SignIn
Kerala Kaumudi Online
Sunday, 17 May 2026 2.19 AM IST

മുസ്ളീം ലീഗിൽ നിന്ന് നാലുപേർ

pk

"ഇരുത്തം വന്ന" മന്ത്രി പദവി

തഴക്കം വന്ന നേതാവിന് ലഭിച്ച മന്ത്രി പദവിയാണ് പി.കെ.കുഞ്ഞാലിക്കുട്ടിയുടേത് ( 74). വിവിധ കാലഘട്ടങ്ങളിൽ വ്യവസായം, ഐ.ടി, സാമൂഹ്യക്ഷേമം, ഹജ്ജ്, വഖഫ്, മൈനിംഗ് ആൻഡ് ജിയോളജി, ന്യൂനപക്ഷ ക്ഷേമം, നഗരവികസനം വകുപ്പുകളുടെ മന്ത്രിയായി. നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായി. മലപ്പുറം, കുറ്റിപ്പുറം, വേങ്ങര മണ്ഡലങ്ങളിലൂടെ ഒമ്പത് തവണ നിയമസഭയിലേക്കെത്തി. നിലവിലെത്തുന്നത് മലപ്പുറത്ത് നിന്ന്. 2017 മുതൽ 2021 വരെ മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ നിന്ന് എം.പി. 1980ൽ മലപ്പുറം മുനിസിപ്പാലിറ്റി ചെയർമാനാകുമ്പോൾ, സംസ്ഥാനത്തെ പ്രായം കുറഞ്ഞ ചെയർമാൻ. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും രാഷ്ട്രീയ ചാണക്യനുമാണ് കുഞ്ഞാലിക്കുട്ടി. തളിപ്പറമ്പ് സർ സെയ്ദ് കോളേജിലും കോഴിക്കോട് ഫാറൂഖ് കോളേജിലുമായി ഉന്നത വിദ്യാഭ്യാസം. ബികോം ബിരുദവും തുടർന്ന് ബിസിനസ് മാനേജ്‌മെന്റിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും. ഫാറൂഖ് കോളേജ് യൂണിയൻ സെക്രട്ടറിയായി തുടക്കം. ഭാര്യ: കെ.എം.കുൽസു. ആഷിഖ്, ലസിത എന്നിവർ മക്കളാണ്.

മികച്ച സാമാജികനുള്ള സമ്മാനം


മികച്ച സാമാജികനെന്ന വിശേഷണത്തിനുള്ള അംഗീകാരമാണ് ഷംസുദ്ദീന്റെ ( 56) മന്ത്രി പദവി. തിരൂർ പറവണ്ണ സ്വദേശിയും നിയമ ബിരുദധാരിയുമാണ്. 2011 മുതൽ തുടർച്ചയായി നാല് തവണ പാലക്കാട്ടെ മണ്ണാർക്കാടിന്റെ പ്രതിനിധി. 2006ൽ സി.പി.ഐ ജോസ് ബേബിയെ രംഗത്തിറക്കി തിരിച്ചുപിടിച്ച മണ്ഡലം 2011ൽ ഷംസുദ്ദീന്റെ വരവോടെ ലീഗിലേക്ക് തിരിച്ചെത്തി. പിന്നീടങ്ങോട്ട് മണ്ണാർക്കാട് ലീഗിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും ദേശീയ വർക്കിംഗ് കമ്മിറ്റി അംഗവും. സംസ്ഥാന വഖഫ് ബോർഡ്, സംസ്ഥാന വൈൽഡ് ലൈഫ് അഡ്വൈസറി ബോർഡ് എന്നിവയിൽ പ്രതിനിധിയായി. എൻ. മുഹമ്മദ് കുട്ടിയുടെയും വി.വി.മറിയക്കുട്ടിയുടെയും മകനാണ്. ഭാര്യ: കെ.പി.റാഫിത. മകൾ: ഡോ.എൻ.ഷഹർസാദ്. മരുമകൻ: ഡോ.അഷറഫ് വാസിൽ മുസ്ലിയാരകത്ത്.

മൂന്നാം വരവിൽ മന്ത്രി

നിയമസഭയിലേക്കുള്ള മൂന്നാംവരവിൽ 54കാരൻ കെ.എം.ഷാജിക്ക് മന്ത്രി പദവി. ലീഗിന്റെ തീപ്പൊരി പ്രാസംഗികൻ. 1972 ഡിസംബർ 22ന് വയനാട്ടെ കണിയാമ്പറ്റയിൽ കെ.എം.ബീരാൻ കുട്ടിയുടേയും പി.സി.ആയിഷക്കുട്ടിയുടെയും മകനായി ജനനം. ബംഗളൂരു അൽ അമീൻ കോളേജിൽ ബി.ബി.എ പഠനം തുടങ്ങിയെങ്കിലും പൂർത്തിയാക്കാനായില്ല. 1989ൽ എം.എസ്.എഫിലൂടെ സംഘടനാ രംഗത്ത്. വയനാട് ജില്ലാ എം.എസ്.എഫ് പ്രസിഡന്റ്, യൂത്ത് ലീഗ് വയനാട് ജില്ലാ ജനറൽ സെക്രട്ടറി, പ്രസിഡന്റ് പദവികളിൽ പ്രവർത്തിച്ചു. 1997ൽ കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റായി. യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ, ജനറൽ സെക്രട്ടറി, പ്രസിഡന്റ് പദവികൾ വഹിച്ച ഏക വ്യക്തി. രണ്ടുതവണ എസ്.ഡി.പി.ഐ ആക്രമണം നേരിട്ടതോടെ സർക്കാർ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. കൊല്ലം ഇരവിപുരം മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2011ലും 2016ലും കണ്ണൂരിലെ അഴീക്കോട് നിന്ന് വിജയിച്ചു. 2026ൽ വേങ്ങരയിൽ നിന്ന് വീണ്ടും നിയമസഭയിലേക്ക്. ഭാര്യ: ആശ. മൂന്ന് മക്കൾ.

രണ്ടാം വട്ടത്തിൽ മന്ത്രി

വിദ്യാഭ്യാസ സാമൂഹിക സന്നദ്ധ രംഗത്ത് ശ്രദ്ധേയനാണ് പാറക്കൽ അബ്ദുള്ള. കോഴിക്കോട് കുറ്റ്യാടിയിൽ നിന്നുള്ള നിയമസഭാംഗവും മുസ്ലിം ലീഗ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്. 1958 നവംബർ 15ന് വടകര ഏറാമലയിൽ പരേതനായ മൊയ്ദു ഹാജിയുടെയും കുഞ്ഞാമിയുടെയും മകനായി ജനിച്ച പാറക്കൽ അബ്ദുള്ള എം.എസ്.എഫിലൂടെ പൊതുരംഗത്തെത്തി. 22ാം വയസിൽ ഖത്തറിലേക്ക് പ്രവാസിയായി പോയി, 1996ൽ ഖത്തർ കെ.എം.സി.സി പ്രസിഡന്റായി. 2007ൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി, മുസ്ലിം ലീഗ് വടകര നിയോജകമണ്ഡലം പ്രസിഡന്റ്, ജില്ലാ ജോയിന്റ് സെക്രട്ടറി, ട്രഷറർ പദവികൾ വഹിച്ചു. 39 വർഷത്തെ ഇടതുകുത്തക തകർത്ത് 2016ൽ കുറ്റ്യാടിയിൽ നിന്ന് വിജയിച്ചു. 2021ൽ നേരിയ വോട്ടുകൾക്ക് പരാജയപ്പെട്ടെങ്കിലും 2026ൽ 10,992 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം. ഭാര്യ: ജമീല. മക്കൾ: ജംഷിദ്, ജസ്മൽ, ഡോ.ജസ്ന, ഹിബ. മരുമക്കൾ: റയീസ് നരക്കോളിൽ, നിദാ നൗഷാദ്, സഫീദ സൈനുൽ ആബിദീൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LEAGUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA