
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗിലേക്കുവരെ കാര്യങ്ങൾ എത്തിയത് വൈദ്യുതി വാങ്ങാനുള്ള അനുമതി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വൈകിച്ചതുകൊണ്ടാണെന്ന് ആക്ഷേപം ശക്തം.
മന്ത്രിയും പവർ സെക്രട്ടറിയും കടുത്ത സമ്മർദ്ദം ചെലുത്തിയശേഷമാണ് കമ്മിഷൻ അനുമതി നൽകിയത്. എന്തിന് വൈകിപ്പിച്ചുവെന്നത് ഇപ്പോഴും ദുരൂഹമാണ്. ഇതിന്റെ വസ്തുതയറിയാൻ ഇന്നലെ മന്ത്രി കെ.കൃഷ്ണൻകുട്ടി നേരിട്ടിറങ്ങി.
വിഷുവിന് മുമ്പ് ഏപ്രിൽ 8നാണ് 250മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് പത്തുരൂപയിൽ കൂടുതൽ നൽകി വാങ്ങാൻ അനുമതി തേടിയത്.പഞ്ചാബ് സർക്കാരുമായി ഉണ്ടാക്കിയിരുന്ന സ്വാപ് കരാർ അപ്രതീക്ഷിതമായി റദ്ദായ സാഹചര്യത്തിലായിരുന്നു അത്. എന്നാൽ കമ്മിഷൻ നടപടിയെടുത്തില്ല. 22ന് നിശ്ചയിച്ച തെളിവെടുപ്പ് 24 മാറ്റി. എന്നിട്ടും ഉത്തരവിറക്കിയില്ല. പകരം കെ.എസ്.ഇ.ബിയെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്.സാങ്കേതിക പിഴവുണ്ടെങ്കിലും പ്രതിസന്ധി മറികടക്കാൻ ഉടൻ അനുമതി നൽകണമെന്ന കെ.എസ്.ഇ.ബിയുടെ അഭ്യർത്ഥന തള്ളി. ഒടുവിൽ മന്ത്രി നേരിട്ട് ഇടപെട്ടു. എന്നിട്ടും ഉത്തരവിറക്കിയത് 26ന് ഞായറാഴ്ച. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കെ.എസ്.ഇ.ബിക്ക് ഉത്തരവ് കിട്ടിയത്. അപ്പോഴേക്കും ഡേ എഹെഡ് വിപണിയിൽ വൈദ്യുതി ലഭ്യമല്ലാതാകുകയും ചെയ്തു.വിലയും കൂടി. പ്രതിസന്ധി രൂക്ഷമായതോടെ ലോഡ് ഷെഡ്ഡിംഗിന് സമാനമായ സാഹചര്യവുമായി. കമ്മിഷന്റെ ഉദാസീനതയിൽ പ്രതിഷേധിച്ച് വൈദ്യുതി ജീവനക്കാർ എംപ്ളോയീസ് യൂണിയൻ,വർക്കേഴ്സ് ഫെഡറേഷൻ,കോൺഫെഡറേഷൻ എന്നിവയുടെ നേതൃത്വത്തിൽ കമ്മിഷൻ ഓഫീസിലേക്ക് തിങ്കളാഴ്ച മാർച്ച് നടത്തിയിരുന്നു.
കമ്മിഷൻ അംഗങ്ങളെ
മന്ത്രി വിളിച്ചുവരുത്തി
നടപടികളിലെ ദുരൂഹത അറിയാൻ ഇന്നലെ രാവിലെ മസ്‌ക്കറ്റ് ഹോട്ടലിൽ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി റെഗുലേറ്ററി കമ്മിഷൻ അംഗങ്ങളെ കൂടിക്കാഴ്ചയ്ക്ക് വിളിച്ചു. കമ്മിഷൻ എന്ത് വിശദീകരണം നൽകിയെന്നത് വ്യക്തമല്ല. നടപടികൾ വൈകിയതിനെക്കുറിച്ച് റെഗുലേറ്ററി കമ്മിഷനോടാണ് ചോദിക്കേണ്ടതെന്നാണ് കൂടിക്കാഴ്ചയ്ക്കുശേഷം മന്ത്രി പറഞ്ഞത്. കെ.എസ്.ഇ.ബി നൽകുന്ന അപേക്ഷയിൽ പെട്ടെന്ന് തീരുമാനമെടുക്കേണ്ട ഉത്തരവാദിത്തം റെഗുലേറ്ററി കമ്മിഷനുണ്ടെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |