
ന്യൂഡൽഹി: നീറ്റ് യു.ജി പുനഃപരീക്ഷ പഴുതടച്ച രീതിയിൽ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. അടുത്തവർഷം മുതൽ ഓൺലൈനായിട്ടാകും പരീക്ഷ.
ചോദ്യപേപ്പർ ചോർന്നത് സ്ഥിരീകരിച്ച ശേഷം ഇതാദ്യമായാണ് മന്ത്രി മാദ്ധ്യമങ്ങളെ കണ്ടത്. യോഗ്യരായ വിദ്യാർത്ഥികളുടെ സീറ്റ് തട്ടിയെടുക്കാൻ പരീക്ഷാ മാഫിയയെ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം,സി.ബി.ഐ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. 50ൽപ്പരം പേരെ ചോദ്യം ചെയ്യുന്നു. ഇന്നലെ അറസ്റ്റിലായ ധനഞ്ജയ് ലോഖാണ്ഡെയെ കോടതി ആറുദിവസത്തെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. മഹാരാഷ്ട്രയിലെ അഹല്യാനഗറിൽ നിന്നാണ് പിടിയിലായത്. റാക്കറ്റിലെ കണ്ണിയും ബ്യൂട്ടീഷ്യനുമായ പുണെയിലെ മനീഷ വാഗ്‌മാറെ ചോദ്യപേപ്പർ ധനഞ്ജയ്‌ക്കു കൈമാറി. ഇയാളിൽ നിന്നാണ് നാസിക്കിലെ ബി.എ.എം.എസ് വിദ്യാർത്ഥിയുമായ ശുഭം ഖൈർനർക്ക് പേപ്പർ ലഭിച്ചതെന്ന് സി.ബി.ഐ പറയുന്നു. മനീഷയ്‌ക്ക് ഡെന്റൽ ഡോക്‌ടറായ ഭർത്താവാണ് ചോദ്യപേപ്പർ നൽകിയത്. രണ്ടുപേരും സി.ബി.ഐ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
കമ്പ്യൂട്ടർ ബേസ്‌ഡ് പരീക്ഷ
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെ (സി.ബി.ടി) ചോദ്യപേപ്പർ ചോർച്ചയെ നേരിടാൻ കഴിയുമെന്നാണ് പ്രതീക്ഷ
അലോക്കേറ്റ് ചെയ്‌ത കമ്പ്യൂട്ടറിൽ വിദ്യാർത്ഥി ലോഗിൻ ഐഡിയും പാസ്‌വേഡും എന്റർ ചെയ്യണം
സ്ക്രീനിൽ ചോദ്യങ്ങൾ വരും. മൗസ് ഉപയോഗിച്ച് ഉത്തരം തിരഞ്ഞെടുക്കണം
ഉത്തരം തെറ്റിയെന്ന് പരീക്ഷയ്ക്കിടെ തോന്നിയാൽ വിദ്യാർത്ഥിക്ക് മാറ്റം വരുത്താം
ആത്മഹത്യയും
നീറ്റ് യു.ജി റദ്ദാക്കിയത് കാരണമുണ്ടായ മാനസിക സമ്മർദ്ദം താങ്ങാനാകാതെ ഉത്തർപ്രദേശിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തു. ലഖിംപൂർ ഖേരിയിലെ 22കാരൻ റിതിക് മിശ്രയാണ് ജീവനൊടുക്കിയത്. പരീക്ഷ റദ്ദാക്കിയതിന്റെ ആഘാതം താങ്ങാൻ മകന് കഴിഞ്ഞില്ലെന്ന് പിതാവ് അനൂപ് മിശ്ര വിലപിച്ചു.
അദ്ധ്യാപകനും അറസ്റ്റിൽ
ചോദ്യപേപ്പർ തയ്യാറാക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി നിയോഗിച്ചുവെന്ന് സംശയിക്കുന്ന കോളേജ് അദ്ധ്യാപകനും അറസ്റ്റിൽ. പുണെയിലെ രസതന്ത്രം അദ്ധ്യാപകനായ പി.വി. കുൽക്കർണിയാണ് സി.ബി.ഐയുടെ അറസ്റ്റിലായത്. കുൽക്കർണി തന്റെ വീട്ടിൽ പ്രത്യേക കോച്ചിംഗ് ക്ലാസ് നടത്തിയിരുന്നു. ചോദ്യപേപ്പറിലെ ചോദ്യങ്ങൾ ഇവിടത്തെ വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊടുത്തു. ഇടനിലക്കാർക്കും കൈമാറി.
ദുഷിച്ച സംവിധാനത്തിന്റെ ഇരയാണ് ജീവനൊടുക്കിയ റിതിക് മിശ്ര. മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം
- രാഹുൽ ഗാന്ധി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |