SignIn
Kerala Kaumudi Online
Saturday, 16 May 2026 5.33 AM IST

പുറ്റിങ്ങൽ കമ്മിഷൻ ശുപാർശകൾ നടപ്പാക്കിയില്ല: വെടിക്കെട്ട് സുരക്ഷ വാക്കിൽ മാത്രം

fire

തിരുവനന്തപുരം: 110പേർ മരിക്കുകയും 750ലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്ത പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം അന്വേഷിച്ച ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ജുഡിഷ്യൽ കമ്മിഷന്റെ ശുപാർശകൾ നടപ്പാക്കാത്തതാണ് വീണ്ടും ദുരന്തങ്ങൾക്കിടയാക്കുന്നത്. 85 ഡെസിബെല്ലിൽ കൂടിയ വെടിക്കെട്ടിന് അനുമതി നൽകരുതെന്നും ഒരുക്കങ്ങൾ നടക്കുന്നിടത്തടക്കം പൊലീസ്,ഫയർഫോഴ്സ് പരിശോധന നടത്തണമെന്നും കമ്മിഷൻ നിർദ്ദേശിച്ചെങ്കിലും പാലിക്കപ്പെട്ടില്ല. ശുപാർശകൾ സർക്കാർ അംഗീകരിക്കുകയും നിയമസഭയിൽ സമർപ്പിച്ചെങ്കിലും നടപ്പാക്കിയില്ല.

വെടിക്കെട്ടിനുപയോഗിക്കുന്ന രാസപദാർത്ഥങ്ങളുടെ സാമ്പിളുകൾ ശിവകാശിയിലെ ഡെപ്യൂട്ടിചീഫ് കൺട്രോളർ ഒഫ് എക്‌സ്‌പ്ളോസീവ് മുമ്പാകെ ഹാജരാക്കണം,നാഗ്പൂരിലെ ചീഫ് കൺട്രോളർ ഒഫ് എക്‌സ്‌പ്ളോസീവിന് പരിശോധനയ്ക്കായി സാമ്പിളുകൾ നൽകണം എന്നീ നിർദ്ദേശങ്ങളും നടന്നില്ല. കുഴിമിന്നി,അമിട്ട് തുടങ്ങിയ ഇനങ്ങളുടെ നിർമ്മാതാക്കൾ ഇവയിലെ ചേരുവകൾ,അളവ്,സ്വഭാവം തുടങ്ങിയവ ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഒഫ് എക്‌സ്‌പ്ളോസീവിന് ലഭ്യമാക്കണമെന്നതും അവഗണിച്ചു. പരമ്പരാഗത ഇനങ്ങളിൽ നിർമ്മാണത്തീയതി,ഭാരം,ശബ്ദത്തിന്റെയളവ്,എത്രഉയരത്തിൽപോകും എന്നിവ ലേബലായി പതിച്ചിരിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചെങ്കിലും അവഗണിക്കപ്പെട്ടു.

സുരക്ഷക്കായി ഉത്സവ ബഡ്ജറ്റിന്റെ 25ശതമാനത്തിൽ കുറയാത്ത തുക മാറ്റിവയ്ക്കണം,15ദിവസംമുമ്പ് സുരക്ഷാ മുന്നൊരുക്കങ്ങൾ നോഡൽ ഓഫീസറെ ധരിപ്പിക്കണം തുടങ്ങിയ ശുപാർശയും നടന്നില്ല. വെടിക്കെട്ട് സുരക്ഷിതമായി നടത്താൻ ജൂനിയർസൂപ്രണ്ട്/ഡെപ്യൂട്ടി തഹസിൽദാർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരെ ജില്ലാദുരന്തനിവാരണ അതോറിട്ടി നിയോഗിക്കണമെന്നും നാലുമാസം മുൻപ് സുരക്ഷാപ്ലാൻ തയ്യാറാക്കണമെന്നുമുള്ള ശുപാർശയും തള്ളി.

അപകടസാദ്ധ്യത രണ്ടാഴ്ചമുമ്പ് കളക്ടറുടെ അദ്ധ്യക്ഷതയിലുള്ള ജില്ലാ ദുരന്തനിവാരണ അതോറിട്ടി വിലയിരുത്തണമെന്നും ഉത്സവകമ്മിറ്റിയിലെ പ്രധാനിയെ ഫെസ്റ്റിവൽ കൺട്രോളറാക്കണമെന്നും സുരക്ഷാ ഒരുക്കങ്ങളുടെ നേരിട്ടുള്ള ചുമതല കൺട്രോളർക്കായിരിക്കണമെന്നുമുള്ള നിർദ്ദേശവും പാലിക്കപ്പെടുന്നില്ല.

അവഗണിക്കപ്പെട്ട

നിർദ്ദേശങ്ങൾ

1)റിസ്‌ക് അസസ്മെന്റ് പ്ലാൻ

2)ഓൺസൈറ്റ് എമർജൻസി പ്ലാൻ

3)സുരക്ഷിതമായ സംഭരണ മുറി

4)സാമ്പിളുകളുടെ രാസപരിശോധന

5)ശബ്ദമലിനീകരണ പരിശോധന

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PUTTINGAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA