SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.05 AM IST

ഐ.ജി ഷെഫീൻ അഹമ്മദ് നിര്യാതനായി

shafeen
ഷെഫീൻ അഹമ്മദ്

തിരുവനന്തപുരം: ഒഡിഷ കേഡർ ഐ.പി.എസ്​ ഉദ്യോഗസ്ഥനും തിരുവനന്തപുരം മുൻ റൂറൽ

എസ്​.പിയുമായ ഐ.ജി കെ.ഷെഫീൻ അഹമ്മദ്​ (50) നിര്യാതനായി. അർബുദചികിത്സയിലായിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ഓച്ചിറ ക്ലാപ്പന കൊട്ടക്കാട്ട് കുടുംബാംഗമാണ്. കെ.എസ്​.ഇ.ബി മുൻ എൻജിനിയറും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായ കെ.ഒ.ഹബീബിൻ്റെയും സുബൈദയുടെയും (റിട്ട.എൻജിനിയർ,സീനിയർ ടൗൺ പ്ലാനർ) മകനാണ്​. ഒഡീഷ പൊലീസിൻ്റെ സി.ഐ.ഡി ക്രൈംബ്രാഞ്ച്​ വിഭാഗത്തിൽ ഐ.ജിയുടെ ചുമതല വഹിക്കുകയായിരുന്നു. ഡെപ്യൂട്ടേഷനിൽ കേരളാ പൊലീസിൽ പ്രവർത്തിക്കവേ സായുധ പൊലീസ് ഡി.ഐ.ജി, പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.

ഭാര്യ:തൻസീൻ അബ്ദുൽറഹ്മാൻ(സോഫ്​റ്റ്​വെയർ എൻജിനിയർ). മക്കൾ:ഹയാൻഹബീബ്​(പ്ലസ്​ടു വിദ്യാർത്ഥി), റാഹ.

സഹോദരൻ:ഷെബീൻ ഉസ്മാൻ(ഐ.ബി.എം,യു.എസ്​.എ). മൃതദേഹം തിരുവനന്തപുരം വട്ടിയൂർക്കാവ് കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവൻ സ്‌കൂളിന് സമീപത്തെ വസതിയിലെ പൊതുദർശനത്തിന്​ ​ശേഷം ചൊവ്വാഴ്ച രാവിലെ ജന്മനാടായ ഓച്ചിറയിലേക്ക്​ കൊണ്ടുപോകും. ഖബറടക്കം ചൊവ്വാഴ്ച ക്ലാപ്പന മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിൽ.

കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ നിന്ന് 1998ൽ സിവിൽ എൻജിനിയറിംഗ് പാസായാണ് സിവിൽസർവീസ് നേടിയത്. 2003ബാച്ച് ഐ.പി.എസുദ്യോഗസ്ഥനായിരുന്നു. എം.ബി.എ ബിരുദവും നേടി. ഡെപ്യൂട്ടേഷനിൽ കേരളത്തിലെത്തി, ഒഡിഷ കേഡറിലേക്ക് മടങ്ങുന്നതുവരെ പൊലീസിൻ്റെ

ആധുനികവത്​കരണത്തിൽ നിർണായകപങ്കുവഹിച്ചു. ജനകീയനായ പൊലീസുദ്യോഗസ്ഥനായി. ഭരണ-പ്രതിപക്ഷഭേദമന്യേ ആദരവും സൗഹൃദവും നേടി. ഒഡിഷ കേഡറിലേക്ക്​ മടങ്ങിയ ശേഷം കൊറാപൂർ സൗത്ത്​-വെസ്​റ്റേൺ റേഞ്ച്​ ഡി.ഐ.ജിയും സ്ത്രീകൾക്കും പട്ടികജാതി-വർഗവിഭാഗങ്ങൾ​ക്കെതിരെയുളള അതിക്രമങ്ങൾ തടയാനുളള ഹ്യൂമൻ റൈറ്റ്​സ്​ പ്രൊട്ടക്ഷൻ കൗൺസിലിന്റെ (എച്ച്​.ആർ.പി.സി) ​ഐ.ജിയുമായി. പൊലീസ് ആന്തരിക് സുരക്ഷാസേവാപദക്, കേരള ഡി.ജി.പിയുടെ കമ്മൻഡേഷൻ മെഡൽ തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി.സതീശൻ, പ്രതിപക്ഷനേതാവ്​ പിണറായി വിജയൻ, ആഭ്യന്തരമന്ത്രി രമേശ്​ ചെന്നിത്തല എന്നിവർ അനുശോചിച്ചു. മികച്ച സർവീസ് റെക്കോർഡുള്ള ഉദ്യോഗസ്ഥനായിരുന്നു ഷെഫീനെന്നും കേരളത്തിൽ പ്രവർത്തിച്ചപ്പോൾ അത് തെളിയിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒഡീഷ മുഖ്യമന്ത്രി മോഹൻചരൺമാജിയും അനുശോചിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA