അടൂർ: ഗ്യാസ് സിലിണ്ടർ ലോറിയുടെ സൈഡ് ഗ്‌ളാസ് കെഎസ്‌ആർടിസി ബസ് തട്ടി പൊട്ടിയതിനെ ചൊല്ലി ലോറി ഡ്രൈവറും ബസ് ഡ്രൈവറും തമ്മിൽ തർക്കം. പിന്നാലെ ലോറി ഡ്രൈവർ കെഎസ്‌ആർടിസി ഡ്രൈവറെ റോഡിൽവച്ച് മർദ്ദിച്ചു. എന്നിട്ടും ദേഷ്യം മാറാതെ അടൂർ ബസ് ഡിപ്പോയിലെത്തി മർദ്ദിക്കാൻ ശ്രമിച്ച ലോറി ഡ്രൈവറെ കെഎസ്‌ആർടിസി ജീവനക്കാരും മറ്റുള്ളവരും പൊതിരെ തല്ലി. എംസി റോഡിൽ കുളക്കട പുത്തൂർമുക്കിൽ തിങ്കളാഴ്‌ച ഉച്ചയോടെയാണ് സംഭവം ഉണ്ടായത്.
ഉച്ചയ്‌ക്ക് ഒന്നരയോടെ പുത്തൂർമുക്കിൽവച്ച് പത്തനംതിട്ട ഡിപ്പോയിലെ കെഎസ്‌ആർടിസി ബസ് ലോറിയിൽ തട്ടിയെന്നാണ് ലോറി ഡ്രൈവർ ആരോപിച്ചത്. തുടർന്ന് സൈഡ് ഗ്‌ളാസ് പൊട്ടിയതോടെ ഇരു ഡ്രൈവർമാരും റോഡിൽവച്ച് തർക്കത്തിലേർപ്പെട്ടു. ഇതിനിടെ ലോറി ഡ്രൈവർ കെഎസ്‌ആർടിസി ഡ്രൈവറെ തല്ലി. സംഭവത്തിന് പിന്നാലെ കെഎസ്‌ആർടിസി ഡ്രൈവർ ബസുമായി അടൂർ ഡിപ്പോയിലെത്തി. ലോറി ഡ്രൈവർ നിറയെ സിലിണ്ടറുമായി അടൂർ ഡിപ്പോയിലേക്ക് ഓടിച്ചുകയറ്റി. ഡിപ്പോയിൽ മറ്റ് ബസുകൾ കടന്നുപോകാത്ത തരത്തിന് ലോറി നിർത്തി ഗതാഗത തടസമുണ്ടാക്കി. ശേഷം ബസ് ഡ്രൈവറെ വലിച്ച് താഴെയിടാനും താക്കോൽ കൈക്കലാക്കാനും ശ്രമം നടത്തി.
ഇതോടെയാണ് ഡിപ്പോയിലുണ്ടായിരുന്ന മറ്റ് കെഎസ്‌ആർടിസി ജീവനക്കാരും മറ്റുള്ളവരും ചേർന്ന് ലോറി ഡ്രൈവറെ പൊതിരെ തല്ലിയത്. സംഭവം അടിയും തിരിച്ചടിയുമായെങ്കിലും പൊലീസ് കേസൊന്നുമായില്ല. അതിനുമുൻപ് ഉന്നത ഇടപെടൽ വന്നതോടെ ഒത്തുതീർപ്പിലെത്തി. ബസിന്റെ ട്രിപ്പ് മുടക്കിയതിനും ബസ് ഡ്രൈവറുടെ കണ്ണട പൊട്ടിച്ചതിനും ലോറി ഡ്രൈവർ 28,000 രൂപ നൽകി പ്രശ്നം പരിഹരിച്ചു. കെഎസ്‌ആർടിസി എംഡിയായി വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ലോറിയെന്നാണ് വിവരം. ഇതോടെയാണ് പൊലീസ് കേസാകും മുൻപ് പ്രശ്‌നം പരിഹരിച്ചത്.
A dispute erupted between a gas cylinder lorry driver and a KSRTC bus driver in Adoor after the bus reportedly broke the lorry's side glass. The lorry driver assaulted the bus driver, then followed him to the depot, where KSRTC staff retaliated. The incident was settled out of court for 28,000 rupees following high-level intervention, preventing a police case.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |