SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.58 AM IST

തലസ്ഥാന മെഡി.കോളേജിൽ തീപിടിത്തം:വൻ ദുരന്തം ഒഴിവാക്കിയത് ഡോക്ടർമാരും ജീവനക്കാരും

Increase Font Size Decrease Font Size Print Page
medical

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ.സി.യു വെന്റിലേറ്ററിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീയും പുകയും ചികിത്സാസംവിധാനത്തെ മുൾമുനയിലാക്കി. രോഗികളും കൂട്ടിരിപ്പുകാരും പരിഭ്രാന്തരായി നിലവിളിച്ചു. ഓക്‌സിജൻ പ്രഷർ കൂടുതലുള്ള ഐ.സി.യുവിൽ ചെറിയ തീ പോലും ആളിപ്പടരുമെന്നിരിക്കെ ജീവനക്കാരും പരിഭ്രാന്തരായി.

ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നു ഡോക്ടർമാരുടെ സമയോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. ഇവരുടെ നേതൃത്വത്തിൽ ഹൗസ്‌സർജന്മാരും നഴ്സുമാരും മറ്റു ജീവനക്കാരും ചേർന്ന് രോഗികളെ അതിവേഗം ഒഴിപ്പിച്ചു. തീപിടിത്തമുണ്ടായ സർജിക്കൽ ട്രോമ ഐ.സിയുവിലെയും സമീപത്തെ ന്യൂറോ ഐ.സി.യുവിലെയും 32പേരെയാണ് സാഹസികമായി ഒഴിപ്പിച്ചത്. അതിനിടെ പുക ശ്വസിച്ച് ഒരു ഡോക്ടർക്കും മൂന്നു നഴ്സുമാർക്കും രണ്ട് അറ്റന്റർമാർക്കും അസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവർക്ക് മതിയായ ചികിത്സ നൽകി. തീപിടിച്ച വെന്റിലേറ്റർ പൂർണമായി കത്തിനശിച്ചു.

ഇന്നലെ രാവിലെ 8.45നായായിരുന്നു മൾട്ടിസ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഒന്നാം നിലയിൽ തീപിടിത്തമുണ്ടായത്. 16 കിടക്കകളുള്ള സർജിക്കൽ ഐ.സി.യുവിലെ ഒരു വെന്റിലേറ്ററിൽ നിന്ന് രോഗിയെ മാറ്റുന്നതിനിടെയായിരുന്നു പൊട്ടിത്തെറിയും പുകയുമുണ്ടായത്. ഇത്തരം സാഹചര്യത്തിൽ ചെയ്യേണ്ടത് സംബന്ധിച്ച പരിശീലനങ്ങളുടെ അടിസ്ഥാനത്തിൽ ഡോക്ടർമാർ ഉൾപ്പെടെ പെട്ടെന്ന് സജീവമായി. പേടിച്ചോടി മറ്റപകടങ്ങൾ വരാതിരിക്കാനും ഇത് പ്രേരണയായി. ഒന്നേമുക്കാൽ മണിക്കൂറിനുള്ളിൽ സ്ഥിതി ശാന്തമാക്കി.

ഓക്‌സിജന്റെ അളവ് ഉടൻ കുറച്ചു

1. ഐ.സി.യുവിലെ ഓക്‌സിജന്റെ അളവ് ഉടൻ കുറച്ചു. എ.സി ഉൾപ്പടെ ഓഫാക്കി

2. സ്ഥലത്തുണ്ടായിരുന്ന ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ച് തീകെടുത്തി

3. ഐ.സി.യുവിന്റെ ഗ്ലാസ് പൊളിച്ച് ഫയർ എക്സ്റ്റിംഗ്യൂഷറുകളുമായി കൂടുതൽ ജീവനക്കാർ അകത്തുകയറി

4. രക്ഷാപ്രവർത്തനത്തിനൊപ്പം ഓക്‌സിജൻ സിലണ്ടറുകൾ പുറത്തേക്കു മാറ്റി

 രോഗികൾ സുരക്ഷിതർ

ഫയർ ഫോഴ്സ് എത്തിയപ്പോഴേക്കും തീ പൂർണമായി ജീവനക്കാർ കെടുത്തിയിരുന്നു. ഐ.സി.യുവിൽ നിറഞ്ഞ പുകയ്ക്കിടയിൽ നിന്ന് രോഗികളെ സുരക്ഷിതാരായി പുറത്തിറക്കാനുള്ള ശ്രമം ഇതോടെ വേഗത്തിലായി. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പുക പുറത്തേക്കു പോകാനുള്ള വഴികളുണ്ടാക്കി. ഇനിയൊരു ഷോർട്ട് സർക്യൂട്ട് ഉണ്ടാകാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചു.

100 ഐ.സി.യു കിടക്കകളുള്ള വാർഡ് ഏഴിലേക്കും 10 കിടക്കകളുള്ള എം.ഐ.സി.യുവിലേക്കുമാണ് രോഗികളെ മാറ്റിയത്. 10.30തോടെയാണ് സ്ഥിതി ശാന്തമായത്.

TAGS: MEDICAL COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.