
തിരുവനന്തപുരം: പാമ്പുകടിയേറ്റവരുമായി ആന്റി സ്നേക്ക് വെനം ലഭ്യമായ ആശുപത്രികൾ തേടി അലയുന്നത് ഒഴിവാക്കാൻ 'കനിവ് 108' ആംബുലൻസ് സേവനം പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
146 ആശുപത്രികളിൽ ആന്റിവെനം ലഭ്യമാണ്. താലൂക്ക് ആശുപത്രികൾ മുതൽ മുകളിലോട്ടുള്ള ആരോഗ്യകേന്ദ്രങ്ങളിലും ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ചികിത്സാ സൗകര്യമുണ്ട്.
ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ ജില്ലാതല യോഗങ്ങൾ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. എല്ലാ ആശുപത്രികളും നിശ്ചിത ചികിത്സാ പ്രോട്ടോക്കോൾ പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു. അടിയന്തര സാഹചര്യങ്ങളിൽ 108 എന്ന നമ്പറിൽ ബന്ധപ്പെടുക.
108 ആംബുലൻസിൽ നിന്ന്
ആശുപത്രിയിൽ അറിയിക്കും
ആന്റിവെനം സ്റ്റോക്കുള്ള ഏറ്റവും അടുത്ത ആശുപത്രി ഏതാണെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും ആംബുലൻസ് രോഗിയെ എത്തിക്കുക.
രോഗിയെ എത്തിക്കുന്ന വിവരം ആശുപത്രി അധികൃതരെ മുൻകൂട്ടി അറിയിക്കുന്നതിലൂടെ ചികിത്സ വൈകുന്നത് ഒഴിവാക്കാം.
ആംബുലൻസിലെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാർ വഴി പ്രഥമ ശുശ്രൂഷയും നിരന്തര നിരീക്ഷണവും ഉറപ്പാക്കും.
പരിഭ്രാന്തി അരുത്
വാഹനം വരുന്നതുവരെ രോഗി പരിഭ്രാന്തനാകാതെ നോക്കണം. ഭയം കൂടുമ്പോൾ രക്തയോട്ടം വർദ്ധിക്കുകയും വിഷം വേഗത്തിൽ ശരീരത്തിൽ പടരുകയും ചെയ്യും. രോഗിയെ ഓടാനോ നടക്കാനോ അനുവദിക്കരുത്. മുറിവ് അമിതമായി മുറുക്കിക്കെട്ടരുത്. കടിയേറ്റ ഭാഗം അനക്കാതെ സ്ട്രെച്ചറിലോ മറ്റോ കിടത്തി വേണം ആശുപത്രിയിൽ എത്തിക്കാൻ.
ആന്റിവെനം നൽകുന്നതിൽ വീഴ്ച പാടില്ല
പാമ്പ് കടി തിരിച്ചറിയാതെ പോകരുതെന്നും ആന്റി വെനം നൽകുന്നതിൽ വീഴ്ച പാടില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ യോഗത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ നിർദ്ദേശം നൽകി.പാമ്പുകടി തിരിച്ചറിയാൻ ജീവനക്കാർക്ക് പരിശീലനം നൽകണം.
വിവിധ തരം പാമ്പുകളുടെ ആക്രമണം തിരിച്ചറിയാനാകണം. അത്യാഹിത വിഭാഗത്തിലെത്തുന്ന കേസുകളിൽ പാമ്പ് കടിക്കുള്ള സാധ്യത കൂടി പരിശോധിക്കണം.
പാമ്പു കടിയേറ്റ് മൂന്നു പേർ മരിച്ച സാഹചര്യത്തിലാണ് യോഗം ചേർന്നത്. 3 മരണങ്ങളിലും പാമ്പു കടി സാധ്യത ആദ്യഘട്ടത്തിൽ സ്ഥിരീകരിച്ചിരുന്നില്ല. രോഗികൾ മരിച്ച ശേഷമാണ് സ്ഥിരീകരിച്ചത്.ചൂട് കൂടിയതോടെ പാമ്പുകടി മരണങ്ങളിൽ ആശുപത്രികൾ പ്രത്യേക ജാഗ്രത പുലർത്തണം.
ആന്റിവെനം ആശുപത്രികളിൽ സ്റ്റോക്കുണ്ടെന്ന് ആരോഗ്യവകുപ്പ്
പാമ്പുകടി ചികിത്സയ്ക്കുള്ള ആന്റിസ്നേക്ക് വെനം താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളിലും സ്റ്റോക്കുണ്ടെന്ന് ആരോഗ്യ വകുപ്പ്. മെഡിക്കൽ കോളേജുകൾ, ജനറൽ ആശുപത്രികൾ,ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. അതേസമയം, കഴിഞ്ഞ ദിവസം ചിറയിൻകീഴും കായംകുളത്തും പാമ്പുകടിയേറ്റ് രണ്ടുപേർ മരിച്ചതിൽ ചികിത്സാപ്പിഴവുണ്ടായെന്ന ആരോപണം ശക്തമാക്കുകയാണ് ബന്ധുക്കൾ. ചിറയിൻകീഴ് എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാവീഴ്ചയില്ലെന്ന ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോർട്ട് ശരിയല്ലെന്ന് കുട്ടിയുടെ പിതാവ് ദിലീപ് പറഞ്ഞു. പാമ്പ് കടിയേറ്റെന്ന് സ്ഥിരീകരിക്കാൻ ആയില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. കായംകുളത്ത് പാമ്പ് കടിയേറ്റ് മരിച്ച സെലീനയ്ക്ക് ആശുപത്രിയിൽ നിന്ന് ആന്റിവെനം നൽകിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മതിയായ ചികിത്സ നൽകിയില്ല. അതേസമയം, സെലീനയുടെ കാര്യത്തിൽ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന് കായംകുളം സർക്കാർ ആശുപത്രി സൂപ്രണ്ട് ഡോ.ഷാജി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |