
തിരുവനന്തപുരം: ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയുള്ള റെഡ് സോണുകളിലും കരിങ്കൽ ക്വാറിക്ക് അനുമതി നൽകാൻ സർക്കാരിന്റെ അവസാനകാലത്ത് നീക്കം നടന്നു. ഖനനത്തിന് ജില്ലാതല ക്രൈസിസ് മാനേജ്മെന്റ് സമിതിയുടെ അനുമതിയുണ്ടാവണം. ഇതടക്കം ചട്ടങ്ങൾ ഒഴിവാക്കിയുള്ള ഭേദഗതിക്കാണ് ശ്രമിച്ചത്.
ക്വാറിയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പരിഷ്കരിക്കുന്നതിനും ഓപ്പറേറ്റിംഗ് ചട്ടം രൂപീകരിക്കാനും വിദഗ്ദ്ധസമിതി രൂപീകരിച്ച് കഴിഞ്ഞ 5ന് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. ദുരന്തനിവാരണ കമ്മിഷണറാണ് അദ്ധ്യക്ഷൻ. ഹസാർഡ് ആൻഡ് റിസ്ക് അനലിസ്റ്റ് കൺവീനർ. പരിസ്ഥിതിവകുപ്പ് ഡയറക്ടർ, ഖനന-ഭൂവിജ്ഞാനവകുപ്പ് ഡയറക്ടർ, നിയമസെക്രട്ടറിയുടെ പ്രതിനിധി എന്നിവർ അംഗങ്ങളുമാണ്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ മേഖലകളിൽ ഖനനാനുമതി നൽകുന്നത് ചർച്ചചെയ്യാൻ വിവിധ വകുപ്പുകളുടെ യോഗം വിളിക്കാൻ ദുരന്തനിവാരണ അതോറിട്ടി മെമ്പർ സെക്രട്ടറി സർക്കാരിന് കത്ത് നൽകിയിരുന്നു. ചർച്ചകളിലെ തീരുമാനപ്രകാരമാണ് ദുരന്തനിവാരണ പ്ലാൻ പരിഷ്കരിക്കുന്നതിന് സമിതി രൂപീകരിച്ചത്.
മഴക്കുഴികൾ പോലും പാടില്ല
അപകടസാദ്ധ്യതയുള്ളിടത്ത് 20 ഡിഗ്രിയിലേറെ ചരിവുള്ള പ്രദേശങ്ങളിൽ മഴക്കുഴികൾക്ക് പോലും നിരോധനമുണ്ട്. മണ്ണിലേക്ക് അമിതമായി വെള്ളമിറങ്ങി ഉരുൾപൊട്ടലിന് കാരണമാവും
ഇവിടങ്ങളിൽ ക്വാറി നിരോധിച്ചിരിക്കുകയാണ്. മിതമായ അപകടസാദ്ധ്യതയുള്ള പ്രദേശങ്ങളിൽ ജില്ലാതല സമിതിയുടെ പ്രത്യേകാനുമതി വേണം. കെട്ടിട നിർമ്മാണത്തിനും നിയന്ത്രണമുണ്ട്
ജനവാസ മേഖലകളിൽ ക്വാറികളുടെ ദൂരപരിധി ഹരിത ട്രൈബ്യൂണൽ 200 മീറ്ററാക്കിയിരുന്നു. സർക്കാർ സുപ്രീംകോടതിയെ സമീപിച്ച് 50 മീറ്റർ പരിധി നിലനിറുത്താമെന്ന ഉത്തരവ് നേടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |