
തിരുവനന്തപുരം:സംസ്ഥാനത്തെ ജനജീവിതം ദുസ്സഹമാക്കി പൊള്ളുന്ന ചൂട് തുടരുന്നു.ഇന്നലെ പാലക്കാട്,തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗ സാദ്ധ്യതയെത്തുടർന്ന് ഓറഞ്ച് അലർട്ടായിരുന്നു.എല്ലാ ജില്ലകളിലും അത്യുഷ്ണം അനുഭവപ്പെടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്താൻ ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി.അതേസമയം കാലാവസ്ഥയിൽ തിങ്കളാഴ്ചയോടെ മാറ്റമുണ്ടാകാമെന്നാണ് നിഗമനം.നിലവിലെ ഒറ്റപ്പെട്ട മഴ തിങ്കളാഴ്ചയോടെ ശക്തമായേക്കും.ന്യൂനമർദ്ദപാത്തി ശക്തമാവുന്നതും ചക്രവാതച്ചുഴിക്കുള്ള സാദ്ധ്യതയുമാണ് മഴ ശക്തമാകാൻ വഴിതെളിക്കുന്നത്.ഇത്തവണ വേനൽമഴയിൽ വലിയ കുറവുണ്ടായി.ഏപ്രിൽ 16 മുതൽ 22 വരെ വേനൽ മഴലഭ്യതയിൽ 68 ശതമാനത്തിന്റെ കുറവാണുള്ളത്.24.8 മി.മീ മഴ പ്രതിക്ഷീച്ച സ്ഥാനത്ത് ലഭിച്ചത് 8 മി.മീ ആണ്.
ഉയർന്നതാപനില തുടരും
പാലക്കാട് ഇന്നലെ 39.7 ഡിഗ്രിയായുന്നു താപനില.ശനി,ഞായർ ദിവസങ്ങളിൽ പാലക്കാട് താപനില 40 ഡിഗ്രി വരെയും കൊല്ലത്ത് 39 ഡിഗ്രി വരേയും തൃശൂർ,കോട്ടയം ജില്ലകളിൽ 38 ഡിഗ്രി വരെയും പത്തനംതിട്ട,ആലപ്പുഴ,എറണാകുളം,മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി വരെയും ഉയരാൻ സാദ്ധ്യതയുണ്ട്.
ഉന്നതതല യോഗം ഇന്ന്
ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. ഇന്ന് രാവിലെ 11 ന് ഓൺലൈനായി ചേരുന്ന യോഗത്തിൽ ബന്ധപ്പെട്ട മന്ത്രിമാരും ചീഫ് സെക്രട്ടറിയും ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |