SignIn
Kerala Kaumudi Online
Saturday, 16 May 2026 2.09 AM IST

സ്വർണക്കൊള്ള കേസ് 18ന് വീണ്ടും ഹൈക്കോടതിയിൽ,​ യു.ഡിഎഫ് സർക്കാർ അധികാരമേൽക്കുന്ന ദിവസം

h

കൊച്ചി: അമ്പതു ദിവസത്തെ ഇടവേളയ്ക്കുശേഷം ശബരിമല സ്വർണക്കൊള്ള കേസ് ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കുറ്റപത്രം സമർപ്പിക്കുന്ന കാര്യത്തിൽ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) വിശദീകരണം നൽകും. എൽ.ഡി.എഫ് നേതാക്കളടക്കം പ്രതികളായ കേസ് വീണ്ടും പരിഗണിക്കുന്നത് യു.ഡി.എഫ് സർക്കാർ അധികാരമേൽക്കുന്ന ദിവസമാണെന്ന സവിശേഷതയുണ്ട്.

അതേസമയം, അന്വേഷണം ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ മേൽനോട്ടത്തിലായതിനാൽ പുതിയ സർക്കാരിന് ഇടപെടാനാകില്ല. കോടതിയുടെ അനുമതി കൂടാതെ എസ്.ഐ.ടി അംഗങ്ങളെ മാറ്റാനുമാകില്ല. എന്നാൽ, അന്വേഷണം വേഗത്തിൽ പൂർത്തിയാക്കുന്നതിന് പശ്ചാത്തലമൊരുക്കാനാകും.

കേസ് ഹൈക്കോടതി അവസാനം പരിഗണിച്ച മാർച്ച് 26ന് കുറ്റപത്രം സമർപ്പിക്കാ‌ൻ എസ്.ഐ.ടിക്ക് സാവകാശം അനുവദിച്ചിരുന്നു. സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽനിന്നും മറ്റും രണ്ടാമത് ശേഖരിച്ച ലോഹസാമ്പിളുകളുടെ പരിശോധനാഫലം ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലാബിൽനിന്ന് ലഭിക്കാത്തതാണ് കുറ്റപത്രം വൈകാൻ പ്രധാനകാരണം. അതോടെ പ്രതികളെല്ലാം സ്വഭാവിക ജാമ്യത്തിലിറങ്ങി.

എന്നാലും എസ്.ഐ.ടിക്ക് സമ്പൂർണ പിന്തുണയാണ് ദേവസ്വം ബെഞ്ച് നൽകുന്നത്. പ്രതികൾക്ക് ജാമ്യം കിട്ടിയതിന്റെ പേരിൽ കേസ് ഇല്ലാതാകുന്നില്ലെന്നും വിചാരണ കുറ്റമറ്റതാകാൻ അതിസൂക്ഷ്മ ശാസ്ത്രീയ തെളിവുകൾവരെ ശേഖരിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.

കേസുകൾ രണ്ട്,

നീളാൻ സാദ്ധ്യത

ദ്വാരപാലക ശില്പങ്ങളിലേയും കട്ടിളപ്പാളികളിലേയും സ്വർണം കവർന്നതിന് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഏകദേശം 1700 ഗ്രാം സ്വർണം കവർന്നതായി എസ്.ഐ.ടി കണ്ടെത്തി. കരട് കുറ്റപത്രങ്ങളും തയ്യാറാക്കി. സ്വർണപ്പാളികൾ അപ്പാടെ മാറ്റിയെന്ന സംശയം സ്ഥിരീകരിക്കണമെങ്കിൽ കേന്ദ്രലാബിലെ പരിശോധനാഫലം അനിവാര്യമാണ്. അങ്ങനെ തെളിഞ്ഞാൽ ഉത്തരവാദികളെ വീണ്ടും ചോദ്യം ചെയ്യേണ്ടിവരും. തുടർന്ന് സർക്കാരിൽനിന്ന് പ്രോസിക്യൂഷൻ അനുമതിതേടി ഹൈക്കോടതിയുടെ അംഗീകാരത്തോടെ വേണം വിചാരണക്കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ. അതിനാൽ ഹൈക്കോടതി ഇനിയും സാവകാശം അനുവദിക്കാനാണ് സാദ്ധ്യത.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA