
തിരുവനന്തപുരം : കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളും ഇലക്ട്രിക്കൽ സംവിധാനങ്ങളും നിറഞ്ഞ മെഡിക്കൽ കോളേജുകളിൽ ഫയർ ഓഡിറ്റുകൾ പ്രഹസനം. ആരോഗ്യവകുപ്പിന്റെ ചരിത്രത്തിലാദ്യമായി എല്ലാ ആശുപത്രികളിലും സേഫ്റ്റി, ഫയർ ഓഡിറ്റുകൾ പൂർത്തിയായെന്ന് മന്ത്രി വീണാ ജോർജ് എട്ടു മാസം മുമ്പ് അറിയിച്ചിരുന്നു. മാസങ്ങൾക്ക് മുമ്പ് ഫയർ ഓഡിറ്റ് പൂർത്തിയാക്കിയ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സർജറി ഐ.സിയുവിലെ വെന്റിലേറ്റർ ഷോർട്ട് സർക്യൂട്ട് കാരണം ഇന്നലെ തീപിടിച്ചത്. ഇതിന് പിന്നാലെ എല്ലാ മെഡിക്കൽ കോളേജുകളിലും വെന്റിലേറ്റർ സുരക്ഷ പരിശോധിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.
2025 മേയ് രണ്ടിനാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗത്തിലെ എം.ആർ.ഐ മെഷീന്റെ യു.പി.എസ് പൊട്ടിത്തെറിച്ചത്. പി.ഡബ്ല്യു.ഡി ഇലക്ട്കിക്കൽ വിഭാഗവും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വിഭാഗവുമാണ് ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത്. എന്നാൽ മെഡിക്കൽ കോളേജുകളിൽ ഇത് കാര്യക്ഷമമല്ല.. ശസ്ത്രക്രിയ കഴിഞ്ഞ് അബോധാവസ്ഥയിൽ രോഗികൾ കിടക്കുന്ന ഐ.സിയുവിലുണ്ടായ പൊട്ടിത്തെറി അതീവഗുരുതരമായ സുരക്ഷാ വീഴ്ചയാണ്.
ഏകോപനം
വേണം
കെട്ടിടങ്ങളിൽ ക്രമമായ ഇടവേളകളിൽ പരിശോധന നടത്താനോ പോരായ്മകൾ പരിഹരിക്കാനോ ബന്ധപ്പെട്ട ഏജൻസികൾ തയ്യാറാകുന്നില്ലെന്ന ആക്ഷേപം കാലങ്ങളായുണ്ട്. ആശുപത്രി അധികൃതർ കത്ത് നൽകിയാലും അടിയന്തര പ്രധാന്യത്തോടെ സർക്കാർ ഏജൻസികൾ ഇക്കാര്യം പരിഗണിക്കാറുമില്ല. പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗവും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും ആശുപത്രി അധികൃതരും ഏകോപനത്തോടെ പ്രവർത്തിച്ചാൽ മാത്രമേ ഇതിന് പരിഹാരമാകൂ. തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ മാത്രം സ്ഥിതിയല്ല. കോട്ടയം,ആലപ്പുഴ,എറണാകും,കോഴിക്കോട്,തൃശൂർ തുടങ്ങിയ മെഡിക്കൽ കോളേജുകളിലെല്ലാം ഗൗരവതരമായ ഫയർ ഓഡിറ്റും പരിഹാരങ്ങളും വേണമെന്ന് ജീവനക്കാർ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |