SignIn
Kerala Kaumudi Online
Monday, 11 May 2026 2.49 AM IST

ഇവിടെയുണ്ട്, 'തുപ്പാക്കി' വിജയ്‌‌യുടെ പിതാവ് ,​ അഭിനയ ഓർമ്മകളിൽ ശങ്കരനാരായണൻ

Increase Font Size Decrease Font Size Print Page
xz

തിരുവനന്തപുരം: 'നീങ്ക കലക്കീട്ട്‌ങ്കെ സർ...' ക്യാമറ കട്ട് പറഞ്ഞതോടെ അരികിലെത്തി വിജയ് പുഞ്ചിരിയോടെ അഭിനന്ദിച്ചത് ഇന്നലെയെന്നപോലെ മലയാളിയായ കെ.ശങ്കരനാരായണന്റെ മനസിലുണ്ട്. 2012ൽ പുറത്തിറങ്ങിയ 'തുപ്പാക്കി' സിനിമയിൽ പിതാവിന്റെ വേഷം ഗംഭീരമാക്കിയതിന് പുത്രനായി വേഷമിട്ട മഹാനടന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനം. ഇന്നലെ ചെന്നൈ നെഹ്‌റു സ്‌റ്റേഡിയത്തിൽ വിജയ് തമിഴകത്തിന്റെ മുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലുമ്പോൾ തിരുവനന്തപുരത്തെ വസതിയിൽ അതിരുകളില്ലാത്ത ആഹ്ലാദത്തിലായിരുന്നു ശങ്കരനാരായണൻ.

'തുപ്പാക്കി'യിൽ വിജയ്‌യുടെ അച്ഛന്റെ വേഷമായിരുന്നു ശങ്കരനാരായണന്. കരുമം കൊല്ലംതോപ്പ് റോഡിലെ 'വിഷ്ണുകൃപ'യിലിരുന്ന് വിജയ്‌യുടെ സത്യപ്രതിജ്ഞ ടിവിയിൽ കാണുമ്പോൾ 'തുപ്പാക്കി'യുടെ സെറ്റ് ഫ്ളാഷ് ബാക്ക് എന്നപോലെ 75കാരനായ ശങ്കരനാരായണന്റെ ഓർമ്മകളിൽ നിറഞ്ഞു. 'അച്ഛന്റെ വേഷമെന്ന് പറഞ്ഞായിരുന്നു എ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കാൻ അവസരം വന്നത്. ആരുടെ അച്ഛനാണെന്ന് ചോദിപ്പോഴാണ് വിജയ്‌യുടേതെന്ന മറുപടി കിട്ടിയത്.

ഇതോടെ തെല്ല് ആശങ്കയായി. ഷൂട്ടിംഗ് സെറ്റിലെത്തിയതോടെ അത് മാറി. താരജാഡകളില്ലാതെ എല്ലാവരോടും സംസാരിക്കുന്ന വിജയ് എനിക്ക് അത്ഭുതമായിരുന്നു. അരികിലെത്തുന്നവരോടെല്ലാം കുശലം ചോദിക്കുന്നയാൾ. ഡയറക്ടറുടെ നിർദ്ദേശങ്ങൾ അതേപടി അനുസരിക്കുന്ന,​ സഹപ്രവർത്തകരോട് അഭിപ്രായങ്ങൾ ആരായുന്ന, ഒപ്പം നിറുത്തി ഫോട്ടോയെടുക്കാൻ വിസമ്മതം പ്രകടിപ്പിക്കാത്ത താരത്തെയാണ് ഞാൻ കണ്ടത്.

മൂന്നുദിവസത്തോളം വിജയ്‌ക്കൊപ്പം ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്നത് ഒരിക്കലും മറക്കാനാവില്ല. ഒരു ദിവസം അദ്ദേഹത്തോടൊപ്പം ഫോട്ടോയെടുക്കാനും അനുവാദം തന്നു. 'തുപ്പാക്കി'യിലെ സീനുകളിലൊന്നിലെ അഭിനയത്തിന് അദ്ദേഹം അഭിനന്ദിച്ചത് നടനെന്ന നിലയിൽ എനിക്ക് ലഭിച്ച വലിയ അംഗീകാരമായി കരുതുന്നു- ശങ്കരനാരായണൻ പറഞ്ഞു.

ചെന്നൈയിൽ 'ഇന്ത്യ ബുക്ക് ഹൗസിൽ' ജോലിനോക്കവേയാണ് നാടകത്തിലും തുടർന്ന് സിനിമകളിലും അഭിനയിക്കാൻ അവസരം കിട്ടുന്നത്. തമിഴിലടക്കം 30ഓളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ ശങ്കരനാരായണൻ അഭിനയിച്ചു. 2014ലാണ് ചൈന്നെയിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തുന്നത്.


വിജയ്‌‌ക്ക് കത്തയയ്ക്കും
വിജയ് മുഖ്യമന്ത്രിയായി ചുമതലയേറ്റതോടെ അദ്ദേഹത്തെ അഭിനന്ദിച്ച് കത്തയയ്ക്കാനുള്ള തീരുമാനത്തിലാണ് ശങ്കരനാരായണൻ. നേരിൽ കാണണമെന്നും ആഗ്രഹിക്കുന്നു. ശങ്കരനാരായണന്റെ ഭാര്യ ഇന്ദിര. മകൾ ലാവണ്യ.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA