SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.06 AM IST

തിരു. മെഡിക്കൽ കോളേജിൽ കട്ടിലിൽ നിന്നു വീണ് പക്ഷാഘാത രോഗി മരിച്ചു

READ ENGLISH VERSION
sukumara-pillai
സുകുമാരപിള്ള


 അനാസ്ഥ, ചികിത്സാപ്പിഴവ് ആരോപണം

തിരുവനന്തപുരം: മെഡ‌ിക്കൽ കോളേജ് ആശുപത്രിയിൽ പക്ഷാഘാതത്തിന് ചികിത്സയിലായിരുന്ന വയോധികൻ കട്ടിലിൽ നിന്ന് വീണതിനെ തുടർന്ന് മരിച്ചു. ചടയമംഗലം വെട്ടുവഴി പുളിന്തിട്ട വീട്ടിൽ സുകുമാരപിള്ളയാണ് (87) മരിച്ചത്. ആശുപത്രിയിലെ 28-ാം വാർഡിലായിരുന്നു സംഭവം.

ഇരുവശവും സേഫ്റ്റി റെയിലിംഗ് ഇല്ലാത്ത കട്ടിലിൽ കിടത്തിയത് മൂലമാണ് അപകടം ഉണ്ടായതെന്നും ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നും ബന്ധുക്കൾ ആരോപിച്ചു. തലയിടിച്ചു വീണ സുകുമാരപിള്ളയ്ക്ക് യഥാസമയം ചികിത്സ ലഭ്യമാക്കിയില്ലെന്നും ആരോപിച്ചു. മെഡിക്കൽ കോളജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കഴിഞ്ഞ 26ന് വീട്ടിൽ കുഴഞ്ഞുവീണ സുകുമാരപിള്ളയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നാണ് വിദഗ്ദ്ധ ചികിത്സയ്ക്ക് ഇവിടെ എത്തിച്ചത്. ശനിയാഴ്ച കട്ടിലിൽ നിന്ന് വീഴുകയായിരുന്നു. ട്രിപ്പ് കൊടുക്കുന്ന സ്റ്റാൻഡിൽ തലയിടിക്കുകയും ചെയ്തു. തലയ്ക്കും കണ്ണിന്റെ ഭാഗത്തും പരിക്കേറ്റു. നഴ്‌സുമാർ എത്തി മുറിവ് വൃത്തിയാക്കിയെങ്കിലും ഡോക്ടർ എത്തിയത് മുക്കാൽ മണിക്കൂർ കഴിഞ്ഞായിരുന്നു. ആ കട്ടിലിൽ വച്ചുതന്നെ തലയ്ക്ക് തുന്നൽ ഇട്ടു.

പിന്നാലെ സുകുമാരപിള്ള അബോധാവസ്ഥയിലായി. ഇന്നലെ രാവിലെ 8.45ന് മരിച്ചു. നടപടികൾ പൂർത്തിയാക്കി യഥാസമയം മൃതദേഹം വിട്ടു നൽകുന്നതിലും വീഴ്ചയുണ്ടായെന്നും ബന്ധുക്കൾ ആരോപിച്ചു. സംസ്കാരം നടത്തി. സുകുമാരപിള്ളയുടെ ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: ഗിരിജകുമാരി, ശ്യാമളാദേവി, ഉണ്ണികൃഷ്ണപിള്ള, അനിൽകുമാർ. മരുമക്കൾ: രവീന്ദ്രൻപിള്ള, രാജേന്ദ്രൻപിള്ള, ശ്രീകല, സിനി.

അനാസ്ഥയില്ലെന്ന്

അധികൃതർ
സംഭവത്തിൽ അനാസ്ഥയുണ്ടായിട്ടില്ലെന്നും സേഫ്റ്റി റെയിലിംഗുള്ള ബെഡ് ഒഴിവില്ലാത്തതുകൊണ്ടാണ് നൽകാത്തതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കൂട്ടിരിപ്പുകാർ രോഗിക്കൊപ്പം ഉണ്ടായിരുന്നപ്പോഴാണ് അപകടം സംഭവിച്ചത്. മരണകാരണം കണ്ടെത്തുന്നതിനായി പോസ്റ്റ്‌മോർട്ടം നടത്താൻ ഡോക്ടറാണ് ആവശ്യപ്പെട്ടതെന്നും വ്യക്തമാക്കി. വീഴ്ചയുടെ ആഘാതംമൂലമാണോ പക്ഷാഘാതത്തിന്റെ തുടർച്ചയായാണോ മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നശേഷമേ വ്യക്തമാകൂവെന്ന് മെഡിക്കൽ കോളേജ് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MEDICAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA