
തിരുവനന്തപുരം: സംസ്ഥാനത്ത് അന്വേഷണം നേരിടുന്ന സഹകരണ സംഘങ്ങളുടെ പട്ടിക തയ്യാറാക്കാൻ സഹകരണ വകുപ്പിന്റെ തീരുമാനം. അപാകതകൾക്കിടയാക്കിയ സാഹചര്യങ്ങൾ അടിസ്ഥാനമാക്കി പ്രതിസന്ധിയിലായ സംഘങ്ങളെ പ്രത്യേകം തരംതിരിക്കും. സഹകരണ സംഘങ്ങൾക്കെതിരെ അസിസ്റ്റന്റ്, ജോയിന്റ് രജിസ്ട്രാർമാർ അന്വേഷണം നടത്തി സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. സഹകരണ നിയമത്തിലെ 65, 66, 68 വകുപ്പുകൾ പ്രകാരം അന്വേഷണം നേരിടുന്ന സഹകരണ സംഘങ്ങളുടെ ഡാറ്റാബേസാണ് തയ്യാറാക്കുക. ക്രമക്കേടുകളെ തുടർന്ന് രജിസ്ട്രാർ നടത്തുന്ന അന്വേഷണം, ജീവനക്കാരുടെ നിയമനത്തിലെ ക്രമക്കേട്, സഹകരണ വകുപ്പിന്റെ ഓഡിറ്റ് /പരിശോധനയിൽ കണ്ടെത്തുന്ന ക്രമക്കേടുകൾ എന്നിവയാണ് ഈ വകുപ്പുകളുടെ പരിധിയിലുള്ളത്.
നിക്ഷേപകർക്ക് നിക്ഷേപത്തുക സമയബന്ധിതമായി തിരികെ നൽകാനുള്ള നടപടിയും ഇതിലുണ്ടാകും. ക്രമക്കേടുകളിൽ ഭരണസമിതി അംഗങ്ങളിൽ നിന്ന് പിഴ ഈടാക്കുന്നതിനും ശിക്ഷാ നടപടികൾ വേഗത്തിലാക്കുന്നതിനുമായി പ്രത്യേകം മോണിറ്ററിംഗ് സെൽ രൂപീകരിക്കും. നിക്ഷേപകരെ സംരക്ഷിക്കുന്നതിനായി ഡിപ്പോസിറ്റ് ഗ്യാരന്റി ഫണ്ട്, പുനരുദ്ധാരണ ഫണ്ട്, റിസർവ് ഫണ്ട് എന്നിവ ഒരുമിച്ച് ചേർത്ത് പ്രത്യേക ഫണ്ട് രൂപീകരിക്കും. ഗുരുതരമായ രോഗം ബാധിച്ചവരുടേയും മരണപ്പെട്ടവരുടെയും വായ്പാ ബാധ്യത ഒഴിവാക്കുന്നതിനായി റിസ്‌ക് ഫണ്ട് പദ്ധതി വിപുലീകരിക്കുന്നതും പരിഗണനയിലുണ്ട്. വായ്പയെടുത്തവർ മരണപ്പെട്ടാൽ വായ്പ ബാധ്യതയിൽ മൂന്നുലക്ഷം രൂപ വരെ ഒഴിവാക്കാനാണ് ആലോചന. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |