SignIn
Kerala Kaumudi Online
Thursday, 21 May 2026 4.45 AM IST

ഒപ്പം അഭിനയിച്ച നല്ല കൂട്ടുകാരൻ കെ.ജി. പരമേശ്വരൻ നായരെ കുറിച്ച് നടൻ മധു

1

അഭിനയമാണ് എന്നെയും കെ.ജി. പരമേശ്വരൻ നായരെയും സുഹൃത്തുക്കളാക്കിയത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്ന കാലം. അന്ന് അഭിനയവും സംവിധാനവുമെല്ലാം പരീക്ഷിക്കുന്നത് കോളേജ് നാടകങ്ങളിലാണ്.

'നമ്മുക്ക് എൻ. കൃഷ്ണപിള്ളയുടെ കന്യക നാടകമാക്കി അവതരിപ്പിച്ചാലോ?" എന്ന് ആദ്യം ചോദിച്ചതും കെ.ജി.പ രമേശ്വരൻ നായരാണ്. എനിക്കുള്ള കഥാപാത്രവും നി‌ർദ്ദേശിച്ചു. എൻ.പി.ചെല്ലപ്പൻ നായരുടെ 'പ്രണയ ജാംബവാൻ" ഉൾപ്പെടെ ഞങ്ങളൊരുമിച്ച് അഭിനയിച്ചു.

കെ.ജി.പരമേശ്വരൻ നായരുട അച്ഛൻ കോവളം കൊട്ടാരത്തിലെ ഉദ്യോഗസ്ഥനായിരുന്നു. അവിടെയായിരുന്നു കുറച്ചുകാലം കെ.ജി കഴിഞ്ഞിരുന്നത്. ഒരു ദിവസം എന്നെ അവിടെ കൂട്ടിക്കൊണ്ടു പോയി. അങ്ങനെ കൊട്ടാരത്തിലേക്ക് ആർക്കും പോകാനൊന്നും അനുവാദമുണ്ടായിരുന്നില്ല. കെ.ജിയുടെ കെയർഓഫിൽ കൊട്ടാരമൊക്കെ കണ്ടു. അവിടെ നിന്നു പ്രകൃതി സൗന്ദര്യം ആസ്വദിച്ചു. കോളേജ് പഠനകാലത്തെ നല്ലോർമ്മയാണ് ഇന്നും ആ ദിവസം.

കെ.ജിയുടെ നാടകാഭിനയം കണ്ടപ്പോൾ അദ്ദേഹം സിനിമയിൽ എത്തുമെന്നാണ് കരുതിയത്. പക്ഷേ, എത്തിയത് ഞാനായിരുന്നു. കെ.ജി 'കേരളകൗമുദി"യിൽ പത്രപ്രവർത്തകനായി. എന്റെ വീട്ടിൽ അന്നും ഇന്നും 'കേരളകൗമുദി"യുണ്ട്. കോളേജ് അദ്ധ്യപകനായിരുന്ന ഞാൻ സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹവുമായി നടന്നപ്പോൾ എന്നെ കെ.ജിയും പ്രോത്സാഹിപ്പിച്ചു.

പിന്നെ കാണുന്നത് വല്ലപ്പോഴുമായി. തിരുവനന്തപുരത്തു വരുമ്പോഴൊക്കെ കാണുമായിരുന്നു. എന്റെ അഭിനയത്തെ ഇത്രത്തോളം വിമർശിച്ച കൂട്ടുകാരൻ വേറെയില്ല. കെ.ജിയുടെ നിർദ്ദേശങ്ങൾ ഞാൻ ഉൾക്കൊണ്ടു. നല്ല വേഷങ്ങൾ ചെയ്യുമ്പോൾ പ്രശംസകൾ ചൊരിഞ്ഞു.

ഞാൻ സംവിധായകനായപ്പോൾ കെ.ജിയെ സിനിമയിൽ അഭിനയിപ്പിക്കണമെന്നുറപ്പിച്ചു. ചേരി വിശ്വനാഥൻ എഴുതിയ 'ധീരസമീരേ യമുനാ തീരേ..." സിനിമയുടെ തിരക്കഥ വായിച്ചപ്പോൾ കെ.ജിക്ക് പറ്റിയ വേഷം ഉണ്ടെന്നു തോന്നി. ഞാൻ വിളിച്ചു. കെ.ജി അഭിനയിച്ചു.

കുറച്ചുകാലം മുമ്പുവരെ ഞാൻ കെ.ജിയുടെ വീട്ടിലേക്കും കെ.ജി ഇങ്ങോട്ടും വരുമായിരുന്നു. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് വന്നപ്പോൾ സംസാരം ഫോണിലായി. മാദ്ധ്യമ പ്രവർത്തനത്തിന് സംസ്ഥാന സർക്കാരിന്റെ പരമോന്നത ബഹുമതിയായ സ്വദേശാഭിമാനി കേസരി പുരസ്കാരം അദ്ദേഹത്തിനാണെന്നറിഞ്ഞപ്പോൾ ഞാൻ വിളിച്ചു. ഒരിക്കൽ കൂടി പരസ്പരം കാണണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ...

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MADHU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA