
കൊച്ചി:മുൻകൂർ നോട്ടീസ് നൽകാതെ എണ്ണൂറോളം ജീവനക്കാരെ പിരിച്ചുവിട്ട യു.എസ് ആസ്ഥാനമായ മെഡിക്കൽ കോഡിംഗ് കമ്പനി 'കോറോ ഹെൽത്ത്" വീണ്ടും ധാരണ ലംഘിച്ചു. തിങ്കളാഴ്ച എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിലെ തീരുമാനങ്ങൾ തള്ളി കമ്പനിയുടെ കൊച്ചി ഓഫീസ് ഇന്നലെ അടച്ചിട്ടു.ഓഫീസിലെത്തിയ നാനൂറിലധികം ജീവനക്കാർ അകത്തു കയറാനാകാതെ മണിക്കൂറുകൾ പുറത്തു നിന്ന ശേഷം മടങ്ങി.രണ്ടാം തവണയാണ് കമ്പനി വ്യവസ്ഥ ലംഘിക്കുന്നത്.
ജീവനക്കാർക്ക് ഓഫീസിൽ പ്രവേശിക്കാനും ടോയ്ലറ്റ്,ഡൈനിംഗ് തുടങ്ങിയവ ഉപയോഗിക്കാൻ അനുവദിക്കാമെന്നായിരുന്നു ലേബർ കമ്മിഷണറുടെയും ഉമ തോമസ് എം.എൽ.എയുടെയും സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ കമ്പനി ലീഗൽ അഡ്വൈസർ ഉറപ്പ് നൽകിയത്.എന്നാൽ ഇന്നലെ രാവിലെ ജീവനക്കാർ ഓഫീസിലെത്തിയെങ്കിലും സുരക്ഷാ ജീവനക്കാർ അകത്തു കയറ്റിയില്ല.
ഇതോടെ ജില്ലാ ലേബർ ഓഫീസറും അസിസ്റ്റന്റ് ലേബർ കമ്മിഷണറും സ്ഥലത്തെത്തി ജീവനക്കാരുടെ ഹാജർ ഔദ്യോഗികമായി രേഖപ്പെടുത്തി.കമ്പനി വൈസ് പ്രസിഡന്റ്,എച്ച്.ആർ മാനേജർ,ലീഗൽ അഡ്വൈസർ എന്നിവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും പ്രതികരിച്ചില്ല.ഇന്നും ഓഫീസിൽ എത്തുമെന്ന് ജീവനക്കാർ അറിയിച്ചു.കോറോ ഹെൽത്ത് മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയും എ.ഐ.വൈ.എഫും കമ്പനി ഓഫീസിലേക്ക് മാർച്ച് നടത്തി.
പ്രതീക്ഷ കൈവിട്ട് ജീവനക്കാർ
10നാണ് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ കമ്പനി പ്രതിനിധികളുമായുള്ള യോഗം. കമ്പനിയിൽ നിന്ന് അനുകൂല തീരുമാനം ജീവനക്കാർ പ്രതീക്ഷിക്കുന്നില്ല.അടച്ചുപൂട്ടുന്നതിന് 90 ദിവസം മുൻപ് സർക്കാരിന്റെ അനുമതി വാങ്ങണമെന്ന വ്യവസ്ഥ കമ്പനി ലംഘിച്ചതായി ലേബർ കമ്മിഷണർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.കമ്പനിക്കെതിരെ നിയമനടപടിയുമായി സർക്കാർ മുന്നോട്ട് പോയേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |