SignIn
Kerala Kaumudi Online
Wednesday, 22 April 2026 2.45 AM IST

കണ്ണീർക്കടലായി സ്കൂൾ മുറ്റം ; ആയിരങ്ങളുടെ യാത്രാമൊഴി

Increase Font Size Decrease Font Size Print Page
acci

മലപ്പുറം: കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച അദ്ധ്യാപകരുൾപ്പെടെ ഒമ്പത് പേർക്കും നിറകണ്ണുകളോടെ യാത്രാമൊഴിയേകി ആയിരങ്ങൾ. ഒരുനോക്ക് കാണാൻ കനത്ത ചൂടിനെ വകവയ്ക്കാതെ നാടാകെ ഒഴുകിയെത്തി. വിദ്യാർത്ഥികളും സഹപ്രവർത്തകരും നാട്ടുകാരും അന്തിമോപചാരമർപ്പിക്കുന്ന അതിവൈകാരിക നിമിഷങ്ങളിൽ അമ്പലപ്പറമ്പ് ഹയർസെക്കൻഡറി സ്‌കൂൾ മുറ്റം കണ്ണീർക്കടലായി.

പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽ.പി സ്‌കൂളിലെ അദ്ധ്യാപകരുൾപ്പെട്ട വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ വെള്ളിയാഴ്ച വൈകിട്ട് 5.20നാണ് വാൽപ്പാറ ചുരം റോഡിൽ അപകടത്തിൽപ്പെട്ടത്. പാങ്ങ് സ്കൂളിലെ സൗകര്യക്കുറവ് കാരണം അമ്പലപ്പറമ്പ് സ്കൂളിലാണ് പൊതുദർശനത്തിനു സൗകര്യമൊരുക്കിയത്.

രാത്രി പന്ത്രണ്ടോടെ കോയമ്പത്തൂർ മെഡിക്കൽ കോളേജിലാരംഭിച്ച പോസ്റ്റുമോർട്ടം പുലർച്ചെ മൂന്നരയോടെയാണ് പൂർത്തിയായത്. തമിഴ്‌നാട് ഹെൽത്ത് സർവീസിന്റെ ആംബുലൻസുകളിൽ മൃതദേഹങ്ങൾ രാവിലെ ഒമ്പതോടെ അമ്പലപ്പറമ്പ് എച്ച്.എസ്.എസിലെത്തിക്കുമ്പോഴേക്കും സ്കൂൾ അങ്കണം ജനസഞ്ചയമായിരുന്നു. മൃതദേഹങ്ങൾക്കു മുന്നിൽ സ്ത്രീകൾ വാവിട്ടു നിലവിളിച്ചു. കുട്ടികൾ പൊട്ടിക്കരഞ്ഞു.

പ്രിയ അദ്ധ്യാപകർക്ക് യാത്രാമൊഴിയേകാൻ യൂണിഫോമിലായിരുന്നു കുട്ടികളെത്തിയത്. രണ്ടു മണിക്കൂറിലേറെ നീണ്ട പൊതുദർശനത്തിനുശേഷം മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോയി. പ്രധാനാദ്ധ്യാപിക അജിതയുടെ സംസ്‌കാരം വൈകിട്ട് ആറരയ്ക്ക് ഷൊർണൂർ ശാന്തിതീരത്ത് നടന്നു. അദ്ധ്യാപകൻ മജീദ്, ഭാര്യ റുഖിയ എന്നിവരുടെ ഖബറടക്കം പാങ്ങ് മാട്ടാത്ത് ജുമാമസ്ജിദിലും അദ്ധ്യാപകരായ റംല, ഷക്കീല എന്നിവരുടെയും പാചകത്തൊഴിലാളി സാജിതയുടെയും ഖബറടക്കം പാങ്ങ് വലിയ ജുമാഅത്ത് പള്ളിയിലും അദ്ധ്യാപിക സുഹ്റയുടെയും മകൻ ഹിഷാമിന്റെയും ഖബറടക്കം ഈസ്റ്റ് പാങ്ങ് ജുമാമസ്ജിദിലും നടന്നു. കൊളത്തൂർ തറവാട്ട് വീട്ടിലായിരുന്നു അദ്ധ്യാപിക ആശയുടെ സംസ്‌കാരം.

മന്ത്രി വി.ശിവൻകുട്ടി, പി.കെ.കുഞ്ഞാലിക്കുട്ടി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സാദിഖലി ശിഹാബ് തങ്ങൾ ഉൾപ്പെടെ അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയിരുന്നു.

'അമ്മേ"... ഉള്ളുലഞ്ഞ് കുഞ്ഞുങ്ങൾ

ചുറ്റുമുള്ള കരഞ്ഞ് കലങ്ങിയ കണ്ണുകളിലേക്ക് ഉറ്റുനോക്കി എന്താണ് കാര്യമെന്ന് അറിയാതെ അമ്പരന്നുനിന്ന അഞ്ചു വയസുകാരൻ അശ്വതിനെ ബന്ധു എടുത്തുയർത്തി. അമ്മേ... അശ്വതിന്റെ നിലവിളി കൊളത്തൂരിലെ കൂമുള്ളിക്കളം വീട്ടിൽ കണ്ടുനിന്നവർക്കും താങ്ങാനായില്ല. അദ്ധ്യാപിക ആശയുടെ മകനാണ് അശ്വത്. ചേതനയറ്റ അമ്മയെ കാണേണ്ടെന്ന് പറഞ്ഞ് ഡിഗ്രി വിദ്യാർത്ഥിനിയായ മൂത്തമകൾ ഐശ്വര്യ മുഖംപൊത്തി പിന്തിരിഞ്ഞു. ബന്ധുക്കൾ അവസാനമായി കാണാൻ നിർബന്ധിച്ചതോടെ പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മയുടെ അടുത്തേക്ക്. പത്താം ക്ലാസ് പരീക്ഷാഫലം കാത്തിരിക്കുന്ന ഇളയ മകൾ അക്ഷരയും അരികെ എത്തിയതോടെ തളർന്നുപോയി. മുറിയിൽ വിതുമ്പലോടെ തളർന്നിരുന്ന ഭർത്താവ് ജിതേഷ് ആത്മനിയന്ത്രണം നഷ്ടപ്പെട്ട് പൊട്ടിക്കരഞ്ഞു.

TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.