
കോലഞ്ചേരി: വ്യാജരേഖകൾ ചമച്ച് അനധികൃത അവയവക്കച്ചവടത്തിനു സഹായം നൽകിയ കേസിലെ മുഖ്യപ്രതി പിടിയിൽ.കാസർകോട് കൽനാട് അൽ നിഹാമത്ത് മൻസിലിൽ മുഹമ്മദ് നജീബിനെയാണ് (53) പ്രത്യേക അന്വേഷണസംഘം ഉത്തർപ്രദേശിലെ ഖാസിയാബാദിൽ നിന്ന് അറസ്റ്റ് ചെയ്തത്.
കുന്നത്തുനാട് പെരിങ്ങാലയിൽ വാടകയ്‌ക്ക് താമസിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം.അന്വേഷണം ശക്തമായതോടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ നജീബ് വിമാന മാർഗം ഡൽഹിയിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.തുടർന്ന് ഇയാളെ ഡൽഹിയിലെത്തിയ അന്വേഷണസംഘം പിന്തുടർന്നു.ഖാസിയാബാദിലേക്ക് കടന്ന നജീബിനെ ഞായറാഴ്ച പുലർച്ചെയാണ് കസ്റ്റഡിയിലെടുത്തത്.
അനധികൃത അവയവദാനത്തിനായി വ്യാജ രേഖകൾ തയ്യാറാക്കുകയും ദാതാക്കളെയും സ്വീകർത്താക്കളെയും തമ്മിൽ ബന്ധിപ്പിക്കുകയും ചെയ്യുന്ന വൻ റാക്കറ്റിലെ പ്രധാന കണ്ണിയാണ് നജീബെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.സംഘത്തിന് സംസ്ഥാനത്തിനു പുറത്തും പ്രവർത്തനമുണ്ടോയെന്ന് പരിശോധിച്ചു വരുന്നു.കേസിൽ നജീബിന്റെ ഭാര്യ കുന്നത്തുനാട് പെരിങ്ങാല ബൈത്തുൽറഹ്മ വീട്ടിൽ റഷീദ അറസ്റ്റിലായിരുന്നു. വ്യാജരേഖകൾ തയ്യാറാക്കുന്നതിൽ റഷീദയ്‌ക്കും പങ്കുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി. കേസിൽ മറ്റ് അഞ്ചു പേരും അറസ്റ്റിലായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |