനവധി പീഡനങ്ങളും അനുഭവിച്ചിട്ടുണ്ട്.

മികച്ചൊരു എഴുത്തുകാരനും ചിന്തകനുമായിരുന്നു കെ.ദാമോദരൻ.രക്തപാനം,പാട്ടബാക്കി പോലുള്ള വിപ്ലവാത്മകമായ നാടകങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ സാധാരണക്കാരിലേക്ക് എത്തിച്ചു.ജാതിമത ചിന്തകൾക്കതീതമായ മാനവികതയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.1964ൽ രാജ്യസഭാംഗമായ അദ്ദേഹം,പിന്നീട് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ കീഴിൽ ജെ.എൻ.യുവിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തെ കുറിച്ചുള്ള ഗവേഷണങ്ങളിൽ മുഴുകി.1976 ജൂലായ് മൂന്നിന് ന്യൂഡൽഹിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

സെമിനാറിന് ഇന്ന് തുടക്കം

കെ.ദാമോദരന്റെ ദർശനത്തെ ആസ്പദമാക്കിയുള്ള ദ്വിദിന സെമിനാറിന് ഇന്ന് മലപ്പുറം കാട്ടുങ്ങൽ റീജൻസി കൺവെൻഷൻ സെന്ററിൽ തുടക്കമാവും.രാവിലെ 10ന് സി.പി.ഐ ദേശീയ സെക്രട്ടേറിയേറ്റംഗം ഡോ.ബാലചന്ദ്ര കാംഗോ ഉദ്ഘാടനം ചെയ്യും.പി.പി.സുനീർ എം.പി അദ്ധ്യക്ഷത വഹിക്കും.സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ്,ദാമോദരന്റെ പുത്രി കെ.പി.ഉഷ,ആലങ്കോട് ലീലാകൃഷ്ണൻ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K DHAMODHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA