
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനേറ്റ കനത്ത തോൽവി ചർച്ച ചെയ്യാൻ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കാൻ പിണറായി വിജയൻ എത്തിയത് പൊലീസ് അകമ്പടിയില്ലാതെ. എകെജി സെന്ററിന്റെ കാറിൽ പാർട്ടി സെക്രട്ടറിയായിരുന്ന കാലത്ത് എത്തിയതിന് സമാനമായിരുന്നു വരവ്. പൊലീസ് കമാൻഡോകളോ മറ്റ് വാഹനവ്യൂഹങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
കഴിഞ്ഞ ദിവസമാണ് പിണറായി വിജയൻ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയത്. വിമാനത്താവളത്തിൽ രണ്ട് പൊലീസ് കൺട്രോൾ റൂം വാഹനത്തിന്റെ അകമ്പടി മാത്രം ഉൾപ്പെടുത്തിയാണ് ക്ലിഫ് ഹൗസിലേക്ക് എത്തിയത്. എകെജി സെന്ററിന്റെ വാഹനത്തിലായിരുന്നു പിണറായിയുടെ യാത്ര. വി ശിവൻകുട്ടി, വി ജോയ്, എഎ റഹീം എന്നിവർ പിണറായിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
അതേസമയം, പ്രതിപക്ഷനേതാവ് ആരാകണമെന്ന കാര്യത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തീരുമാനമെടുത്തേക്കും. കനത്തപരാജയം ഏറ്റുവാങ്ങേണ്ടിവന്ന സാഹചര്യത്തിൽ പ്രതിപക്ഷനേതാവിന്റെ പദവി പിണറായി വിജയൻ ഏറ്റെടത്തേക്കില്ല എന്ന് അഭ്യൂഹമുണ്ട്. തോൽവിയുടെ ഉത്തരവരാദിത്തവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാവും പിൻമാറ്റം. എന്നാൽ, പരിചയസമ്പന്നനായ നേതാവു തന്നെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന നിലപാടാണ് പാർട്ടി നേതൃത്വത്തിനുള്ളത്. ശക്തരായ മറ്റ് നേതാക്കളുടെ അഭാവവുമുണ്ട്.
2011ൽ വിഎസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായപ്പോൾ കൊടിയേരി ബാലകൃഷ്ണന് ഉപനേതൃ സ്ഥാനം നൽകിയിരുന്നു. അതപോലെ പ്രതിപക്ഷനേതാവിന്റെ പദവി പിണറായി വഹിക്കുകയും മറ്റൊരു മുതിർന്നയാളെ ഉപനേതാവാക്കാനും സാദ്ധ്യതയുണ്ട്. കേന്ദ്ര കമ്മിറ്റി അംഗമായ കെ.എൻ.ബാലഗോപാലിനാണ് അതിനുള്ള സാദ്ധ്യത. പിണറായി മാറിനിൽക്കുന്ന നിലവന്നാലും ബാലഗോപാലിനാണ് ആദ്യ പരിഗണന ലഭിക്കുക. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാൻ, പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവരും സാദ്ധ്യതാ പട്ടികയിലുണ്ട്. പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയശേഷമായിരിക്കും തുടർ ചർച്ചകളുണ്ടാവുക.
തോൽവിയുടെ ഉത്തരവാദിത്വം പൂർണമായും മുഖ്യമന്ത്രിയിൽ ചുമത്താൻ പാർട്ടി നേതൃത്വം തയ്യാറല്ല. കേന്ദ്ര നേതൃത്വത്തിനും ഇതേ നിലപാടാണുള്ളത്. അതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മാദ്ധ്യമ വാട്ട്സ്അപ്പ് ഗ്രൂപ്പിന്റെ പേര് ഒപ്പോസിഷൻ മീഡിയ എന്നാക്കി. പിണറായി വിജയന്റെ ഫോട്ടോ തന്നെയാണ് ഡിസ്‌പ്ലെ പിക്ചർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |