
തിരുവനന്തപുരം/ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വീണ്ടും നടത്തിയ നീറ്റ് യു.ജി പരീക്ഷയിൽ ചോദ്യങ്ങൾ കടുപ്പം. നേരിട്ട് ഉത്തരം കണ്ടുപിടിക്കേണ്ട ചോദ്യങ്ങൾ കുറച്ചും വ്യത്യസ്ത പഠന മേഖലകളെ ബന്ധിപ്പിക്കുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തിയുമായിരുന്നു പരീക്ഷ.
ഫിസിക്സിന്റെയും ബയോളജിയുടെയും പ്രയോഗങ്ങൾ കെമിസ്ട്രിയിൽ വന്നു. ഇത്തരം വ്യത്യസ്ത പഠന മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചോദ്യങ്ങൾ മുൻകാലങ്ങളിൽ അപൂർവമായിരുന്നു. ചിന്തിച്ച് ഉത്തരം കണ്ടെത്താൻ കഴിയുന്ന തരത്തിലായിരുന്നു ചോദ്യങ്ങളിൽ ഭൂരിഭാഗവും. ഫിസിക്സിലും കെമിസ്ട്രിയിലുമായിരുന്നു ഇത്തരത്തിലുള്ള ചോദ്യങ്ങൾ കൂടുതൽ. മൂന്നേകാൽ മണിക്കൂറിനുള്ളിൽ ഉത്തരമെഴുതി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു വിദ്യാർത്ഥികളുടെ പ്രതികരണം. സുരക്ഷ ഉറപ്പാക്കാൻ സൈന്യത്തിന്റെ സഹായം വരെ തേടിയ കേന്ദ്രസർക്കാർ, പരീക്ഷ പ്രശ്നങ്ങളില്ലാതെ പൂർത്തിയാക്കാൻ സാധിച്ചതിന്റെ ആശ്വാസത്തിലാണ്. 2.79 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇന്നലെ ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5:15 വരെ നടന്ന പുനഃപരീക്ഷ എഴുതിയത്.
അതേസമയം ബയോളജി ചോദ്യപേപ്പർ ബുദ്ധിമുട്ടിച്ചില്ല. കഴിഞ്ഞ തവണ ഒഴിവാക്കിയിരുന്ന മാതൃകയിലുള്ള ചോദ്യങ്ങൾ ഇടംപിടിച്ചു. പരസ്പര ബന്ധമുള്ള പ്രസ്താവനകൾ നൽകിയ ശേഷം ഏതാണ് ശരിയെന്ന് കണ്ടെത്തുക, ഉത്തരത്തിനെ പിന്തുണയ്ക്കുന്ന ചോദ്യമേത് എന്ന് കണ്ടെത്തുക എന്നീ മാതൃകയിലുള്ള ചോദ്യങ്ങൾ റദ്ദാക്കിയ പരീക്ഷയിലുണ്ടായിരുന്നില്ല. ഫിസിക്സിലും കെമിസ്ട്രിയിലും ഗ്രാഫ് ടൈപ്പ് ചോദ്യങ്ങൾ വന്നു. ഒരു വിഷയത്തിന് അതേ വിഷയത്തിൽ നിന്നു മാത്രം ചോദ്യം ചോദിക്കുകയെന്ന രീതിയാണ് മുമ്പുണ്ടായിരുന്നത്. റദ്ദാക്കിയ പരീക്ഷയുമായി താരതമ്യം ചെയ്യുമ്പോൾ നിലവാരമുള്ള ചോദ്യങ്ങളാണ് പുനഃപരീക്ഷയ്ക്ക് ഉൾപ്പെടുത്തിയതെന്ന് എൻട്രൻസ് പരിശീലന രംഗത്തെ വിദഗ്ദ്ധർ പറഞ്ഞു. കനത്ത സുരക്ഷയിലാണ് പരീക്ഷ നടന്നത്. ഓരോ കേന്ദ്രത്തിലും പത്തിലധികം ഉദ്യോഗസ്ഥരെ അധികമായി വിന്യസിച്ചിരുന്നു. റദ്ദാക്കിയ പരീക്ഷയ്ക്ക് കേരളത്തിൽ നിന്നും 1.1 ലക്ഷം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ഇത്തവണ വിദ്യാർത്ഥികളുടെ എണ്ണം കുറവായിരുന്നു.
മാതൃകയായി പ്രധാനമന്ത്രി
നീറ്റ് യുജി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളുടെ യാത്രയ്ക്ക് തന്റെ വാഹനവ്യൂഹം ഗതാഗത തടസം ഉണ്ടാക്കാതിരിക്കാൻ ഡൽഹി വിമാനത്താവളത്തിൽ കാത്തിരുന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്ത അന്താരാഷ്ട്ര യോഗാ ദിന പരിപാടിയിൽ പങ്കെടുത്ത് ഡൽഹി വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി പുറത്തിറങ്ങിയില്ല. നീറ്റ് എഴുതുന്ന വിദ്യാർത്ഥികൾക്ക് തന്റെ യാത്ര തടസമാകരുതെന്ന് അദ്ദേഹം നിർദ്ദേശം നൽകി. രണ്ടിന് ശേഷമാണ് അദ്ദേഹം യാത്ര ആരംഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |