
തിരുവനന്തപുരം: വനാവകാശ നിയമം സംസ്ഥാനത്ത് പൂർണ്ണമായി നടപ്പിലാക്കുമെന്ന് മന്ത്രി കെ.എ.തുളസി നിയമസഭയെ അറിയിച്ചു. ഇതു വരെ 39043.58 ഏക്കർ ഭൂമിയ്ക്കായി 29523 വ്യക്തിഗത വനാവകാശങ്ങൾ വിതരണം ചെയ്തു. 284 സാമൂഹിക അവകാശങ്ങൾ രേഖാമൂലം 788316.14 ഏക്കർ ഭൂമിക്കായി നൽകിയിട്ടുണ്ട്.
വനാവകാശ നിയമ പ്രകാരം വ്യക്തിഗത വനാവകാശരേഖ അനുവദിച്ചിട്ടുള്ള പട്ടികവർഗ്ഗ സങ്കേതങ്ങൾ, ഊരുകൾ (ഫോറസ്റ്റ് വില്ലേജ് ) എന്നിവ റവന്യൂ വില്ലേജുകളായി പരിവർത്തനം ചെയ്യുന്നതിന് ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി. നിയമം പൂർണ്ണമായി നടപ്പിലാക്കുന്നതിന് കേന്ദ്ര പദ്ധതി പ്രകാരം ജില്ലാ തലങ്ങളിൽ 9 എഫ്.ആർ.എ. സെല്ലുകൾ രൂപീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ഭൂരഹിത പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് വിവിധ പദ്ധതികളിലൂടെ അനുവദിക്കുന്ന ഭൂമിക്ക് നൽകുന്ന കൈവശാവകാശ രേഖ, പട്ടയം എന്നിവയിൽ ഭൂമി വിൽക്കാനോ അന്യാധീനപ്പെടുത്താനോ പാടില്ലെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കർഷകർക്ക് പലിശ രഹിത വായ്പ
വനമേഖലയിലെ കർഷകർക്ക് പലിശ രഹിത വായ്പ നൽകുന്ന കാര്യം സർക്കാർ ആലോചിക്കുമെന്നു മന്ത്രി ഷിബു ബേബി ജോൺ.വന്യമൃഗ ശല്യം തടയുന്നതിന് വനം വകുപ്പ് നിർമ്മിക്കുന്ന സോളാർ വേലികളുടെ പരിപാലനം പഞ്ചായത്തുകളെ ഏൽപ്പിക്കന്ന കാര്യവും പരിഗണനയിലാണെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു.
സമഗ്ര ജലനയം ആവിഷ്കരിക്കും
സംസ്ഥാനത്ത് സമഗ്ര ജലനയം ആവിഷ്കരിക്കുമെന്ന് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു.അതിൽ ശുദ്ധജല ലഭ്യത ഉറപ്പാക്കാനാവശ്യമായ എല്ലാ കാര്യങ്ങളും പരിഗണിക്കും. മലബാറിൽ, ജല അതോറിട്ടിയുടെ കിഡ്ക് മുഖേനയുള്ള കുപ്പിവെള്ള വിതരണത്തിന് കോഴിക്കോട് കേന്ദ്രീകരിച്ച് ഉൽപാദന യൂണിറ്റ് തുടങ്ങും. ജല അതോറിട്ടി വഴി കുടിവെള്ള വിതരണം ചെയ്തതിലെ അധിക ബിൽ പ്രശ്നം പരിഹരിക്കാൻ അദാലത്ത് സംഘടിപ്പിക്കും. കുടിശിക അടക്കാൻ കഴിവില്ലാത്ത പാവപ്പെട്ടവരെ സഹായിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും.
ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഗ്രാമീണ മേഖലയിൽ എല്ലാ വീടുകൾക്കും കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്നതിനായി 44,714.79 കോടിയുടെ ഭരണാനുമതി ലഭിച്ചു. വിവിധ സ്കീമുകളിലായി 5,546 വർക്ക് പാക്കേജുകളായി നടപ്പിലാക്കി വരുന്ന പദ്ധതിയിൽ 3,458 പ്രവൃത്തികൾ പൂർത്തിയായി. 1,490 പ്രവൃത്തികളുംഅമൃത് പദ്ധതിയും പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.പൈപ്പുകൾ സ്ഥാപിക്കുന്നതിനും അറ്റക്കുറ്രപണിക്കുമായി റോഡ് വെട്ടിക്കുഴിക്കുമ്പോൾ റീടാർ ചെയ്യേണ്ട തുകയും ഈടാക്കുന്നത് കർശനമാക്കും.
ബിട്യുമിൻ: കരാർ തുക കൂട്ടും
ബിട്യുമിൻ വില വർദ്ധനവിന് ആനുപാതികമായി പദ്ധതികളിലെ കരാർ തുകയിൽ വർദ്ധന വരുത്തുന്നത് മന്ത്രിസഭാ യോഗം തീരുമാനിക്കുമെന്ന് മന്ത്രി പി.കെ.ബഷീർ നിയമസഭയിൽ പറഞ്ഞു. മുൻപ് 55000 രൂപയായിരുന്ന ബിട്യുമിന് 1.04 ലക്ഷം രൂപ വരെയെത്തി. ഇപ്പോൾ 88000 രൂപയാണ്. റോഡ് പണികൾ മൺസൂൺ കഴിഞ്ഞ് ഒക്ടോബറോടെ പുനരാരംഭിക്കുമെന്നും പി.പ്രസാദിന്റെ ശ്രദ്ധ ക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |