
തിരുവനന്തപുരം. കെ.എം. എബ്രഹാം കിഫ്ബിയുടെ സാരഥ്യമൊഴിയുമ്പോൾ ഒരു ലക്ഷം കോടിയോളം രൂപയുടെ 1237 പദ്ധതികളാണ് കേരളത്തിൽ പുരോഗമിക്കുന്നത്. ഇതിൽ 41,000 കോടിയിലേറെ രൂപ പദ്ധതികളുടെ നിർമ്മാണത്തിനായി വിനിയോഗിക്കാനായി. ഈ പദ്ധതികളെല്ലാം പൂർത്തിയായാൽ അടിസ്ഥാനസൗകര്യ വികസനത്തിൽ കേരളത്തിൽ വൻ കുതിപ്പുണ്ടാകും.
അടിസ്ഥാനസൗകര്യ വികസനത്തിൽ കേരളം കഴിഞ്ഞ പത്തുവർഷങ്ങളിൽ കൈവരിച്ച നേട്ടങ്ങളുടെ പ്രധാന ചാലകശക്തിയായി പ്രവർത്തിച്ചത് കിഫ്ബിയായിരുന്നു .
പൊതുവിദ്യാഭ്യാസം, ആരോഗ്യം, റോഡുകൾ, പാലങ്ങൾ അടക്കമുള്ള മേഖലകളിൽ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. അതിനായി കിഫ്ബി എന്ന സംവിധാനത്തെ പൊടിതട്ടിയെടുത്ത് കെ.എം.എബ്രഹാം എന്ന പ്രൊഫഷണൽ മികവുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനെ ഏൽപ്പിച്ചു എന്നത് സർക്കാരിന്റെ മികച്ച തീരുമാനങ്ങളിൽ ഒന്നായിരുന്നു .
പബ്ലിക് അഡ്മിനിസ്ട്രേഷന് പുറമേ ഫിനാൻസ്,എൻജിനിയറിംഗ് തുടങ്ങിയ മേഖലകളിലെല്ലാം മികച്ച അക്കാഡമിക് യോഗ്യതകളും സെബി പോലെയുള്ള സ്ഥാപനങ്ങളിലടക്കം പ്രവർത്തനപരിചയവും എബ്രഹാമിനുണ്ട്. ആ വൈദഗ്ധ്യം കിഫ്ബിയെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിൽ വിജയിച്ചു. ആ തീരുമാനം ശരിയാണെന്ന് തെളിയിക്കാൻ കഴിഞ്ഞ ദിവസം കിഫ്ബി സി.ഇ.ഒ സ്ഥാനമൊഴിയുന്നതുവരെ എബ്രഹാമിനായി.
ദൗർബല്യങ്ങൾ പരിഹരിച്ച് കിഫ്ബിയെ ശാക്തീകരിക്കാൻ കിഫ്ബി ആക്ട് ഭേദഗതി ചെയ്യുകയായിരുന്നു ആദ്യമായി ചെയ്തത്. 2016ൽ ആദ്യ പിണറായി മന്ത്രിസഭ അധികാരമേറ്റ ശേഷമുള്ള പ്രധാനനീക്കങ്ങളിൽ ഒന്നായിരുന്നു അത്. ഇതോടെ പെട്രോളിയം സെസും മോട്ടോർ വാഹന നികുതിയും അടക്കമുള്ള വരുമാന സ്രോതസുകൾ സർക്കാരിൽ നിന്ന് ഉറപ്പാക്കിയെടുക്കാൻ കഴിഞ്ഞു. പിന്നീട് കേരളത്തിലെ അടിസ്ഥാനസൗകര്യ വികസനത്തിൽ വലിയ മാറ്റമാണ് കിഫ്ബി കൊണ്ടുവന്നത്.
കിഫ്ബി നേട്ടങ്ങൾ
പൊതുവിദ്യാലയങ്ങളുടെ ഭൗതികസൗകര്യ വികസനത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടായി. നാൽപത്തയ്യായിരം സ്മാർട്ട് ക്ലാസ് റൂമുകളാണ് സ്കൂളുകളിൽ ഒരുങ്ങിയത്. പുതിയകെട്ടിടങ്ങൾ വ്യാപകമായി നിർമ്മിക്കപ്പെട്ടു. പഴയവ ആധുനിക മാനദണ്ഡങ്ങളനുസരിച്ച് പുതുക്കിപ്പണിതു. പൊതുജനാരോഗ്യ രംഗത്തെ അടിസ്ഥാനസൗകര്യ വികസനം പുതിയ തലത്തിലേക്കെത്തിച്ചു. ഒട്ടേറെ താലൂക്ക്, ജനറൽ ആശുപത്രികൾ ലോകനിലവാരത്തിലേക്കെത്തിച്ചു.
അന്തർജില്ലാ റോഡുകൾ അടക്കം കേരളത്തിന്റെ റോഡ് കണക്ടിവിറ്റിയിൽ വലിയ മുന്നേറ്റമാണ് കിഫ്ബി പദ്ധതികൾ കൊണ്ടുവന്നത്. 253 റോഡുകൾ, 98 പാലങ്ങൾ, 50 മലയോര സ്ട്രെച്ചുകൾ, 60 റെയിൽവേ മേൽപ്പാലങ്ങൾ,39 തീരദേശ ഹൈവേ സ്ട്രെച്ചുകൾ, 17 ഫ്ലൈഓവറുകൾ, 5 ബൈപ്പാസുകൾ. അങ്ങനെ നീളുന്നു ആ പട്ടിക. വയനാട് താമരശേരി ചുരത്തിന് ബദൽ പാതയായ ആനക്കാംപൊയിൽ കല്ലാടി മേപ്പാടി തുരങ്കപാതയുടെ നിർമ്മാണ ഉദ്ഘാടനമാണ് ഈ പട്ടികയിൽ ഒടുവിലത്തേത്.
ദേശീയപാതാ വികസനം ഇന്നത്തെ നിലയിലേക്കെത്താനും കാരണം കിഫ്ബിയാണ്. ഭൂമിയേറ്റെടുക്കലിന് വേണ്ട തുകയുടെ 25% കിഫ്ബി വഴി സർക്കാർ സമാഹരിച്ച് ദേശീയപാതാ അതോറിറ്റിക്ക് കൈമാറിയതോടെയാണ് കടമ്പകൾ നീങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |