SignIn
Kerala Kaumudi Online
Thursday, 25 June 2026 3.13 AM IST

മുല്ലപ്പെരിയാർ ജലനിരപ്പ് താഴുന്നു

READ ENGLISH VERSION
thekkady

□തേക്കടിയിൽ ബോട്ട സവാരിക്ക് നിയന്ത്രണം

കുമളി: കനത്ത ചൂടിനെത്തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ, തേക്കടിയിൽ ബോട്ട് സവാരിക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 110 അടിയായി താഴ്ന്നു. ഈ സാഹചര്യത്തിൽ, തടാകത്തിലെ മൺതിട്ടകളിലും ജലത്തിനടിയിലെ മരക്കുറ്റികളിലും തട്ടി അപകടമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാലാണ് നിയന്ത്രണംഏർപ്പെടുത്തിയത്.

സുരക്ഷ കണക്കിലെടുത്ത് വനം വകുപ്പിന്റെയും കെ.ടി.ഡി.സി.യുടെയും ബോട്ടുകളിൽ സഞ്ചാരികളുടെ എണ്ണം പകുതിയിലധികം വെട്ടിക്കുറച്ചു. 120 പേർക്ക് കയറാവുന്ന ബോട്ടിൽ ഇപ്പോൾ 40 പേർക്കാണ് അനുമതിയുള്ളത്. യാത്രക്കാരുടെ എണ്ണം കുറച്ചതോടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പൂർണ്ണമായും നിറുത്തി. ഓഫ്‌ലൈൻ ടിക്കറ്റുകൾ കുറവായതിനാൽ ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന വിനോദസഞ്ചാരികൾ ബോട്ട് യാത്ര നടത്താനാകാതെ മടങ്ങുകയാണ്. ജലനിരപ്പ് 109 അടിയായി താഴ്ന്നാൽ കെ.ടി.ഡി.സി.യുടെ ബോട്ട് സർവീസ് പൂർണ്ണമായും നിറുത്തേണ്ടി വരും. ജലനിരപ്പ് താഴുമ്പോൾ ലാൻഡിംഗിൽ നിന്ന് രണ്ട് കിലോമീറ്റർ മാറി താത്കാലിക ജെട്ടി നിർമ്മിക്കാറുണ്ടെങ്കിലും ഇത്തവണ വനം വകുപ്പിന്റെ ഭാഗത്തു നിന്ന് കാലതാമസമുണ്ടായതായി ആക്ഷേപമുണ്ട്. കുമളിയിലെ വ്യാപാരികളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെത്തുടർന്ന് താത്കാലിക ജെട്ടി ഉടൻ നിർമ്മിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

തമിഴ്നാടിന് തിരിച്ചടി

ജലനിരപ്പ് 104 അടിയിലെത്തിയാൽ തമിഴ്നാട്ടിലേക്ക് ജലം കൊണ്ടുപോകാൻ സാധിക്കില്ല. നിലവിൽ ജലനിരപ്പ് താഴ്ന്നതിനാൽ തമിഴ്നാട് വൈദ്യുതി ഉത്പാദനം താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾക്കാണ് കൃഷി ആവശ്യങ്ങൾക്കായി തടാകത്തിലെ ജലം പ്രയോജനപ്പെടുന്നത്.

തേക്കടിയിലെ ബോട്ട് സവാരി നിലച്ചാൽ ടൂറിസം മേഖലയെയും ബാധിക്കും. ആയിരക്കണക്കിന് തൊഴിലാളികൾക്കൊപ്പം ഹോം സ്റ്റേകൾ, റിസോർട്ടുകൾ, സ്‌പൈസസ് ഷോപ്പുകൾ എന്നിവയുടെ നിലനിൽപ്പും പ്രതിസന്ധിയിലാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA