SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.21 AM IST

വിദേശത്തെ  കൊച്ചുമക്കൾ മലയാളത്തിന്റെ  വഴിയിൽ

rubi

കൊച്ചി: നാട്ടിൽ നിന്ന് മുത്തച്ഛനും മുത്തശ്ശിയും വിളിക്കുമ്പോൾ മലയാളം അറിയാത്തതിനാൽ ഫോണെടുക്കാത്ത കൊച്ചുമക്കൾ വിദേശങ്ങളിലുണ്ടെന്നറിഞ്ഞപ്പോൾ, റൂബി റോയിയുടെ മനസ് വല്ലാതെ പിടഞ്ഞു. വിദേശത്തുള്ള കൊച്ചുമക്കളെ ഓൺലൈനിൽ മലയാളം പഠിപ്പിക്കാമോ എന്ന് ചോദിച്ചത് പ്രശസ്തനായ വ്യക്തി.

അങ്ങനെ കടലിനക്കരെയിരുന്നു കുഞ്ഞുങ്ങൾ മലയാളം പഠിക്കാൻ തുടങ്ങി. ടീച്ചർ കൊച്ചിയിലിരുന്ന് ക്ളാസെടുക്കാനും.

മാദ്ധ്യമപ്രവർത്തകയും അദ്ധ്യാപികയുമായിരുന്ന എറണാകുളം ഇടപ്പള്ളി സ്വദേശി റൂബി ചുരുങ്ങിയ കാലത്തിനിടെ ഓൺലൈനായി മലയാളം പഠിപ്പിച്ചത് നൂറിലേറെ കുട്ടികളെ. സ്വീഡൻ, ബെൽജിയം, അമേരിക്ക, കാനഡ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം കുട്ടികൾ ക്ലാസിലെത്തുന്നുണ്ട്.

അതത് രാജ്യത്തെ സ്‌കൂൾ സമയം കണക്കിലെടുത്ത് ബാച്ചുകളായി ഗൂഗിൾ മീറ്റിലാണ് റൂബീസ് അക്കാഡമിയുടെ ക്ലാസുകൾ. ഇംഗ്ലീഷ് അറിയില്ലെന്ന മുഖവുരയോടെയാണ് റൂബി തുടങ്ങുക. കുട്ടികൾ എങ്ങനെയെങ്കിലും മലയാളത്തിൽ പറഞ്ഞൊപ്പിക്കും. അവരുടെ വീട്ടിലെയും വിദേശത്തെയും വിശേഷങ്ങളാണ് ചോദിക്കുക. പിന്നാലെ കാര്യത്തിലേക്ക്.
ഇടപ്പള്ളി സെന്റ് ജോർജ് സ്‌കൂൾ ഉൾപ്പെടെ വിദ്യാലയങ്ങളിൽ സോഷ്യൽ സയൻസ് അദ്ധ്യാപികയായിരുന്ന റൂബി പ്രമുഖ ദിനപത്രത്തിലും ചാനലിലും പ്രവർത്തിച്ചിരുന്നു.

മാദ്ധ്യമരംഗത്ത് പ്രവർത്തിക്കുന്ന ഭർത്താവ് റോയിയും അമേരിക്കയിൽ ഐ.ടി മേഖലയിലുള്ള മകൻ ദീപക്കും നഴ്സായ മകൾ ദീപ്തിയുമാണ് റൂബിക്ക് പിന്തുണ.

 എഴുതിത്തന്നെ പഠിക്കണം

മലയാളം അക്ഷരങ്ങൾ ഓൺലൈൻ ബോർഡിലൂടെ (പെൻബോർഡ്) എഴുതി കാണിക്കും. എതിർഭാഗത്തുള്ളവർക്കും ബോർഡുകൾ നൽകിയിട്ടുണ്ട്. ഗ്രാമറും പഠിപ്പിക്കും. ബാച്ചുകളായി രാവിലെ ഏഴിന് തുടങ്ങുന്ന ക്ലാസ് രാത്രി വൈകിയും തുടരും.

തുച്ഛമായ ഫീസ്; സ്നേഹം സമ്പാദ്യം
നാട്ടിൽ വരുമ്പോൾ റൂബി ടീച്ചറിനുള്ള സമ്മാനങ്ങളുമായി കുട്ടികൾ വീട്ടിൽ വരും. ക്ലാസെടുക്കുമ്പോൾ കുട്ടികൾക്ക് നാടിനെക്കുറിച്ചറിയാൻ അതിയായ ആകാംക്ഷയാണ്. ആഘോഷങ്ങളെയും ആചാരങ്ങളെയും കുറിച്ച് അവർ ആവേശത്തോടെയാണ് കേൾക്കുക. ക്ലാസൊന്നിന് 350 മുതൽ 500 വരെ രൂപ മാത്രമാണ് ഫീസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RUBY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA