
തിരുവനന്തപുരം: മിൽമ നെയ്യ് ക്രമക്കേട് പോലുള്ള സംഭവങ്ങൾ ശബരിമലയിൽ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് ദേവസ്വംമന്ത്രി കെ.മുരളീധരൻ പറഞ്ഞു. ശബരിമലയിലും പമ്പയിലും നെയ്യ് പരിശോധനാ ലാബ് സ്ഥാപിക്കും. മായം കലർന്ന നെയ്യ് ഉപയോഗിച്ചാൽ വിഗ്രഹത്തിനും ദോഷമുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് മാസികയായ ശബരിമല സന്ദേശിന്റെ പ്രകാശനവും തീർത്ഥാടക സൗഹൃദ ആശയവിനിമ പദ്ധതിയുടെ ഉദ്ഘാടനവും ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല തീർത്ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ പമ്പയിൽ അവലോകന യോഗം ചേരും. ശബരിമല റോഡുകളുടെ നിർമ്മാണം നടന്നുവരികയാണ്. തീർത്ഥാടകരുടെ സൗകര്യാർത്ഥം പുനലൂർ താലൂക്ക് ആശുപത്രിയിൽ കൂടുതൽ സൗകര്യമേർപ്പെടുത്തും. താലൂക്ക് ആശുപത്രിയെ ജനറൽ ആശുപത്രിയായി ഉയർത്തുമെന്നും സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തീർത്ഥാടകർ ഉന്നയിക്കുന്ന പരാതി അപ്പോൾ തന്നെ പരിഹരിക്കാൻ കഴിയണമെന്ന് അദ്ധ്യക്ഷത വഹിച്ച ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു. ഇതിനായി 'ടുവേ കമ്മ്യൂണിക്കേഷൻ' സംവിധാനം ആവശ്യമാണ്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽക്കൂടി ശബരിമല സന്ദേശ് മാസിക പ്രസിദ്ധീകരിക്കും. ദേവസ്വം ബോർഡ് അംഗം കെ.രാജു, ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം, പ്രസ് ക്ലബ് പ്രസിഡന്റ് എസ്. ശ്രീകേഷ്. ദേവസ്വം ബോർഡ് കൾച്ചറൽ ഡയറക്ടർ ബിനു തുടങ്ങിയവർ സംസാരിച്ചു. ബോർഡ് അംഗം പി.ഡി. സന്തോഷ്‌കുമാർ വിട്ടുനിന്നു. ദേവസ്വംമന്ത്രിയുമായുള്ള ഭിന്നതയാണ് കാരണമെന്നാണ് സൂചന. ശബരിമല സ്വർണക്കൊള്ളയിൽ സന്തോഷ്‌കുമാറിന്റെ പങ്ക് കൂടി അന്വേഷിക്കണമെന്ന് മന്ത്രി എസ്.ഐ.ടി തലവന് കത്തു നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |