
തിരുവനന്തപുരം:റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിട്ടും പി.എസ്.സിക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് കണ്ടെത്തിയതോടെ കർശന നിർദ്ദേശവുമായി ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ്.ക്ലാർക്ക് ടൈപ്പിസ്റ്റ് റാങ്ക് പട്ടികയിൽ നിന്നും പരമാവധി നിയമനങ്ങൾ നടത്തണമെന്ന് വകുപ്പു മേധാവികൾക്ക് അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെ നിർദ്ദേശം നൽകി.ഉദ്യോഗാർത്ഥികൾ നൽകിയ പരാതിയിലായിരുന്നു ഉദ്യോഗസ്ഥഭരണ പരിഷ്‌കാര വകുപ്പിന്റെ അന്വേഷണം.
നിലവിലുള്ള കാറ്റഗറി നമ്പർ 103/2019 ക്ലാർക്ക് ടൈപ്പിസ്റ്റ് റാങ്ക്‌ലിസ്റ്റുകളുടെ കാലാവധലി മേയിൽ അവസാനിക്കും.ഈ പട്ടികയിൽ നിന്നും പരമാവധി നിയമനം നടത്തണം.ഇതിനായി വിരമിക്കൽ,പ്രൊമോഷൻ,ഡെപ്യൂട്ടേഷൻ,ദീർഘകാല അവധി തുടങ്ങിയവ കാരണം റാങ്ക് പട്ടികയുടെ കാലാവധിക്കുള്ളിൽ ഉണ്ടാകുന്ന എല്ലാ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണം.ഇത് എല്ലാ നിയമന അധികാരികളും വകുപ്പു മേധാവികളും ഉറപ്പുവരുത്തണമെന്നും അഡിഷണൽ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്.റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പായി ഒഴിവുകൾ റിപ്പോർട്ട് ചെയ്തെന്ന് എല്ലാ വകുപ്പുമേധാവികളും റിപ്പോർട്ട് നൽകണം.ഈ റിപ്പോർട്ട് ലഭ്യമായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര(അഡ്മിനിസ്‌ട്രേറ്റീവ് വിജിലൻസ് സെൽ)വകുപ്പ് ഉറപ്പു വരുത്തണം.
സെക്രട്ടേറിയറ്റിലെ ഭരണവകുപ്പ് സെക്രട്ടറിമാർ,അവരുടെ കീഴിൽ വരുന്ന വകുപ്പുകളിൽ നിന്ന് ഒഴിവുകൾ കൃത്യമായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അഡിഷണൽ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി.റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കിൽ ഒഴിവുകളെല്ലാം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി 2025 നവംബർ 9നും 23നും വിവിധ വകുപ്പുകൾക്ക് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് നിർദ്ദേശം നൽകിയിരുന്നു.എന്നാൽ ഇത് അവഗണിച്ചാണ് ഒഴിവുകൾ പൂഴ്ത്തിവച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |