SignIn
Kerala Kaumudi Online
Saturday, 16 May 2026 1.35 AM IST

സൗജന്യയാത്ര, ആശാവേതന വർദ്ധന ക്ഷേമത്തിലൂടെ തുടങ്ങാൻ വി.ഡി. സതീശൻ സർക്കാർ, ആദ്യ ക്യാബിനറ്റിൽ പ്രഖ്യാപനമുണ്ടായേക്കും

sateesan

തിരുവനന്തപുരം: ചരിത്രവിജയം സമ്മാനിച്ച ജനങ്ങൾക്ക് തിരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനം ചെയ്ത ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ടാകും വി.ഡി.സതീശൻ സർക്കാരിന്റെ തുടക്കം. സത്യപ്രതിജ്ഞയ്ക്കു ശേഷം തിങ്കളാഴ്ച ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽതന്നെ ഏതാനും ജനക്ഷേമ പ്രഖ്യാപനങ്ങളുണ്ടാവുമെന്നാണ് സൂചന. സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യയാത്ര, ആശമാരുടെ പ്രതിദിന വേതനം കുറഞ്ഞത് 700രൂപയാക്കൽ, ആരോഗ്യപദ്ധതികൾ, യുവാക്കളുടെ സംരംഭങ്ങൾക്ക് വായ്പ അടക്കമുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. ചീഫ്സെക്രട്ടറി ഇതിനായുള്ള അജണ്ട തയ്യാറാക്കിയെന്നാണ് വിവരം.

സ്ത്രീകളുടെ സൗജന്യയാത്ര പദ്ധതിക്ക് പ്രതിമാസം 90 കോടിയുടെ അധികച്ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഓർഡിനറി, ഫാസ്റ്റ്പാസഞ്ചർ ബസുകളിൽമാത്രം അനുവദിച്ചാലും 60കോടി വേണ്ടിവരും. പ്രതിദിനം 23 ലക്ഷത്തോളമുള്ള യാത്രക്കാരിൽ 45ശതമാനവും സ്ത്രീകളാണ്. റിസർവേഷനും സൂപ്പർക്ലാസ് യാത്രയുമൊഴികെ സൗജന്യയാത്ര അനുവദിക്കാനാണ് ആലോചന. പരസ്യവരുമാനവും സർവീസുകളും കൂട്ടി ഈ ചെലവ് കണ്ടെത്താനാണ് ശ്രമം.

ആശമാരുടെ വേതനം പ്രതിദിനം കുറഞ്ഞത് 700രൂപയാക്കി വർദ്ധിപ്പിക്കുമെന്നാണ് വാഗ്ദാനം. എൽ.ഡി.എഫ് സർക്കാരിന്റെ അവസാനകാലത്ത് പ്രതിമാസ ഓണറേറിയം1000രൂപ വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. 26,125 ആശമാർക്ക് ഈ തുക നൽകാൻ പ്രതിവർഷം 250 കോടി അധികചെലവുണ്ടാവും. നിലവിലെ ഓണറേറിയത്തിൽ പ്രതിമാസം 3000രൂപ വർദ്ധിപ്പിക്കാൻ പ്രതിവർഷം 94.05കോടി വേണ്ടിവരും.

ഇന്ദിരാ ക്യാന്റീൻ,

വിജി. കമ്മിഷൻ

നഗരങ്ങളിൽ 50രൂപയ്ക്ക് മൂന്നുനേരത്തേ ഭക്ഷണം ലഭ്യമാക്കുന്ന ഇന്ദിരാക്യാന്റീനുകൾ പ്രഖ്യാപിച്ചേക്കാം. ഊണിന് മുപ്പതും പ്രഭാത-രാത്രി ഭക്ഷണത്തിന് 10രൂപ വീതവും. കൊച്ചിയിൽ ഇന്ദിരാക്യാന്റീനുണ്ട്.

ഭരണതലത്തിലെ അഴിമതി തടയാൻ വിജിലൻസ് കമ്മിഷൻ രൂപീകരിച്ചേക്കും. വിജിലൻസ് മേധാവി മനോജ്എബ്രഹാമുമായി വി.ഡി.സതീശൻ ഇന്നലെ കൂടിക്കാഴ്ച നടത്തി. കർഷകർക്ക് ഉപാധിരഹിത പട്ടയത്തിനുള്ള നടപടികളും പ്രഖ്യാപിച്ചേക്കാം.

ലഹരിമുക്ത കേരളത്തിനായി മുതിർന്ന ഐ.പി.എസുദ്യോഗസ്ഥന്റെ നേതൃത്വത്തിൽ 'ബ്രേക്ക് ദി ഡ്രഗ് ചെയിൻ' പദ്ധതി ആരംഭിച്ചേക്കും. അഞ്ചു വർഷത്തിനുള്ളിൽ 5ലക്ഷം പേർക്ക് വീട് നൽകുമെന്നതും പ്രഖ്യാപിച്ചേക്കും. കാരുണ്യ, ശ്രുതിതരംഗം പദ്ധതികൾ പുനരാരംഭിക്കും.

വരും, പുതിയ

വകുപ്പുകൾ

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായും യുവാക്കളുടെ ഉന്നമനത്തിനായും പുതിയവകുപ്പുകൾ രൂപീകരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. മതസൗഹാർദ്ദം ഉറപ്പാക്കാൻ 'മിനിസ്ട്രി ഒഫ് ടോളറൻസും' സമാധാനത്തിനായി 'പീസ് ആൻഡ് ഹാർമണി' വകുപ്പും സ്ഥാപിക്കുമെന്ന പ്രഖ്യാപനവും നടപ്പാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA