
തിരുവനന്തപുരം: വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് വകുപ്പുകളെ ഏകോപിപ്പിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന്റെ അടിയന്തര ഇടപെടൽ. ദുരന്തസ്ഥലത്തെത്തി, രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനത്തിന് മന്ത്രിമാരായ എ.പി.അനിൽ കുമാറിനെയും ടി.സിദ്ദിഖിനെയും നിയോഗിച്ചു.
ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്തെത്തിയ മുഖ്യമന്ത്രി, സ്ഥിതിഗതികൾ വിലയിരുത്തി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മിഷണർ എച്ച്.ദിനേശൻ, റവന്യൂ- ഡിസാസ്റ്റർ മാനേജ്മെന്റ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി കെ.ജീവൻ ബാബു, ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്ത അടിയന്തര യോഗവും ചേർന്നു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ക്രമീകരണങ്ങൾ വിലയിരുത്തി. ഇതുസംബന്ധിച്ച് ഫയർഫോഴ്‌സ് മേധാവിക്കും വയനാട് ജില്ലാ പൊലീസ് മേധാവിക്കും ആവശ്യമായ നിർദ്ദേശം നൽകി.
കരാറുകാരുടെ ഭാഗത്ത് വീഴ്ച: മുഖ്യമന്ത്രി
അപകടസ്ഥലത്തെ മണ്ണ് നീക്കം ചെയ്യാൻ കളക്ടറും ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും നേരത്തേ ഉത്തരവിറക്കിയിരുന്നതാണെന്നും കരാറുകാർ പാലിച്ചില്ലെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ. പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലും അടിയന്തരമായി മണ്ണ് നീക്കാൻ നിർദ്ദേശിച്ചിരുന്നു. സുരക്ഷാ മാനദണ്ഡം പാലിക്കാതെയാണ് നിർമ്മാണമെന്ന പരാതിയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പൊലീസിനും ഫയർഫോഴ്‌സിനും പുറമേ എൻ.ഡി.ആർ.എഫ്, ഡിഫൻസ് സെക്യൂരിറ്റിഫോഴ്‌സ് അംഗങ്ങളെയും നിയോഗിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉത്തവാദികൾക്കെതിരെ നടപടി: മന്ത്രി ടി.സിദ്ദിഖ്
ദുരന്തത്തെ തുടർന്നുള്ള എല്ലാ നടപടികളും സർക്കാർ ഏകോപിപ്പിക്കുന്നുണ്ടെന്ന് മന്ത്രി ടി.സിദ്ദിഖ് പറഞ്ഞു. മുൻകൂർ നൽകിയ നിർദ്ദേശങ്ങളും മുന്നറിയിപ്പും അവഗണിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. നിർദ്ദേശങ്ങൾ എന്തുകൊണ്ടാണ് നടപ്പാക്കാതിരുന്നതെന്ന് പരിശോധിച്ച് ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |