
മലപ്പുറം: അഞ്ച് മന്ത്രിമാർ വേണമെന്ന ആവശ്യത്തിൽ ഉറച്ച് മുസ്ലിം ലീഗ്. നാല് മന്ത്രിമാർക്ക് പുറമെ ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് പദവികളിലൊന്ന് നൽകാമെന്ന കോൺഗ്രസ് ഫോർമുല ലീഗ് തള്ളിയെന്നാണ് സൂചന. ഇന്നലെ തിരുവനന്തപുരത്ത് ലീഗ്- കോൺഗ്രസ് നേതാക്കൾ പ്രാഥമിക ചർച്ച നടത്തിയെങ്കിലും ധാരണയായില്ല. ഇന്നുചേരുന്ന യു.ഡി.എഫ് നിയമസഭാ കക്ഷിയോഗത്തിൽ വിശദ ചർച്ച നടക്കും.
ഉമ്മൻചാണ്ടി സർക്കാരിലുണ്ടായിരുന്ന വകുപ്പുകൾ തന്നെയാണ് ഇക്കുറിയും ലീഗിന് താത്പര്യം. വിദ്യാഭ്യാസ വകുപ്പ് വച്ചുമാറണമെന്ന ആവശ്യത്തിന് സന്നദ്ധമായേക്കില്ല. വ്യവസായം-ഐടി, തദ്ദേശം, പൊതുമരാമത്ത്, വിദ്യാഭ്യാസം, ന്യൂനപക്ഷക്ഷേമം എന്നീ വകുപ്പുകളാണ് ലീഗ് നേരത്തെ കൈകാര്യം ചെയ്തിരുന്നത്.
മലപ്പുറത്ത് നിന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയും പാലക്കാട് ജില്ലയിൽ നിന്ന് എൻ.ഷംസുദ്ദീനും മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. വ്യവസായവകുപ്പ് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചേക്കും. മലപ്പുറത്ത് നിന്ന് വിജയിച്ച കെ.എം.ഷാജിയും പി.കെ.ബഷീറും ആദ്യ പരിഗണനയിലുണ്ടെങ്കിലും ജില്ലാപ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യം നടപ്പാക്കിയാൽ ഇവരിൽ ഒരാൾക്കേ നറുക്ക് വീഴൂ.
എം.കെ.മുനീറിന്റെ അഭാവത്തിലാണ് അദ്ദേഹത്തിന്റെ പക്ഷക്കാരനായ കെ.എം.ഷാജിയെ പരിഗണിക്കുന്നത്. പി.കെ.ബഷീർ നിയമസഭയിൽ നാലാംതവണയാണ്. കോഴിക്കോട് ജില്ലയിൽ നിന്ന് റസാഖ് മാസ്റ്റർ, പാറയ്ക്കൽ അബ്ദുള്ള, എ.കെ.എം.അഷ്റഫ് (കാസർകോട്), വി.ഇ.അബ്ദുൽ ഗഫൂർ (എറണാകുളം) എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. നാളെ തിരുവനന്തപുരത്ത് ലീഗിന്റെ നിയമസഭാ കക്ഷിയോഗം ചേരും. തുടർന്ന് മന്ത്രിമാരെ പ്രഖ്യാപിച്ചേക്കും. പാണക്കാട് വച്ചാണ് മന്ത്രിമാരെ സാധാരണ പ്രഖ്യാപിക്കാറുള്ളതെങ്കിലും ഇക്കുറി പതിവ് തെറ്റിയേക്കും.
ഘടകകക്ഷികളുടെ
വകുപ്പുകളും
മാറിയേക്കും
തിരുവനന്തപുരം: 2011-16 ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് യു.ഡി.എഫിലെ
ഘടകകക്ഷികൾ കൈവശം വച്ചിരുന്ന അതേ വകുപ്പുകൾ ഇക്കുറി അവർക്ക് ലഭിക്കണമെന്നില്ല. നേരത്തെ ഉണ്ടായിരുന്ന പല കക്ഷികളും ഇപ്പോൾ യു.ഡി.എഫിന്റെ ഭാഗവുമല്ല.
വിദ്യാഭ്യാസ വകുപ്പ് ദീർഘകാലം ഭരിച്ചിരുന്നത് മുസ്ലീം ലീഗാണ്. ഇത്തവണ അത് അവർക്കു നൽകുമോ എന്നതിൽ വ്യക്തതയില്ല. ഉമ്മൻചാണ്ടി സർക്കാരിൽ തൊഴിൽ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ഷിബു ബേബിജോണാണ്. ഇക്കുറി ടൂറിസം പോലുള്ള ഏതെങ്കിലും വകുപ്പാണ് അവരുടെ മനസിൽ . ഇന്നു രാവിലെ ചേരുന്ന സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടേണ്ട സീറ്റ് ഏതെന്നു തീരുമാനിക്കും.
കേരള കോൺഗ്രസ് (ജേക്കബ്) മന്ത്രിയായിരുന്ന അനൂപ് ജേക്കബ് നേരത്തെ ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്. ഇത്തവണ അതേ വകുപ്പ് നൽകണമെന്നില്ല. എങ്കിലും മറ്റേതെങ്കിലും കക്ഷി അവകാശവാദം ഉന്നയിക്കാതിരുന്നാൽഹ അതു തന്നെ കിട്ടിയേക്കാം.വ്യവസായ വകുപ്പ്മുസ്ലീം ലീഗ് ദീർഘകാലം കൈകാര്യം ചെയ്തിട്ടുള്ളതാണ്. പുതിയ സർക്കാരിൽ അതിൽ മാറ്റം
വരുമോയെന്നു വ്യക്തമല്ല.
അഡ്വക്കേറ്റ് ജനറൽ, പ്രോസിക്യൂഷൻ ഡയറക്ടർ
നിയമനം ആദ്യ മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: പുതിയ അഡ്വക്കേറ്റ് ജനറൽ, ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ തുടങ്ങിയ നിയമനങ്ങൾ ആദ്യ മന്ത്രിസഭാ യോഗത്തിലുണ്ടായേക്കും. അഡ്വക്കേറ്റ് ജനറലായി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരായ ജോർജ് പൂന്തോട്ടം, ജാജു ബാബു, ടി.എ.ആസഫലി എന്നിവരാണ് പരിഗണനയിലുള്ളത്. പത്ത് വർഷമായി ഇടത് സർക്കാരിനെതിരെ ഹൈക്കോടതിയിൽ നിയമ പോരാട്ടം നടത്തുന്നതിന് മുന്നിലുണ്ടായിരുന്നത് ജോർജ് പൂന്തോട്ടവും മുൻ ഡി.ജി.പി ആസഫലിയുമായിരുന്നു.
തന്ത്രപ്രധാനമായ പദവിയിലേക്ക് മുഖ്യമന്ത്രിയുടെ വിശ്വസ്തരെയാണ് നിയമിക്കുക. അഡ്വ.ആസഫലി ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പ്രോസിക്യൂഷൻ ഡയറക്ടറായിരുന്നു. വി.ഡി.സതീശന്റെയും രമേശ് ചെന്നിത്തലയുടെയും നിരവധി കേസുകൾ ഹൈക്കോടതിയിൽ നടത്തിയിരുന്നത് ജോർജ് പൂന്തോട്ടമാണ്. ജാജു ബാബു 2009 മുതൽ ഗവർണറുടെ ഹൈക്കോടതിയിലെ സ്റ്റാൻഡിംഗ് കൗൺസിൽ ആയിരുന്നു. പിന്നീട് ആരിഫ് മുഹമ്മദ് ഖാനുമായി ഉടക്കി സ്ഥാനമൊഴിഞ്ഞു. അഡീഷണൽ അഡ്വക്കേറ്റ് ജനറൽമാരുടെ രണ്ട് തസ്തികളാണുള്ളത്. ഇതിൽ ഒന്ന് മുസ്ലിം ലീഗിനും രണ്ടാമത്തേത് കേരള കോൺഗ്രസിനുമായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ മുസ്ലിം ലീഗ് പ്രതിനിധി അഡ്വ.മുഹമ്മദ്ഷാ അഡീഷണൽ അഡ്വക്കേറ്റ് ജനറലായി വീണ്ടും നിയമിക്കപ്പെട്ടേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |