SignIn
Kerala Kaumudi Online
Tuesday, 26 May 2026 11.50 AM IST

18 വയസുവരെയുള്ള കുട്ടികളുടെ ഫോൺ ഉപയോഗത്തിൽ നിയന്ത്രണം; പുതിയ നിയമം കൊണ്ടുവരാൻ ബാലാവകാശ കമ്മീഷൻ

phone

തിരുവനന്തപുരം: പതിനെട്ട് വയസുവരെയുള്ള കുട്ടികളിലെ സ്ക്രീൻ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന് ബാലാവകാശ കമ്മീഷൻ. നിയമം നിർമ്മിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിച്ച് തുടർനടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ്കുമാർ അംഗം ഷാജേഷ് ഭാസ്കർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വനിതാ-ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ആരോഗ്യം, നിയമം, ഇലക്ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജി എന്നീ വകുപ്പ് സെക്രട്ടറിമാരും സംസ്ഥാന പോലീസ് മേധാവിയും ഉൾപ്പെടുന്നതാകണം ഉന്നതതല സമിതി.

കൊവിഡിനുശേഷം സ്ക്രീൻ അഡിക്ഷൻ കുട്ടികളിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇന്റർനെറ്റ്, മൊബൈൽ ഗെയിമുകൾ, സോഷ്യൽ മീഡിയ എന്നിവയുടെ അമിത ഉപയോഗം കുട്ടികളുടെ മാനസിക-ശാരീരിക-വൈകാരിക വിദ്യാഭ്യാസ ജീവിതത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. രണ്ട് വയസുവരെ കുട്ടികൾക്ക് വീഡിയോകോൾ ഒഴികെ സ്ക്രീൻ ഉപയോഗം പൂർണ്ണമായും ഒഴിവാക്കണം. അഞ്ച് വയസുവരെയുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ അറിവോടെ ഒരു മണിക്കൂറായി നിജപ്പെടുത്തണം. പന്ത്രണ്ട് വയസ്സുവരെ സ്ക്രീൻ സമയം പരമാവധി രണ്ട് മണിക്കൂറായി നിയന്ത്രിക്കണം. പതിനെട്ട് വയസുവരെ പഠനത്തിനുപുറമെ സ്ക്രീൻ സമയം രണ്ട് മണിക്കൂറായി പരിമിതപ്പെടുത്തേണ്ടതാണ് എന്ന മാനസികാരോഗ്യ വിദഗ്ധരുടെയും ആരോഗ്യ പ്രവർത്തകരുടെയും കണ്ടെത്തലുകൾ കമ്മീഷൻ അംഗീകരിച്ചു.

കുട്ടികൾ സ്കൂളുകളിൽ മൊബൈൽ ഫോണോ, ടാബോ കൊണ്ടുവരാനോ ഉപയോഗിക്കുവാനോ പാടില്ല. എന്നാൽ ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ കുട്ടി മൊബൈൽ ഫോൺ കൊണ്ടുവരുകയാണെങ്കിൽ രക്ഷിതാവിന്റെ അപേക്ഷ സഹിതം ക്ലാസ് ടീച്ചർക്ക് കൈമാറേണ്ടതും നിയന്ത്രിതമായി ഉപയോഗിക്കാവുന്നതുമാണ്. നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി കുട്ടികൾ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ കൊണ്ടുവരുന്ന പക്ഷം കുട്ടിക്ക് താക്കീത് നൽകണം. കുറ്റം ആവർത്തിച്ചാൽ ഉപകരണം പിടിച്ചെടുത്ത് ഏഴ് ദിവസത്തിനുശേഷം രക്ഷിതാവിനെ വിളിച്ചുവരുത്തി തിരികെ നൽകേണ്ടതാണ്.

മൊബൈൽ ഫോണുകൾ കണ്ടെത്തുന്നതിന് ബാഗ് പരിശോധനയും ദേഹ പരിശോധനയും നടത്തുന്നത് കുട്ടികളുടെ അന്തസിനും അഭിമാനത്തിനും ഭംഗം വരുന്നതരത്തിലാവരുത്. ഇത്തരം സന്ദർഭങ്ങളിൽ അദ്ധ്യാപകർ കുട്ടികളോട് ശിശു സൗഹാർദമായി പെരുമാറണം. സ്കൂളിലെ ഫോൺ ഉപയോഗം സംബന്ധിച്ച് അദ്ധ്യായനവർഷാരംഭം പിറ്റിഎ മുഖാന്തിരം അച്ചടിച്ച നിർദ്ദേശങ്ങൾ രക്ഷിതാക്കൾക്ക് നൽകണം. ഡിജിറ്റൽ അവബോധം സംബന്ധിച്ച് ഒരു അദ്ധ്യയനവർഷം വിദഗ്ധരുടെ രണ്ട് മണിക്കൂർ ക്ലാസ് നാല് തവണ സ്കൂളിന്റെ നേതൃത്വത്തിൽ ലഭ്യമാക്കേണ്ടതാണ്.

അതുപോലെ കായിക വിനോദങ്ങൾ, യോഗ, എയ്റോബിക്സ്, വിവിധ ഭാഷാക്ലാസുകൾ, സാഹിത്യ ശാസ്ത്ര ക്ലബുകൾ, വായന, ക്രാഫ്റ്റ്, കൈത്തൊഴിൽ എന്നിവയിലേക്ക് കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ നടപ്പിലാക്കണം. കമ്മീഷൻ ഉത്തരവിലെ ശുപാർശകൾ 2026-27 അദ്ധ്യായന വർഷം മുതൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നടപ്പിലാക്കേണ്ടതാണ്.

പാലക്കാട് കുമരനല്ലൂർ സ്കൂൾ വിദ്യാർത്ഥി ഫോൺ ഉപയോഗിക്കുകയും ഫോൺ തിരികെ നൽകാത്തതിൽ ക്ഷുഭിതനാകുകയും പ്രിൻസിപ്പലിനെ വധിക്കുമെന്ന് ഭീക്ഷണിപ്പെടുത്തു കയും ചെയ്ത സംഭവം വാർത്തയാവുകയും കമ്മീഷൻ സ്വമേധയാ നടപടി സ്വീകരിക്കുകയുമായിരുന്നു. കമ്മീഷൻ ശുപാർശകളിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് ബന്ധപ്പെട്ട വകുപ്പ് മേധാവികൾ കമ്മീഷൻ ചട്ടങ്ങളിലെ ചട്ടം 45 പ്രകാരം 30 ദിവസത്തിനകം ലഭ്യമാക്കാനും ഉത്തരവിൽ നിർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PGONE, USE, KIDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA