SignIn
Kerala Kaumudi Online
Wednesday, 13 May 2026 3.27 AM IST

കൃഷിയിലും  പട്ടാളച്ചിട്ട: 25 സെന്റിൽ വിളഞ്ഞത് 5.5 ടൺ വനാമി ചെമ്മീൻ

Increase Font Size Decrease Font Size Print Page
s

കൊച്ചി: അതിർത്തി കാത്തിരുന്ന പട്ടാളക്കാരന്റെ കൈകളിൽ തോക്കിന് പകരം ചെമ്മീൻ തീറ്റ. കാവൽ നിൽക്കുന്നത് കായംകുളം മണിയവലക്കടവിലെ വനാമി കുളങ്ങൾക്ക്. മനസ് വച്ചാൽ മണ്ണിലും വെള്ളത്തിലും പൊന്ന് വിളയിക്കാമെന്ന് തെളിയിക്കുകയാണ് റിട്ട. ആർമി ഉദ്യോഗസ്ഥൻ വൈ. അഭിലാഷ്. 25 സെന്റ് കുളത്തിൽ നിന്ന് അഭിലാഷ് വിളവെടുത്തത് അഞ്ചര ടൺ ചെമ്മീൻ.

2018ൽ വിരമിച്ചപ്പോഴാണ് കൃഷി മോഹമുദിച്ചത്. അന്യസംസ്ഥാനങ്ങളിലെ ചെമ്മീൻ പാടങ്ങളായിരുന്നു പ്രചോദനം. ചെലവു കൂടിയതുൾപ്പെടെ തുടക്കത്തിലെ പ്രതിസന്ധികളിൽ തോറ്റു പിന്മാറിയില്ല. 'ഡയാറ്റം" എന്ന വിദ്യ തുണയ്ക്കെത്തി. പ്ളവഗങ്ങളെ (ആൽഗകൾ) ശാസ്ത്രീയമായി പരിപോഷിപ്പിക്കുന്ന ഈ രീതിയിൽ ചെലവ് കുറഞ്ഞു. ചെമ്മീനുകളുടെ വളർച്ച ഇരട്ടിച്ചു. ടാർപോളിൻ വിരിച്ച കുളങ്ങളിൽ വെള്ളത്തിന്റെ ഗുണനിലവാരം കൃത്യമായി അളന്നു നടത്തുന്ന തീവ്രകൃഷി രീതിയിലൂടെ പത്തിരട്ടി വിളവാണ് കൊയ്യുന്നത്.

ചിട്ടയായ

ദിനചര്യ

പട്ടാളക്കാരന്റെ കൃത്യനിഷ്ഠയാണ് ഫാമിന്റെ വിജയ രഹസ്യം. പുലർച്ചെ 6 മണിക്ക് ആദ്യഘട്ട തീറ്റ. പത്തു മണിക്ക് രണ്ടാം തീറ്റ. പിന്നാലെ കുളം ശുചീകരണം. ഉച്ചയ്ക്ക് രണ്ടിനും വൈകിട്ട് ആറിനും തീറ്റ. രാത്രിയിലാണ് ചെമ്മീനുകളുടെ ശാരീരിക മാറ്റങ്ങളും ആരോഗ്യവും നിരീക്ഷണം. ഭാര്യ ചിഞ്ചുവും മകൻ ദേവനന്ദനും പിന്തുണയുമായി ഒപ്പമുണ്ട്. 90 മുതൽ 110 ദിവസം വരെ നീളുന്നതാണ് കൃഷി. വിപണിയിൽ കിലോയ്ക്ക് 500 രൂപയ്ക്ക് മുകളിൽ വില മൂന്ന് വർഷത്തിനുള്ളിൽ നിക്ഷേപം തിരിച്ചു പിടിക്കാം. സീഫുഡ് കമ്പനികളുടെ ഡിമാൻഡുള്ളതിനാൽ വില്പനയും പ്രശ്നമല്ല.

TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA