
മുർഷിദാബാദ് ജില്ലയിലെ ബെൽഡാംഗയിൽ എട്ട് ഏക്കറിൽ നിർമ്മിക്കുന്ന ഒരു മുസ്ളിം പള്ളി പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ ചൂടേറിയ വിഷയമാണ്. അയോദ്ധ്യയിൽ തകർക്കപ്പെട്ട ബാബറി മസ്‌ജിദിന്റെ പേരിൽ പള്ളി നിർമ്മിക്കുന്നത് തൃണമൂൽ കോൺഗ്രസ് പുറത്താക്കിയ ആം ജനതാ ഉന്നയാൻ പാർട്ടി (എ.ജെ.യു.പി) നേതാവ് ഹുമയൂൺ കബീർ.
ബെൽഡാംഗ-അംതാലാ റോഡരുകിലെ നിർമ്മാണ സ്ഥലത്ത് തീർത്ഥാടന കേന്ദ്രം പോലെ ഏറെപ്പേരെത്തുന്നു. ഇസ്ളാമിക തൊപ്പിയും ഗ്രന്ഥങ്ങളും വിൽക്കുന്ന കടകളും നമാസ് ചെയ്യാൻ താത്‌കാലിക ഷെഡും. ഫൗണ്ടേഷന് വലിയ കുഴിയെടുത്തത് കാണാം. ചുറ്റുമതിൽ നിർമ്മാണവും പുരോഗമിക്കുന്നു. ആളുകൾ സംഭാവനയായി നൽകിയ ഇഷ്‌ടികകൾ കൂട്ടിയിട്ടിരിക്കുന്നു. പള്ളി നിർമ്മാണത്തിന് കോടതി അനുമതി നൽകിയതാണ്.
പത്തു കിലോമീറ്റർ അകലെ ജങ്കാറിൽ ഭാഗീരഥി നദി കടന്ന് കബീറിന്റെ നരികേൽബരി ഗ്രാമത്തിലെത്തി. പഴയ ഒരു കെട്ടിടത്തിലാണ് പാർട്ടി ഓഫീസും വസതിയും. കബീർ പള്ളിയിൽ പോയെന്ന് സി.ഐ.എസ്.എഫുകാർ പറഞ്ഞു. കുറച്ചു നേരം കഴിഞ്ഞ് മഹീന്ദ്ര എസ്.യു.വിയിൽ വന്നിറങ്ങി. കേരളത്തിലെ പത്രമെന്നറിഞ്ഞ് ഓഫീസിലേക്ക് കൂട്ടി.
പള്ളിയുടെ പേരിലാണ് തൃണമൂൽ പുറത്താക്കിയതെന്ന് കബീർ പറഞ്ഞു. പേരുമാറ്റാനും നിർമ്മാണം തടയാനും തൃണമൂൽ നേതാവ് അഭിഷേക് ബാനർജി നേരിട്ട് ശ്രമിച്ചു. വഴങ്ങാതിരുന്നപ്പോൾ പുറത്താക്കി. രാജ്യത്ത് ക്ഷേത്രങ്ങൾ നിർമ്മിക്കാം. പള്ളിക്ക് മാത്രമാണ് പ്രശ്‌നം- കബീർ പറഞ്ഞു.
25,000 ആളുകൾക്ക് നമാസ് നടത്താം. ബാബറി മസ്ജിദിന്റെ സാദൃശ്യം പേരിൽ മാത്രം. 56 കോടി ബഡ്‌ജറ്റിൽ നിർമ്മാണം. കബീറിന്റെ ബംഗാൾ ഇസ്ളാമിക് ഫൗണ്ടേഷൻ 2025ൽ സ്ഥലം വാങ്ങി ഡിസംബർ ആറിന് തറക്കല്ലിട്ടു. 8 ഏക്കറിലെ പള്ളിക്ക് പുറമെ 13 ഏക്കറിൽ ആശുപത്രി,സർവകലാശാല,ഹോട്ടൽ എന്നിവയും വരും.
?എ.ജെ.യു.പിയുടെ ജയസാദ്ധ്യതകൾ
ഇപ്പോഴുള്ള 142 സ്ഥാനാത്ഥികളിൽ നിന്ന് 25-70 പേരെങ്കിലും തൃണമൂൽ ഭീഷണിയിൽ പിൻമാറിയേക്കും. മുർഷിദാബാദിൽ 90 ശതമാനം മുസ്ളിം വോട്ടുകളും 80-85 സീറ്റിൽ ജയവും ഉറപ്പ്.
?ബി.ജെ.പി 1000 കോടി തന്നുവെന്ന തൃണമൂൽ ആരോപണം
ഒളികാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ച ശേഷം ആരോപണമുള്ള ഭാഗങ്ങൾ എ.ഐ ഉപയോഗിച്ച് മാറ്റിയതാണ്. ബി.ജെ.പി എന്തിന് മുസ്ളിം പള്ളി നിർമ്മിക്കാൻ പണം നൽകണം.
?താങ്കൾ ബി.ജെ.പിയുടെ ബി ടീമാണോ
ഇപ്പോൾ ബി.ജെ.പിയുമായി യാതൊരു ബന്ധവുമില്ല.
ഹുമയൂൺ കബീർ
2012: കോൺഗ്രസ്, 2013-2016: തൃണമൂൽ(സംസ്ഥാന മന്ത്രി), 2016-2018: സ്വതന്ത്രൻ, 2018-2021: ബി.ജെ.പി, 2021-2025: തൃണമൂൽ, 2026: എ.ജെ.യു.പി. നിലവിൽൽ ഭരത്പൂർ എം.എൽ.എ. നിലവിൽ ഭരത്പൂർ എം.എൽ.എ. മത്സരിക്കുന്നത് മുർഷിദാബാദിലെ റെജിനഗറിലും നൊവാദയിലും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |