
പിണറായി (കണ്ണൂർ): ധർമ്മടത്ത് മൂന്നാമതും ജനവിധി തേടാനിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന് ജന്മനാടിന്റെ ഉൗഷ്‌മള വരവേൽപ്പ്. കണ്ണൂർ വിമാനത്താവളം മുതൽ പിണറായി വരെ പാതയോരത്ത് നൂറുകണക്കിനാളുകളാണ് അദ്ദേഹത്തെ കാത്തുനിന്നത്. വിമാനത്താവളത്തിൽ നിന്ന് അഞ്ചരക്കണ്ടി, മമ്പറം വഴി റോഡ് ഷോ ആയാണ് മുഖ്യമന്ത്രി പിണറായിയിലെത്തിയത്.
ഇന്നലെ വൈകിട്ട് മൂന്നരയോടെ ഇൻഡിഗോ വിമാനത്തിലെത്തിയ മുഖ്യമന്ത്രിയെ വിമാനത്താവളത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് ഷാളണിയിച്ച് സ്വീകരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി.ശശി, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എം.സുരേന്ദ്രൻ, പി.പുരുഷോത്തമൻ, ഏരിയാ സെക്രട്ടറിമാരായ കെ.ശശിധരൻ, കെ.ബാബുരാജ് എന്നിവരും എത്തിയിരുന്നു.
പിണറായിയിൽ വർണക്കുടകളും ബലൂണുകളും പ്ലക്കാർഡുകളുമായി സ്‌ത്രീകളും കുട്ടികളും വയോജനങ്ങളും ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ എത്തിയിരുന്നു. ഇന്നു നടക്കുന്ന ധർമ്മടം മണ്ഡലത്തിലെ എൽ.ഡി.എഫ് കൺവെൻഷൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |