
വളളികുന്നം: മദ്യലഹരിയിൽ ഇഷ്ടികച്ചൂളയിലെ തൊഴിലാളികൾ തമ്മിലുണ്ടായ വാക്കേറ്രത്തിലും കൈയാങ്കളിയിലും ബംഗാൾ സ്വദേശി കൊല്ലപ്പെട്ടു. ദക്ഷിണ ദിജാപൂർ തിൻമോഹിൻ സ്വദേശി ഹേമന്ത് പഹാനാണ് (42 ) കൊല്ലപ്പെട്ടത്. പ്രതി പശ്ചിമ ബംഗാൾ സ്വദേശി സോനായി ദുർമു (39) പരിക്കുകളോടെ പൊലീസ് നിരീക്ഷണത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച അർദ്ധരാത്രിയോടെ വള്ളികുന്നം താളിരാടി വാഴുശ്ശേരിൽ ബിജിലിന്റെ എ.എസ് ബ്രിക്സ് എന്ന ഇഷ്ടികച്ചൂളയിലായിരുന്നു സംഭവം.
മദ്യലഹരിയിൽ ഇരുവരും തമ്മിലുള്ള വാക്കേറ്റം ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. അടിപിടിയിൽ സാരമായി പരിക്കേറ്റ ഇരുവരും ഏറെ നേരം ചൂളയിൽ കിടന്നെങ്കിലും ഒപ്പമുള്ളവരോ സമീപത്ത് താമസക്കാരായ മറ്ര് ചൂളകളിലെ തൊഴിലാളികളോ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല. നാട്ടുകാർ അറിയിച്ചതനുസരിച്ച് ഇഷ്ടിക ചൂളയുടമ സ്ഥലത്തെത്തിയാണ് ഇരുവരെയും നാട്ടുകാരുടെ സഹായത്തോടെ കായംകുളം ഗവ. ആശുപത്രിയിലെത്തിച്ചത്. മുഖത്തെ മുറിവിൽ നിന്ന് രക്തം വാർന്ന ഹേമന്ത് പഹാൻ ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബന്ധുക്കളെത്തിയശേഷം പോസ്റ്രുമോർട്ടം നടത്തും. വള്ളികുന്നം പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |